“ എന്നാലും… എന്നാലുമത് ശെരിയാവില്ല…” അവൻ പിന്നെയും മടിച്ചു.
“ എന്തായിത് കണ്ണാ… കുറച്ച് ദിവസത്തെ കാര്യമല്ലേ. ഞാന്‍ യാതൊരു ബുദ്ധിമുട്ടും നിനക്ക് ഉണ്ടാക്കില്ല. മൂപ്പര് ജയിലീന്ന് ഇറങ്ങിയെന്ന് അറിഞ്ഞാൽ ആരുമറിയാത്ത പിന്നാമ്പുറത്തൂടെ പൊക്കോളാം. കഷ്ടമുണ്ടൂട്ടോ.. ഞാന്‍ വിചാരിച്ചു നീയെന്നെ പറഞ്ഞു വിടില്ലെന്ന്… ശിവേട്ടന്റെ മോൻ… പിന്നെ പണ്ട് ഒരുമിച്ച് കളിച്ചുനടന്നവർ… അതാ എങ്ങോട്ടേലും മാറിനിൽക്കാൻ മിനി പറഞ്ഞപ്പോള്‍ ഇങ്ങോട്ട് തന്നെ പോരാന്‍ തോന്നിയത്.”
“ ശ്ശെ… ചേച്ചീ… അതല്ല. എന്റെ കാര്യം അറിയാമല്ലോ… എങ്ങാനും പുറത്തറിഞ്ഞാൽ ആളുകൾ അതും ഇതുമൊക്കെ പറഞ്ഞ് നിങ്ങൾക്കൂടി പേരുദോഷമാകും. സതീശേട്ടൻ അറിഞ്ഞാൽ കൊല്ലാക്കൊല ചെയ്യും നിങ്ങളെ…”
“ പിന്നേ… രണ്ട് ദിവസമായി എന്റെ കതകിന് മുട്ടുന്നവർ എന്റെ ഉടുതുണി അഴിക്കുന്നതിനേക്കാൾ വലുതല്ലല്ലോ അങ്ങേരുടെ കൈത്തരിപ്പ്… അതെനിക്ക് വർഷങ്ങളായി കൃത്യമായി കൊള്ളുന്നുമുണ്ട്… സത്യത്തിൽ തല്ല് കൊള്ളാത്ത ഒരിഞ്ച് പോലും ഈ ദേഹത്തില്ല കണ്ണാ…”
ചിരിച്ചുകൊണ്ട് അവളത് പറയുമ്പോള്‍ സഹതാപത്തോടെ നോക്കിനിൽക്കുന്നവനെ കണ്ടില്ലെന്ന് നടിച്ച് കാലങ്ങളായി താൻ താമസിക്കുന്ന വീട് എന്ന പോലെ അവിടെ അലക്ഷ്യമായി കിടന്നിരുന്ന തുണികൾ അവൾ മടക്കി വെക്കാൻ തുടങ്ങി.
“ ഹ്മം… എന്തായാലും ഞാനൊന്ന് കവല വരെ പോവുകയാ… ബാക്കിയൊക്കെ പിന്നീടാലോചിച്ച് തീരുമാനിക്കാം. ചേച്ചിക്കെന്തേലും വാങ്ങിക്കൊണ്ട് വരണോ… ഉച്ചയ്ക്ക് കഴിക്കാനോ മറ്റോ?”
“ വേണ്ടന്നേ.. ഇവിടെയുണ്ടാക്കാം. സാധനങ്ങൾ എഴുതിത്തന്നാൽ വാങ്ങിച്ചോണ്ട് വരുമോ?”