കുറച്ചുകൂടി കഴിഞ്ഞാൽ കുട്ടികളെല്ലാവരും ക്ലാസ്സ് കഴിഞ്ഞു വരും.. അതിനുമുമ്പേ പൂർത്തിയാക്കണം.. ക്ലാസ്സ് കഴിഞ്ഞു വന്ന അതേ യൂണിഫോമിൽ രണ്ടു മൂലയിലിരുന്നുകൊണ്ട് ഞങ്ങൾ എഴുതാൻ ആരംഭിച്ചു.. പുറത്തു ശക്തിയായ ഇടിയോടു കൂടിയ മഴ ആരംഭിച്ചു.. മഴചാറ്റലുകൾ ഏറ്റുകൊണ്ട് അവിടെയിരിക്കാൻ ഒരു പ്രത്യേക അനുഭൂതി തോന്നി. എഴുതുന്നതിനിടയിൽ അവളെയൊന്നു നോക്കിയപ്പോൾ പേന വായിൽ തട്ടിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് ചിന്തിക്കുകയാണ്. എനിക്കും ചിരിവരുന്നുണ്ട്..
അരമണിക്കൂറിനു ശേഷം എഴുതി കഴിഞ്ഞപ്പോൾ കറക്റ്റ് സമയത്തു യൂണിഫോം മാറ്റി കുട്ടിപ്പാട്ടാളം എത്തിയിരുന്നു.. അവരെയൊക്കെ ഒരു വിധത്തിൽ പറഞ്ഞയച്ചു ഞങ്ങൾ കത്തുകൾ വായിക്കാൻ തുടങ്ങി..
“”ആദ്യം നീ വായിക്ക് “” അവളെഴുതിയ കത്ത് പുറകോട്ട് പിടിച്ചവൾ പറഞ്ഞു..
സമ്മതം മൂളിക്കൊണ്ട് ഞാനെന്റെ കത്ത് നിവർത്തിപിടിച്ചു..
“”എടീ എങ്ങനെ പറഞ്ഞു തുടങ്ങണമെന്നെനിക്കറിയില്ല. എന്നാലും ഞാനിപ്പോൾ പറയുന്നത് നിനക്കിഷ്ടപ്പെട്ടില്ലെങ്കിൽ ഇപ്പോഴേ നീയത് മറന്നേക്കണം.. നീ എന്റെ പാതിയായി വന്നില്ലെങ്കിലും നിന്റെ മാനസ്സിൽ ഒരു വെറുക്കപെട്ടവനായി ഞാനുണ്ടാവരുത്.. നിന്നെ ആരെങ്കിലും ഇതിനുമുൻപ് ഇത്രമേൽ പ്രണയിച്ചിട്ടുണ്ടെന്നെനിക്കറിയില്ല. പക്ഷെ ഒന്നെനിക്കുറപ്പാണ്… ഞാനല്ലാതെ ഒരാളും നിന്നെയിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല.. കാരണം അത്രമേൽ നീയെന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്..എന്റെ പ്രണയം നീയാണ്.. നീ മാത്രമാണ്.. പെണ്ണെ “”