എന്നെ നോക്കിയൊരു സംശയത്തോടെ അജയൻ ചോദിച്ചു… അവനറിയാം എനിക്കീ പഴം കൂട്ടിയുള്ള കടികൾ വലിയ ഇഷ്ടമാണെന്ന്….
“കൺഫ്യൂഷൻ ആയല്ലോ… തല്ക്കാലം നീ രണ്ടെണ്ണവും എടുത്തോ…!
അവനെ നോക്കിയൊരു പൊട്ടൻ ചിരിയും ചിരിച്ചു ഞാൻ ചായക്ക് വേണ്ടി കാത്തിരുന്നു…. പെട്ടെന്നാണ് അവിടെ ചുമരിൽ പിടിപ്പിച്ചിരുന്ന ഫാൻ കറങ്ങി തിരിഞ്ഞു എന്റെ നേരെ വന്നത്… ആഹാ നല്ല കാറ്റ്….. ഫാൻ എന്നെയും കടന്നു പോയപ്പോൾ പരിചിതമായൊരു സുഗന്ധം എന്നിലേക്ക് വന്നു കയറി…. നല്ല പരിജയമുള്ള മണം…. ഏതോ വല്യ കമ്പനിയുടെ ലോഷനും ബോഡി സ്പ്രെയും കൂടി ഇടകലർന്നയാ മണത്തെ എന്റെ മൂക്കുകൾ വലിച്ചെടുത്തു…. ആരുടെയാണെന്നൊരു ടെസ്റ്റ് ചെയ്യാൻ വേണ്ടി സാമ്പിളുകൾ തലച്ചോറിലേക്ക് അയക്കുമ്പോളേക്കും താഴെ ഹൃദയത്തിൽ നിന്നൊരു ചാരസന്ദേശം…. ഇതവളുടെയല്ലേ….
പെട്ടെന്ന് ഞാൻ ചുറ്റിനും നോക്കി.. ഇല്ല.. പരിചയമുള്ള മുഖങ്ങളില്ല… തിരക്കും നന്നേ കുറവാണ്… ഒരുനിമിഷം ഞാൻ വെറുതെ പിറകിലേക്ക് നോക്കി….. ഹൃദയം പൊട്ടി മരിക്കുമെന്ന് പറയാറില്ലേ.. ഏതാണ്ട് അതുപോലൊരു അവസ്ഥ…. ഒട്ടും പ്രതീക്ഷിക്കാതെയിരുന്ന എന്നെ തന്നെ നോക്കിയിരിക്കുന്ന ഒരു ജോഡി കണ്ണുകൾ….. ചാരു…. എനിക്കപ്പുറമുള്ള ടേബിളിലിരുന്നെന്നേ തന്നെ നോക്കി ചായ കുടിക്കുവാണവൾ….. ഒട്ടും ദിർഥിയില്ലാതെ കണ്ണുകളിൽ യാതൊരു വിധ പതർച്ചയോ പരിഭ്രാമമോയില്ലാതെ എന്നെത്തന്നെ നോക്കിയിരുന്നു സാവധാനം ചായ കുടിക്കുവാണ്….
എനിക്കാണേൽ പരവേശം കൊണ്ടൊന്നും ചെയ്യാനും പറ്റുന്നില്ല… ഹിറ്റ്ലർ സിനിമയിൽ മമ്മൂക്കക്ക് മുൻപിൽ പെട്ട ജഗതീഷിന്റെ അവസ്ഥ…. എണീറ്റോടിയാലോ….
“ഇന്നാ ചായ….”
പെട്ടെന്നാണയാൾ രണ്ടു ഗ്ലാസ്സിലായി ചായ കൊണ്ടുവന്നു മുൻപിൽ വച്ചത്….
“കടിയെന്തെങ്കിലും…?
“വേ.. വേണ്ട… എടുക്കാൻ ആള്.. പോയിട്ടുണ്ട്…”
വിക്കി വിക്കി പറഞ്ഞതും അജയനൊരു പ്ലെയ്റ്റിൽ കടികളുമായി എത്തി….
“തോമസേട്ടാ… സ്പെഷ്യൽ എന്തൊക്കെ കാണും ഉച്ചക്ക്…”
എനിക്ക് മുൻപിലുള്ള കസേരയിലേക്ക് വന്നിരുന്നുകൊണ്ടവൻ ചോദിച്ചു… ഇവനിയാളുമായി ഇത്ര പെട്ടന്ന് കമ്പനിയായോ…
“ബിരിയാണിയാണ് മെയിൽ… നമ്മുക്ക് സ്പെഷ്യൽ ആയിട്ട് ബീഫും കൂന്തളും കിട്ടും… പിന്നെ ചിക്കനും കാടഫ്രൈയും കാണും….”
കച്ചവടം കിട്ടുമെന്ന സന്തോഷത്തിലയാൾ പറഞ്ഞു… പിന്നെ മറ്റൊരു ടേബിളിൽ നിന്നും വിളി വന്നതോടെ അയാൾ പോയി… ഞാനും അജയനും മാത്രം… ഞങ്ങളെ തന്നെ നോക്കി സാവധാനം ചായ കുടിച്ചുകൊണ്ടപ്പുറം മാറി ചാരുവും… എനിക്കാണേൽ അവിടേക്ക് നോക്കാനൊരു മടിയും പേടിയും…. കാരണം വേറൊന്നുമല്ല അവളെ നോക്കിയാൽ ഞാനതേ ഇരുപ്പ് തന്നെ ഇരുന്നുപോകും… ഇവിടെക്ക് വരുമ്പോൾ കൊറച്ചു തീരുമാനങ്ങൾ എടുത്തിരുന്നു… അതെല്ലാം തെറ്റാൻ സാധ്യത ഞാൻ മുൻപിൽ കാണുന്നുമുണ്ട്…. ഒന്നും മിണ്ടായിതെയിരുന്നു ഞാൻ ചായ കുടിക്കാൻ തുടങ്ങി…. മോശം പറയരുതല്ലോ നല്ല ചായയും കടികളും…. അപ്പൊ തന്നെ ഉറപ്പിച്ചു ഉച്ചക്കത്തെ ബിരിയാണിയുടെ ക്വാളിറ്റിയും എത്രത്തോളം കാണുമെന്നു….