രാവിലെ അടുക്കളയിലേക്ക് കയറിയതും മായയുടെ നെറ്റി ചുളിഞ്ഞു. പാത്രങ്ങൾ എല്ലാം തന്നെ ആകെ അലങ്കോലമായി ഇട്ടിട്ടുണ്ട്. മിക്കതും കാലി ആയിരുന്നു. ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങൾ ഒന്നും തന്നെ കാണാൻ ഉണ്ടായിരുന്നില്ല. ഒരു പാത്രത്തിൽ കുറച്ചു കഞ്ഞി ഇരിപ്പുണ്ട്. ഇത്തിരി അച്ചാറും. അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഇട്ട് വയ്ക്കുന്ന പാത്രങ്ങളും മിക്കതും ശൂന്യമായിരുന്നു. അവൾ കഞ്ഞി കുറച്ച് എടുത്തൊന്ന് മണത്ത് നോക്കി. വളിച്ചിട്ടുണ്ട്. രാത്രി കഴിക്കാനെടുത്ത് വച്ചിട്ട് മറന്നതാണെന്ന് തോന്നുന്നു. ഇനി കാലത്തേക്ക് പുതിയത് ഉണ്ടാക്കണം.
രാവിലെ അടുക്കളയിൽ എന്തൊക്കെയോ തട്ടും മുട്ടും കേട്ടാണ് കണ്ണൻ ഉണരുന്നത്. ഇന്നലെ മായ വന്നിരുന്ന കാര്യം പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞില്ല. ആരായിരിക്കും എന്ന സംശയത്തോടെ വേഗം അടുക്കള ഭാഗത്തേക്ക് നടന്നു. വാതിലിന്റെ അടുത്തേക്ക് എത്തിയപ്പോഴേ കണ്ടത് പാത്രത്തിൽ നിന്നും ഇഡ്ഡലി എടുത്തിട്ട് അതിലേക്ക് വെള്ളം തളിക്കുന്ന മായയെയാണ്. അവളെ കണ്ടതും തലേന്നത്തെ കാര്യമൊക്കെ ചെറുതായി ഓർമ്മയിൽ തെളിഞ്ഞു. ചെറിയൊരു നാണക്കേടും പിടികൂടി. എന്തൊക്കെയാണ് മായേച്ചിയെ താൻ പറഞ്ഞത്! ഇനി എന്താണ് പറയാൻ ബാക്കി?! അതും പ്രായവും, പണ്ടത്തെ കൂട്ടും ഒന്നും നോക്കാതെ. ശ്ശെ, വേണ്ടായിരുന്നു. ഇന്നലെ കള്ള് വല്ലാതെ തലയ്ക്ക് പിടിച്ചിരുന്നു.
കണ്ണുകൾ തമ്മിലിടഞ്ഞതും അവൾ ഒരു ചിരിയോടെ ബാക്കി ജോലി തുടർന്നു.
“ അല്ലാ, ചേച്ചി എന്തിനാ ഇതൊക്കെ ചെയ്യുന്നേ… ഇതെല്ലാം ഞാൻ ചെയ്യില്ലേ…?” അവൻ കേറിവന്ന് ചോദിച്ചു.