“ഇല്ല അച്ഛാ, ഇത് തന്നെയാ വീട്. എനിക്ക് മാറീട്ടൊന്നുമില്ല. അവരൊക്കെ എവിടെപ്പോയോ ആവോ..”
നിള മൊബൈൽ ഫ്ലാഷ് ഓൺ ചെയ്തു ചുറ്റുമൊന്ന് വെട്ടമടിച്ചു കണ്ണോടിച്ചുകൊണ്ട് അത് തന്നെയാ വീടെന്നുറപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഹ്മ്മ്, നീയൊന്ന് വിളിച്ചു നോക്ക്.”
രാജശേഖരൻ വീണ്ടും പറഞ്ഞു.
“ആ നോക്കാം.”
അവൾ വേഗം ഫോണെടുത്ത് നിമിഷയെ വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൾ കാളെടുത്തു.
“നിമിഷേ, നീ എവിടെയാ??”
“എടാ, സോറി.. ഞാൻ ടൗണിലാ, അച്ഛനെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ വന്നതാ. നീ എത്തിയോ?”
“ആഹ്, അപ്പൊ ഓർമ്മ ഉണ്ടല്ലേ..”
“ഉണ്ടെടാ.”
“എന്താ വീട്ടിൽ വെട്ടമൊന്നും ഇല്ലാത്തത്?”
“എടാ, അത് ഒരു മാസമായി അതാ അവസ്ഥ. എന്തോ വയറിംഗ് പ്രോബ്ലമാ. എന്ത് ചെയ്തിട്ടും ശരിയാവുന്നില്ല. കുറെ വയറിങ്ങുകാരെ കാണിച്ചു. ഒന്നുമങ്ങ് സെറ്റായില്ല. അതുകൊണ്ട് ഞങ്ങൾ വീട് മാറാമെന്ന് വെച്ചു.”
“അയ്യോ! അപ്പൊ ഇവിടെ ഇപ്പൊ ആരും താമസമില്ലേ??”
നിളയുടെ ചങ്കിടിച്ചു.
“ഉണ്ട്! ഞാൻ പറയാം, അതല്ലേ മോളെ ഇപ്പോളത്തെ പ്രോബ്ലം. ഇന്ന് രാവിലെ തന്നെ വീട് മാറാൻ എല്ലാം സാധനവും പാക്ക് ചെയ്തു വച്ചതാ. പെട്ടെന്നാ അച്ഛന് ബി.പി കൂടിയേ.. ഉടനെ തന്നെ ഹോസ്പിറ്റലിൽ വരേണ്ടി വന്നു. ആ തിരക്കിനിടയിൽ നീ വരുന്ന കാര്യവും ഓർത്തില്ല, സോറി മുത്തേ..”
“ഹ്മ്മ്, അതൊന്നും സാരമില്ലടാ. പുതിയ വീട് എവിടാ?”
“അതൊരു മൂന്ന് കിലോമീറ്റർ ദൂരമുണ്ട് അവിടുന്ന്. അങ്ങോട്ട് പോയി വീട് ഒന്ന് ക്ലീൻ ചെയ്തു പോലുമില്ല. കോപ്പ്! സത്യം പറഞ്ഞാൽ, ഹോസ്പിറ്റലിൽ വന്നതുകൊണ്ട് എന്റെ ഇന്നത്തെ എല്ലാ പ്ലാനും പൊളിഞ്ഞു ടാ..”