സത്യമറിയുന്നവർ അയാളെ ആട്ടി. സ്ത്രീധനം കൊടുക്കാൻ തയാറല്ലാത്തത് കൊണ്ട് അയാൾ പെങ്ങൻമാർക്ക് കല്യാണ ആലോചനകളൊന്നും നടത്തിയതുമില്ല . പെണ്ണ് അന്വേഷിച്ച് വന്നവരെ തരാനൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചുകൊണ്ടിരുന്നു.പിന്നെ പിന്നെ പിന്നെ ആരും വരാതെയായി.അനിയത്തിമാർ രണ്ടുപേരും നാട്ടിൽ ഇല്ലാത്തതു അയാൾക്കും ഭാര്യക്കും സൗകര്യവുമായി .
അമ്മയ്ക്കും ചേച്ചിക്കും വീട് പണ്ടേ ഒരു നരകം ആയതിനാൽ ക്രിസ്മസിനോ ഈസ്റ്ററിനോ എന്തിന് അവധി ദിനങ്ങളിൽ പോലും വീട്ടിലേക്ക് അവർ പോകാറില്ലായിരുന്നു . അവർ നാടിനെയും നാട് അവരെയും മറന്നു. ഇതിനിടയിൽ എല്ലാം അറിഞ്ഞു കൊണ്ടുതന്നെ ഹെൽത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ചേച്ചിയെ പത്തു പൈസ സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ചു .
വിവാഹ സൽക്കാരത്തിന് ചേട്ടനും ഭാര്യയും അവരുടെ രണ്ട് മക്കളും വന്ന് ഭക്ഷണം കഴിച്ച് പെങ്ങളെ കല്യാണം കഴിച്ച മനുഷ്യന് ഒരു ഷെയ്ക്ക് ഹാൻ്റും കൊടുത്തു തിരിച്ചുപോയി. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം അന്നത്തോടെ അവസാനിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ അമ്മ പഠിച്ചിറങ്ങി ചേച്ചിയുടെ നിർദ്ദേശപ്രകാരം സർക്കാർ ഉദ്യോഗത്തിന് അപേക്ഷിച്ചു ഭാഗ്യം കൊണ്ട് അമ്മയ്ക്ക് ജോലിയും ലഭിച്ചു .ആദ്യ നിയമനം വടക്കൻ കേരളത്തിലെ ഒരു ചെറുപട്ടണത്തിലായിരുന്നു.
അവിടത്തെ ഗവൺമെൻ്റ് ആശുപത്രിയിലെ നഴ്സ്സായി അമ്മ നിയമിക്കപ്പെട്ടു. അങ്ങിനെ പ്രമീള കുര്യൻ സിസ്റ്റർ പ്രമീളആയി . ഇവിടേക്ക് വരുമ്പോൾ അമ്മക്ക് പ്രായം വെറും പത്തൊമ്പതോ ഇരുപതോ മാത്രം. അക്കാലത്ത് വടക്കൻ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ 90 ശതമാനം ജോലിക്കാരും തെക്കൻ കേരളത്തിൽ നിന്നുള്ളവരായിരുന്നു.