റൂമിൽ ഇരുന്നിട്ട് ഒരു സുഖം കിട്ടുന്നില്ല. ഞാൻ നാട്ടിലെ ചിലകൂട്ടുകാരെ വിളിച്ചു വല്ല സിനിമക്കും പോകാമെന്നു വിചാരിച്ചു. എല്ലാവരും പറഞ്ഞു മഞ്ജുമ്മൽ ബോയ്സ് നല്ല പടമാണെന്ന്. ഞാൻ അവരെ വിളിച്ചു. പക്ഷെ അവരെല്ലാം ഇന്ന് ഞായർ ആയതു കൊണ്ടുതന്നെ രാവിലെ തന്നെ മീൻ പിടിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഞാനും ഉണ്ട്. എനിക്കും ഭയങ്കര ഇഷ്ടമാണ് മീൻ പിടിക്കുന്നത്. ഞാൻ കയ്യിലുണ്ടായിരുന്ന കുറച്ചു പൈസയിൽ നിന്നും 20 രൂപ എടുത്തു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ബൈക്ക് അച്ഛൻ കൊണ്ട് പോയിരിക്കുന്നു. ഞാൻ കൂട്ടുകാരനെ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവർ മൂന്നാളും വന്നു. ഞാൻ രാജിയോട് കാര്യം പറഞ്ഞു അവരുടെ കൂടെ പോയി. അമ്മയോട് പറയാനും പറഞ്ഞു.
നേരെ അപ്പച്ചായി ചേട്ടന്റെ കടയിൽ ചെന്ന് കുറച്ചു ഈർപ്പയും കൊളുത്തും വാങ്ങി. മീൻ പിടിക്കാനുള്ള ഇരയെല്ലാം അവരുടെ കയ്യിൽ ഉണ്ടായിരുന്നു. അപച്ചായി ചേട്ടന്റെ കടയിൽ എപ്പോഴും വയസായ രണ്ടു മൂന്നു പേരുണ്ടാവും. ദീപിക പത്രം ആണ് അവിടെ വരുത്തുന്നത്. അതും വായിച്ചു കുറച്ചു രാഷ്ട്രീയ കാര്യങ്ങളും പറഞ്ഞു അവർ അവിടെ വൈകുന്നേരം വരെ ഇരിക്കും. ഞങ്ങൾ പോകാൻ കാത്തു നിൽക്കുകയാണ് ഞങ്ങളെ കുറിച്ച് എന്തെങ്കിലും പറയാൻ.
ഞങ്ങൾ നേരെ പുഴയിലേക്ക് പോയി. വലിയ പുഴുയൊന്നുമല്ല. എന്നാൽ ചെറുതുമല്ല. സൈഡിലെ പൊന്തകാടുകൾ താണ്ടി നടന്നപ്പോൾ കുറച്ചു സ്ത്രീകൾ അവിടെ കുളിക്കുന്നുണ്ടായിരുന്നു. രാവിലെ നല്ല തണുപ്പുള്ള വെള്ളത്തിൽ മുലകച്ചയും കെട്ടി അലക്കുകയും കുളിക്കുകയും ചെയ്യുന്നു. നാട്ടിൻ പ്രദേശങ്ങളിലെ സ്ഥിരം കാഴ്ച്ച. വല്ലാതെ നോക്കിനിന്നാൽ പണിയാവുമെന്ന് അറിയാവുന്നത് കൊണ്ട്. ഞങ്ങൾ മെല്ലെ അവിടെ നിന്നും പോയി. ഒരു ഒഴിഞ്ഞ ആഴമുള്ള സ്ഥലത്ത് ഇരുന്നു. അവർ എനിക്ക് ചൂണ്ട കെട്ടിത്തന്നു. എനിക്കിതൊന്നും അറിയില്ല. ഒരുത്തൻ മണ്ണിര കോർത്തു തന്നു. അത് കണ്ടപ്പോൾ തന്നെ ശരീരത്തിൽ ഒരു കുളിരു കേറി. എനിക്ക് ഭയങ്കര അറപ്പാണ്. മറ്റൊരുത്തൻ കോഴിയുടെ കുടൽ വേസ്റ്റ് ഇടുന്നു. ഒരുത്തൻ മണ്ണിര മുറിച്ചു വേസ്റ്റ് ആക്കാതെ ചൂണ്ടയിൽ കോർക്കുന്നു. എന്തൊരു ശ്രദ്ധ. ഞാൻ അവനെ നോക്കി പറഞ്ഞു ചിരിച്ചു. സമയം 2 മണി. കൊണ്ട് വന്ന തീറ്റകളെല്ലാം മീനുകൾക്ക് വയറു നിറച്ചു കൊടുത്തു. പക്ഷെ ഒരു തുള്ളി മീൻ പോലും കിട്ടിയില്ല. നിരാശയോടെ ഞങ്ങൾ മടങ്ങി. എന്റെ ചൂണ്ട അവർക്കു കൊടുത്തു. നല്ല വെയിൽ കൂടെ വിശപ്പും. വീട്ടിലെത്തി കൈ കാലുകൾ കഴുകി. അമ്മ ഭക്ഷണം വിളമ്പി തന്നു. മീൻ കിട്ടാത്തതിന് രാജിയും അമ്മയും കളിയാക്കി. അച്ഛന്റെ കൂർക്കം വലി അകത്തു നിന്നും കേൾക്കാം.