“ അമ്മേ… വേഗം കൊണ്ടുവാ.. ഇപ്പത്തന്നെ വൈകി..അമ്മോ…”
അവൻ്റെ കൂവൽ കേട്ട് അച്ചനാണ് മുറിയിൽ നിന്ന് വന്നത്.
“ ഇന്നെവിടെയാണാവോ നേതാവിന് പരിപാടി…”
അവൻ്റെ എതിരെ കസേരയിൽ ഇരുന്ന് അയാൾ ചോദിച്ചു.
“ കളിയാക്കിയതാണെന്ന് മനസിലായി…
പക്ഷേ ഞങ്ങള് തളരൂല… ഇന്ന് പാവപ്പെട്ട രോഗികൾക്ക് വേണ്ടി ഞങ്ങൾ ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വല്ല അസുഖവുമുണ്ടെങ്കിൽ താങ്കൾക്കും അതിൽ പങ്കെടുക്കാം…”
“ അയ്യോ.. വേണ്ടായേ… ഞാൻ വല്ല സർക്കാർ ആശുപത്രിയിലും പൊയ്ക്കോളാം’”
അച്ചൻ തൊഴുകയ്യോടെ പറഞ്ഞു.
“ അല്ലെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്കൊന്നും അവിടെ ചികിൽസയില്ല..”
“ നീയിങ്ങിനെ നാട്ടുകാരെ ചികിൽസിച്ച് നടന്നോ… ഇന്നലെ ആ ബ്രോക്കർ നാരായണൻ ഇവിടെ വന്നിരുന്നു. ഞാനെന്താ അയാളോട് പറയേണ്ടത്..”
അച്ചൻ അൽപം ദേഷ്യത്തിലാണ്. ഭാഗ്യത്തിന് അപ്പോഴേക്കും അമ്മ കഴിക്കാനുള്ളതുമായി എത്തി.
“ എൻ്റമ്മേ… എത്ര നേരമായി ഇരിക്കുന്നു വേഗം വിളമ്പ് . പോയിട്ട് നൂറ് കൂട്ടം പണിയുള്ളതാ..”
“ വിളമ്പിക്കൊടുക്കെടീ… മോൻ പോയി നാട് നന്നാക്കട്ടെ”
അച്ചൻ കലിപ്പിൽ തന്നെ.
“ അതേ… വലിയ ആശുപത്രികളിലൊന്നും പോകാനുള്ള കഴിവില്ലാത്ത പാവങ്ങൾക്ക് വേണ്ടിയാണിത് നടത്തുന്നത്…
അതെങ്ങിനാ… പാവങ്ങളോട് കൈക്കൂലി വാങ്ങി ശീലിച്ച വില്ലേജ് ഓഫീസർക്ക് ഇതുവല്ലതും മനസിലാകുമോ…”
“ എടാ… മതി.. മതി.. കഴിച്ചിട്ട് എഴുന്നേറ്റ് പോകാൻ നോക്ക് ..”
അവൻ്റെ പ്ലേറ്റിലേക്ക് ഇഡലി ഇട്ടു കൊണ്ട് അമ്മ പറഞ്ഞു. രണ്ട് ഇഡലിയും ചായയും കഴിച്ച് സനൂപ് എഴുന്നേറ്റ് കൈ കഴുകി വന്ന് ബൈക്കിൻ്റെ ചാവിയെടുത്തു. പിന്നെ അച്ചൻ്റെ തോളിലൂടെ കയ്യിട്ട് സ്നേഹത്തോടെ പറഞ്ഞു.
“ എൻ്റച്ചാ… നാരായണേട്ടനെ ഞാൻ കണ്ടോളാം… നമുക്ക് നോക്കാമെന്നേ,അച്ചൻ ആദ്യം എന്തെങ്കിലും കഴിക്ക്..”