“അതിവിടെ കൊണ്ടടാ കള്ളാ…”
എന്ന് പറഞ്ഞവൾ അത് വാങ്ങി ബാഗിലേക്ക് വെച്ചു. രണ്ട് പേരും വണ്ടിയിൽ കയറി.
“ഇനി എത്ര ദൂരമുണ്ടെടാ… സനൂ…”
“ കുറച്ച് കൂടി പോകണം…’’
“ എന്നാ ഇനി എവിടെയും നിർത്തണ്ട…
കത്തിച്ചു വിട്ടോ…”
സനൂപ് വണ്ടിയെടുത്തു. നല്ല സ്പീടിൽ തന്നെ വിട്ടു.
ഊട്ടിയിലെത്തുമ്പോൾ നാല്മണി.നല്ല സുന്ദരമായ തണുപ്പുള്ള കാലാവസ്ഥ. ടൗണിലൂടെ ഒന്ന് കറങ്ങി മേട്ടുപ്പാളയം റൂട്ടിലേക്ക് കയറി. ഇവിടെ നിന്ന് ഇരുപത്ത് കിലോമീറ്റർ ദൂരമുണ്ട്. നല്ല റോഡാണ്. കുറേ ദൂരം പോയപ്പോൾ വലിയൊരു ബോർഡ് കണ്ടു.’ സൂര്യ ഫോറസ്റ്റ് റിസോർട്ട്’. വലിയൊരു മതിലും ഗേറ്റും. അടച്ചിട്ട ഗേറ്റിന് മുന്നിൽ സനൂപ് വണ്ടി നിർത്തി. രണ്ട് സെക്യൂരിറ്റിക്കാർ വണ്ടിക്കടുത്തേക്ക് വന്നു. സനൂപ് മൊബൈലെടുത്ത് ബുക്കിംഗ് ഡീറ്റയിൽസ് അവർക്ക് കാണിച്ച് കൊടുത്തു. അതിലൊരാൾ തമിഴിൽ പറഞ്ഞു.
“ സാർ… പതിനൊന്നാം നമ്പർ കോട്ടേജാണ് താങ്കൾക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. നേരെ ഒരു കിലോമീറ്റർ പോയി വലത്തേക്ക് തിരിഞ്ഞാൽ മതി അവിടെ ആളുണ്ടാവും. താങ്ക്യൂ സാർ…”
അവർ ഗേറ്റ് തുറന്ന് കൊടുത്തു .സനൂപ് വണ്ടിയെടുത്തു. ഇൻ്റർലോക്ക് വിരിച്ച, ഇരുവശവും സുന്ദരമായി ലാൻ്റ്സ്കേപ്പ് ചെയ്ത് ഭംഗിയാക്കിയ പാത. നിഷ കൗതുകത്തോടെ പുറത്തേക്ക് നോക്കി. എല്ലായിടവും വൃത്തിയോടെയും ഭംഗിയോടെയും ഒരുക്കി വെച്ചിട്ടുണ്ട്. പക്ഷേ തീർത്തും വിജനത. എവിടെയും ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ല. ഇതേതായാലും തങ്ങൾക്ക് പറ്റിയ സ്ഥലം തന്നെ. കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ഒരാൾ നിൽക്കുന്നത് കണ്ടു. സനൂപ് വണ്ടി നിർത്തി. അയാൾ അടുത്ത് വന്ന് പറഞ്ഞു.
“ വെൽക്കം സാർ… ഇതിലെ നേരെ പോയാൽ അവസാനം കാണുന്നതാണ് താങ്കളുടെ കോട്ടേജ്. വണ്ടി അവിടെ പാർക്ക് ചെയ്യാം. അവിടെ ആളുണ്ടാവും.. താങ്ക്യൂ.. സാർ…”