തിരിഞ്ഞാൽ അടിയുറപ്പായതിനാൽ ഞാൻ പിന്നെയാ കൈവിട്ടില്ല…
എത്ര കുതറിയിട്ടും രക്ഷയില്ലാതായതോടെ മീനാക്ഷി ഞാൻ പിടിച്ചുഞെരിച്ചതിന്റെ വേദനയും സഹിച്ചുതന്നെനിന്നു…
പിന്നെ പതിയെയടങ്ങി…
ഓരോന്നൊക്കെ പറഞ്ഞുപറഞ്ഞ് ഞാനത് മറപ്പിച്ചു എന്നുപറയുന്നതാവും ശെരി…
എന്തായാലും പിന്നെ ഞങ്ങൾ രണ്ടുംകൂടി ആ പിള്ളേരിൽമാത്രമാക്കി ശ്രദ്ധ…
അവൻ അവൾക്കെതിരെയുള്ള ഫ്ലാറ്റിൽനിന്ന് കണ്ണും കലാശവുമൊക്കെ കാണിക്കുന്നുണ്ട്…
അവളാകട്ടെ ഒരുചിരിയോ നോട്ടമോ കണ്ണിറുക്കലോ മാത്രം… അതും വ്യക്തമല്ല…
എന്നിട്ടും യാതൊരു ബോറടിയുമില്ലാതെയാണ് അവൻ തന്റെ ജോലിതുടരുന്നത്….
എന്തായാലും അരമുക്കാമണിക്കൂറുകൊണ്ട് അവനവളുടെ വാട്‌സ്ആപ്പ്നമ്പർ വരെ വാങ്ങിച്ചത് സ്ഥലത്തെ ആഗോളകോഴിയായിരുന്ന എന്നെപ്പോലും ഞെട്ടിച്ചുകളഞ്ഞു…
ആദ്യം തരില്ലെന്നഭവത്തിലൊക്കെ നിന്ന അവളെയവൻ കൈവിരലിൽ ഓരോ ആക്കങ്ങൾ കാണിയ്ക്കാൻ തുടങ്ങിയതോടെ അവൾ ശെരി വെയ്ക്കുകയായിരുന്നു…
അവൻ തെറ്റായനമ്പർ കാണിക്കുമ്പോൾ അവൾ തലവെട്ടിക്കുകയും ശെരിയായത് കാണിക്കുമ്പോൾ ഒന്ന് ചിരിക്കുകയും ചെയ്തു…
ഓരോ അക്കത്തിനും ഒന്നുമുതൽ ഒമ്പതുവരെയുള്ള സംഖ്യകൾ കൈവിരലിൽ കാണിച്ചു നമ്പർ മേടിയ്ക്കാൻ അവൻകാണിച്ച ക്ഷമ, അത് ലോകത്തിനുതന്നെ മാതൃകയാണ്…
എന്തായാലും പത്തക്കവും മേടിച്ചുകഴിഞ്ഞതോടെ അവൻ തമ്പ്സ്അപ്പ് കാണിച്ച് ഓക്കേസിഗ്നൽ വെച്ചപ്പോഴേക്കും അവരെ അത്രയുംനേരം നോക്കിനിന്ന ഞങ്ങളും അറിയാതെയൊന്നു ദീർഘനിശ്വാസം വിട്ടുപോയി…
അത്രയുംനേരം ഒരു വാക്കുപോലും മിണ്ടാതെ സ്വയംമറന്ന് അവരെത്തന്നെ നോക്കിനിന്ന ഞങ്ങള് അവൻ ഓക്കേപറഞ്ഞതോടെ തമ്മിലൊന്നുനോക്കി…