പോകുന്ന വഴിക്കു മിയ ഒന്നും സംസാരിക്കുന്നില്ല. ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ എന്നോട് പ്ലീസ് പറഞ്ഞു എന്റെ വായ അടപ്പിച്ചു. കുറച്ചപ്പുറത്തുള്ള ഒരു വലിയ ബിൽഡിങ്ങിന്റെ ആറാമത്തെ ഫ്ലോറിൽ ആണ് റൂം. ലിഫ്റ്റിൽ വച്ചു ഞാനും അവളും ഒറ്റക്കായിട്ടും എനിക്കൊന്നു മിണ്ടാൻ സാധിച്ചില്ല. അവൾ കൈ കെട്ടി താഴോട്ട് നോക്കി നിന്നു. ഫ്ലാറ്റിലെ വിശാലമായ ഒരു റൂമിൽ ഞങ്ങൾ കയറി. റൂമൊക്കെ ഇഷ്ടപ്പെട്ടു.
പെട്ടെന്നു മിയ പോയി റൂമിന്റെ വാതിൽ അടച്ചു. എന്നിട്ട് അതിൽ ചാരി നിന്നു. അവളുടെ പ്രവർത്തി കണ്ടു ഞാൻ അന്തം വിട്ടു.
“”ഇനി പറ എന്താണ് നിനക്ക് പറയാനുള്ളത്. പെട്ടെന്ന് വേണം. എല്ലാം ഇവിടെ വച്ചു പറഞ്ഞു തീർക്കണം. ഇനി അതും ഇതും പറയാനുണ്ടെന്ന് പറഞ്ഞു എന്റെ പിന്നാലെ നടക്കരുത് “” വളരെ തന്റേടത്തോടെ അവളതു പറഞ്ഞു.
ഇത്രെയും കാലം എന്റെ പെണ്ണായി നിന്നവൾ തന്നെയാണോ ഇത് എന്ന് ഞാൻ ചിന്തിച്ചു.
“”എടീ നീ മനസിലാക്കിയതല്ല കാര്യങ്ങൾ.. അത് പറയാൻ എത്ര പ്രാവിശ്യം ഞാൻ നിന്നോട് കെഞ്ചി “” അതും പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖം കടുന്നൽ കുത്തിയത് പോലെയുണ്ടായിരുന്നു.
“”മിയ എന്ന് വിളിച്ചാൽ മതി “”
അവളുടെ വാക്കുകൾ എന്നെ നിശബ്ധനാക്കി. എങ്കിലും ഞാൻ തുടർന്ന്..
“”മിയ നിങ്ങളോട് രണ്ടുപേരോടും പ്രത്യേകിച്ച് ഒരു വികാരവും ഇല്ലായിരുന്നു. നല്ലൊരു കൂട്ടുകെട്ട് അത് മാത്രമായിരുന്നു എന്റെ മനസ്സിൽ. നിങ്ങളെ സഹായിക്കുമ്പോഴും നിങ്ങളെന്നെ സഹായിക്കുമ്പോഴും ജീവിതത്തിൽ ആദ്യമായി ഫ്രണ്ട്ഷിപ് എന്താണെന്നു ഞാൻ മനസിലാക്കുകയായിരുന്നു. നിന്നെയും അവളെയും എനിക്കൊരുപാട് ഇഷ്ടമായിരുന്നു.. പക്ഷെ അന്ന് നീ എന്നെ ഇഷ്ടമാണെന്നു പറഞ്ഞ ദിവസം നീ പറയുന്നതിന് തൊട്ടു മുൻപ് അവളും എന്നോട് ഇഷ്ടമാണെന്നു പറഞ്ഞു. എന്ത് പറയണമെന്നറിയായതെ ഞാൻ കുഴങ്ങി.. എന്റെ സമനില തെറ്റിയ ദിവസമായിരുന്നു അന്ന്. ആരോടെങ്കിലും പറഞ്ഞാൽ ഈ കൂട്ടുകെട്ട് തകർന്നു പോകുമോയെന്ന ഭയം നിങ്ങളോട് ആരോടെങ്കിലും തുറന്നു പറയുന്നതിൽ നിന്നും എന്നെ തടഞ്ഞു. നിനക്കറിയാമല്ലോ നിന്നോട് ഞാൻ എന്നെകിലും മോശമായി പെരുമാറിയിട്ടുണ്ടോ.. ഒരു വാക്കുകൊണ്ടെങ്കിലും? അവളെ ഇഷ്ടപെടുന്നത് പോലെ നിന്നെയും എനിക്കിഷ്ടമാണ്.. ഞാൻ അനുഭവിച്ച അവസ്ഥ നിനക്ക് പറഞ്ഞാൽ മനസിലാവില്ല.. സത്യത്തിൽ തുറന്നു പറയാൻ ഞാൻ ഒരുപാട് ഭയന്നു. അതെന്റെ തെറ്റാണ്.. പക്ഷെ നീ ഈ മിണ്ടാതിതിക്കുമ്പോൾ ഉണ്ടല്ലോ എന്റെ നെഞ്ച് തകരുന്നത് പോലെയാണ് “” പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ ഞാൻ കരഞ്ഞുപോയി..