‘3 മിസ്സ്ഡ് കോൾസ് ഫ്രം ഗായു❤️’
അനുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗായത്രി അഥവാ ഗായു. കോളേജ് ഇല്ലാത്ത വിവരം അറിഞ്ഞോ എന്ന് ചോദിക്കാൻ വിളിച്ചതാവണം. സാധാരണ കോളേജ് അവധി വരുന്ന ദിവസങ്ങളിൽ ഇവരുടെ ഒരു ഗാങ് എവിടെങ്കിലും ഒക്കെ കറങ്ങാൻ പോവാറാണ് പതിവ്. അതിനും കൂടി ആകണം ഈ കോളുകൾ. പക്ഷെ തിരിച്ചു വിളിച്ചു സംസാരിക്കാൻ ഉള്ള ഒരു മനസ് അനുവിന് ഇല്ലായിരുന്നു. അവൾ നേരെ കട്ടിലിലേക്ക് ചെന്ന് കിടന്നു.
മനസ്സിൽ വീണ്ടും എന്തൊക്കെയോ തികട്ടി വരുന്നുണ്ട്. താഴെ അനി വണ്ടി സ്റ്റാർട്ട് ആക്കുന്ന ഒച്ച കേൾക്കുന്നുണ്ട്. അനു മുറിക്ക് പുറത്തിറങ്ങി താഴേയ്ക്ക് നോക്കി. ഹാളിൽ അച്ഛൻ ഇരിക്കുന്നുണ്ട്. അമ്മയോട് സംസാരിക്കുന്നു. കുട്ടൻ ഫോണും നോക്കി ഇരിക്കുന്നു. അനുവിന് അമ്മയെക്കാളും ഒരു പൊടിക്ക് ഇഷ്ടക്കൂടുതൽ അച്ഛനോടാണ്.
അത് പിന്നെ ആൺമക്കൾക്ക് അമ്മയോടും, പെണ്മക്കൾക്ക് അച്ഛനോടും എന്നാണല്ലോ. അവൾ നേരെ താഴേയ്ക്ക് ചെന്നു. അമ്മയ്ക്കും അച്ഛന്റേം ഇടയിലേക്ക് ഇടിച്ചുകേറി ഇരുന്നു. അച്ഛനെയും കെട്ടിപ്പിടിച്ച് അവൾ ടീവിയും കണ്ട് ഇരുന്നു. വേണുവിനും രേവതിക്കും ഒക്കെ ഇത് സ്ഥിരം കാഴ്ച്ച തന്നെയാണ്.
“അമ്മേ.. അനിയേട്ടൻ എങ്ങോട്ടാ പോയെ..”
അനു രേവതിയോട് ചോദിച്ചു.
“ഇപ്പോൾ വരാന്ന് പറഞ്ഞു പോയതാ മോളെ… ഏട്ടാ അല്ലേലും അവനിത്തിരി കറക്കം ഈ ഇട ആയിട്ട് കൂടി വരുന്നുണ്ട്. ഒന്ന് ശ്രദ്ധിക്കണം”
രേവതി വേണുവിനെ നോക്കി പറഞ്ഞു.
വേണു മറുപടി ഒന്നും പറയാതെ ടീവിയിൽ തന്നെ നോക്കിയിരുന്നു.
കുട്ടൻ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ഇരിപ്പുണ്ട്.
രാത്രി 9.15
മേശയ്ക്ക് ചുറ്റും എല്ലാവരും ഇരിക്കുന്നുണ്ട്. രാവിലെ ഭക്ഷണം പല നേരങ്ങളിൽ ആണെങ്കിലും രാത്രിയിലേത് എല്ലാവരും ഒരുമിച്ച് വേണമെന്ന് വേണുവിന് നിർബന്ധം ആണ്. അതായത് കുടുംബത്തിലെ എല്ലാവരും ഒരു നേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം. അതായിരുന്നു വേണുവിന് നിർബന്ധം. അങ്ങനെ അമ്മുമ്മ ഒഴികെ എല്ലാവരും അത്താഴം കഴിക്കുന്നു. മരുന്നുള്ളതുകൊണ്ട് കഞ്ഞി കുടിച് അമ്മുമ്മ ഈ നേരം ഉറക്കമാവും.