ഇതിനിടയിൽ പുള്ളിക്കാരൻ വിവാഹിതനായി.സഹോദരിമാരെ വിവാഹം കഴിച്ചയക്കാൻ പോലും അദ്ദേഹം മുതിർന്നില്ല . അമ്മയുടെ ചേച്ചി പത്താം ക്ലാസ്സ് പാസ്സായതോടെ സഹോദരൻ്റെ നിറം മാറി .കൂടുതൽ പഠിപ്പിക്കാനൊന്നും പറ്റില്ലെന്നും വല്ല ജോലിക്കും പോയി പത്തുകാശ് സമ്പാദിച്ചാൽ അവനവന് കൊള്ളാമെന്നും തന്നെ കൊണ്ട് നിങ്ങളെയൊന്നും കാലാകാലം തീറ്റിപ്പോറ്റാനൊന്നും കഴിയില്ലെന്നും അദ്ദേഹം നിരന്തരം പറഞ്ഞു തുടങ്ങി .കൂടെ ഭാര്യയും . അതോടുകൂടി സഹോദരിമാർ വീട്ടിൽ തികച്ചും അധികപറ്റായി .
മോഹിച്ച ബിരുദ പഠനവും ജീവിതവും നടക്കില്ലെന്ന് തിരിച്ചറിഞ്ഞ അമ്മയുടെ ചേച്ചി ഒരു ബന്ധുവിൻ്റെ സഹായത്താൽ കോട്ടയത്ത് നഴ്സിംഗ് കോഴ്സിന് ചേർന്നു. ഫീസ് അടയ്ക്കേണ്ട സമയമൊക്കെകഴിഞ്ഞ് ഒന്നും രണ്ടും ആഴ്ചകൾക്ക് ശേഷം ഇനി ക്ലാസ്സിൽ കയറ്റില്ലെന്ന് പറയുമ്പോഴാണ് ജേഷ്ഠൻ വന്നു ഫീസ് അടയ്ക്കുക .
പലപ്പോഴും കൂട്ടുകാരികൾ പിരിവ് നടത്തി ഫീസ് അടയ്ക്കാറുണ്ടായിരുന്നു. അങ്ങിനെ ഒരു വിധം പഠനം പൂർത്തിയാക്കി ഇറങ്ങിയ അവർക്ക് എറണാകുളത്ത് ജോലിയും ലഭിച്ചു. ഒടുവിൽ വീട് എന്ന നരകത്തിൽ നിന്ന് അമ്മയുടെ ചേച്ചി രക്ഷപ്പെട്ടു. ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മയും പത്താം ക്ലാസ്സ് പാസ്സായി.
ചേച്ചി തന്നെ അനിയത്തിയെ നഴ്സിംങിനയച്ചു. പത്ത് പൈസക്ക് പോലും അതിനായി ആങ്ങളയുടെ മുന്നിൽ ഇരുവരും കൈനീട്ടിയില്ല .സഹോദരിമാർ ഒരു ബാദ്ധ്യതയാവാതെ സ്വയം മാറി തന്നത് അയാൾക്ക് വളരെ സൗകര്യമായി. സഹോദരിമാരെ പറ്റി ചോദിക്കുന്ന ബന്ധുക്കളോടും നാട്ടുകാരോടും അയാൾ അവരെ കുറ്റപ്പെടുത്തി സംസാരിച്ചു.തനിക്ക് പുല്ലുവില തന്ന് രണ്ടുപേരും ഇറങ്ങിപ്പോയെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു നടന്നു .