എല്ലാം കഴിഞ്ഞു ഞാൻ പന്തലിലേക്കും ബാക്കി പണികളിലേക്കും മുഴുകി. കുട്ടേട്ടൻ അപ്പോഴും പന്തലിൽ ഓടി നടക്കുന്നത് കാണാം പാവം. ബാക്കി എല്ലാവരും മാമന്റെ വീട്ടിലേക്കു നടന്നു. മാമിയെ വിളക്കെടുത്തു മാമന്റെ വീട്ടിലേക്കു കയറ്റാൻ.
സന്ധ്യ ആയി തുടങ്ങി. എല്ലാവരും പോയി കുട്ടേട്ടൻ അപ്പോഴും പന്തലഴിക്കുന്നവരുടെ കൂട്ടത്തിലാണ്. അവർക്കു നാളെ ഒരു കല്ല്യാണം ഉണ്ട് അതാണ് ഇന്ന് തന്നെ അഴിക്കുന്നത്. ഞാൻ പതിയെ റൂമിലേക്ക് പോയി. അമ്മയും അച്ഛനും എല്ലാവരും ഹാളിൽ ഓരോന്ന് ചെയ്യുന്നുണ്ട്. അനിയത്തി അപ്പുറത്ത് മൊബൈലിൽ കളിക്കുന്നു. എന്റെ റൂം ആകെ അലങ്കോലമായി കിടക്കുന്നു.
കട്ടിലിൽ നിന്നും എല്ലാം വലിച്ചു വാരി താഴെ ഇട്ടു. ഞാൻ ബെഡിലേക്ക് കിടന്നു. ഫോൺ എടുത്തു ചാർജ് ചെയ്തു കൊണ്ട് വാട്സ്ആപ്പ് നോക്കി. കുറെ മെസ്സേജുകൾ ഒന്നും ഇല്ല. അല്ലെങ്കിലും പ്ലസ് ടു കാരനായ എനിക്ക് കൂടുതൽ എന്ത് മെസ്സേജ് വരാൻ. പക്ഷെ രേഷ്മയുടെ മെസ്സേജ് ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞു ക്ഷീണിച്ചോ എന്നായിരുന്നു. സത്യം പറഞ്ഞാൽ അവൾ കല്യാണത്തിന് വന്നില്ലാലോ എന്ന് അപ്പോഴാണ് ഞാൻ ആലോചിച്ചേ. അവൾ വരേണ്ടതാണല്ലോ വേഗം അവൾക്കു റിപ്ലൈ നൽകി.
ആടീ നല്ല ക്ഷീണം. അല്ല നീയെന്താ ഇന്ന് വരാഞ്ഞേ. അവൾ മെസ്സേജ് കണ്ടിട്ടില്ല. അപ്പോഴേക്കും അമ്മ വന്ന് എന്തെങ്കിലും കഴിച്ചു കിടക്കാൻ പറഞ്ഞു. വിശപ്പിന്റെ വിളി അപ്പോഴാണ് ഞാനും അറിഞ്ഞത്. ഉച്ചക്കത്തെ സാമ്പാറും ചോറും പപ്പടവും കൂട്ടി ഇത്തിരി പായസവും അടിച്ചു വീണ്ടും റൂമിൽ വന്ന് കിടന്നു. രേഷ്മയുടെ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു.