യാതൊരു മറുപടിയും കിട്ടാതെ അനു കുളി പൂർത്തിയാക്കി. പാവാട ധരിച്ച് കുളിമുറിക്ക് പുറത്തിറങ്ങി. അരയ്ക്ക് മുകളിൽ സുന്ദരമായ നഗ്നതയോടെ അവൾ അലമാര തുറന്നു. അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങളിൽ നിന്നും ഒരു ചുമന്ന ബനിയൻ എടുത്തിട്ടു.
തലമുടി ഈറൻ മാറാൻ തോർത്തു കൊണ്ട് കെട്ടി വച്ചു. തലയിൽ രാസ്നാദി തിരുമ്മി. നെറ്റിയിൽ ഭസ്മക്കുറി വരച്ചു. നേരെ താഴേയ്ക്ക് ചെന്നു. സോഫയിൽ ഇരുന്ന് അനിയും കുട്ടനും പഞ്ചാബി ഹൗസ് കാണുന്നു. അമ്മ അടുക്കളയിലാണ്.
അമ്മുമ്മയുടെ മുറിയിൽ നിന്നും പതിഞ്ഞ സ്വരത്തിൽ നാമജപം കേൾക്കുന്നുണ്ട്. സഹോദരങ്ങൾ ആരും നോക്കാതെ കയ്യൊഴിഞ തന്റെ അമ്മയെ വേണുവിന്റെ നിർബന്ധപ്രകാരമാണ് രേവതി ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. ആ ദിവസത്തിന് ശേഷമാണ് ആ അമ്മ സ്വസ്ഥമായി ഉറങ്ങി തുടങ്ങിയത്. അനു നേരെ അടുക്കളയിലേക്ക് കയറി.
“ആ മോളെ.. നിനക്കിത് എന്ത് പറ്റിയതാ.. ഈ നേരത്ത് ഇങ്ങനെ ഒരുറക്കം പതിവില്ലാത്തത് ആണല്ലോ ”
“അറിയില്ലമേ.. ഉച്ചയ്ക്ക് ആ വെയിലത്തൊക്കെ വന്നതിന്റെ ക്ഷീണം ആവണം.. നാളെയും ക്ലാസ് ഇല്ലാന്ന് ഇപ്പൊ ദേ ഗ്രൂപ്പിൽ മെസേജ് വന്നു”
“ആണോ.. മ്മ് ശെരി ശെരി… ദേ ആറും മുന്നേ ആ ചായ എടുത്ത് കുടിക്ക്”
അനു നേരെ മുന്നിലായി അടച്ചുവച്ചിരിക്കുന്ന ചായക്കപ്പെടുത്ത് ഹാളിലേക്ക് നടന്നു.
“അനുവേയ്.. എന്തായിരുന്നു ഇന്ന് കോളേജിൽ പ്രശ്നം. വൻ അടിയൊക്കെ ആയെന്ന് അറിഞ്ഞു. ദേ ചാനലിലൊക്കെ കാണിക്കുന്നുണ്ടായിരുന്നു. നാളെ അവധിയാന്നൊക്കെ പറയുന്ന്”
അനി, അനുവിനെ നോക്കി പറഞ്ഞു.
“ആ ഏട്ടാ.. മാനേജ്മെന്റ് ആയുള്ള എന്തോ പ്രശ്നം. ക്ലാസില്ലാത്ത കാര്യം ഗ്രൂപ്പിൽ കണ്ടിരുന്നു.”
അനു യാതൊരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു. ഒരു വിധത്തിലും ഇന്ന് നടന്ന കാര്യങ്ങളൊക്കെ താൻ കണ്ടുവെന്ന് ചേട്ടന്മാർ അറിയാൻ ഇടവരരുത്. അത് അവൾക്ക് നിർബന്ധം ആയിരുന്നു. ചായ കുടി കഴിഞ്ഞ് അൽപനേരം അവിടെ ഇരുന്നിട്ട് അനു നേരെ മുറിയിലേക്ക് കയറി. ചാർജിൽ വച്ചിരുന്ന ഫോണെടുത്ത് നോക്കി.