“ഇവടെയീ റാകിങ്ങൊന്നും ഇല്ലാത്തത് നന്നായി… അല്ലായിരുന്നേൽ ഇവിടം മുതൽ അടി പൊട്ടിയേനെ…”
എന്തോ ഓർത്തു ചിരിച്ചുകൊണ്ടവൻ എന്നെനോക്കി…
“നേരാ… പക്ഷെ നീ പേടിക്കണ്ട മോനെ… എവിടെ ആണേലും എല്ലിനിടയിൽ കഴപ്പ് കയറിയ ഒരെണ്ണമെങ്കിലും കാണാതിരിക്കില്ല…”
അതും പറഞ്ഞുഞാവനൊപ്പം നടന്നു….
“ക്ലാസ്സ് എവിടെ ആണെന്ന് അറിയോ..?
എനിക്ക് മുൻപേ നടന്നു പോണ അജയനെ നോക്കി ഞാൻ ചോദിച്ചു…
“അതൊക്കെ അറിയാ… അതിനു മുന്നേ കാന്റീൻ കണ്ടുപിടിക്കട്ടെ… ബാക്കിയൊക്കെ പിന്നെ…”
നടന്ന വഴിയേ തന്നെയെന്നെ തിരിഞ്ഞു നോക്കിയവൻ പറഞ്ഞു… പറഞ്ഞതൊരു പോയിന്റാണ്…. പിന്നൊന്നും നോക്കീല അവനൊപ്പം തന്നെ ഞാനും വച്ചു പിടിച്ചു.. തേടി തേടി ഒടുവിൽ അന്വേഷിച്ചു നടന്ന വള്ളി കാലിൽ ചുറ്റി…. വലിയോരു മരത്തിനു താഴെയായി അത്യാവശ്യം തന്നെ നീളത്തിൽ പണിതൊരു കെട്ടിടം….. അകത്തേക്ക് കയറിയതും കണ്ടു ചില്ലലമാരയിലേക്ക് തട്ടുന്ന നല്ല ആവി പറക്കുന്ന പഴംപൊരി പോലുള്ള എണ്ണക്കടികളും അടുത്തടുത്തായി അടുക്കി അടുക്കി വെച്ച വെള്ളേപ്പവും പുട്ടും ദോശയും ഇഡലിയുമൊക്കെ…
“ഡേയ് വിചാരിച്ച പോലെ അല്ലല്ലോ… ഇതൊരുപാട് ഐറ്റംസ് ഒണ്ടല്ലോ…”
ഞാനതെല്ലാം നോക്കി നിന്ന അജയനോട് പറഞ്ഞു…..
“ഇതൊന്നുമല്ല മക്കളെ… സ്പെഷ്യൽ സാധനങ്ങൾ വരാൻ പോണതെ ഉള്ളു…മക്കള് കേറി ഇരി…!!!!
എന്റെ വർത്തമാനം കേട്ടു കൊണ്ടുവന്നയൊരു മധ്യവയസ്ക്കൻ പറഞ്ഞു…. കൈലിയും വെള്ള ബനിയനുമാണ് വേഷം… തലയിലൊരു തോർത്ത് കെട്ടിയിട്ടുണ്ട്… നരവീണു തുടങ്ങിയ മുടി… വെളുത്തു മെലിഞ്ഞയാ മനുഷ്യൻ കയ്യിൽ പിടിച്ചിരുന്ന ചായ അടുത്തുള്ള ടേബിളിലേക്ക് വച്ചുകൊണ്ട് ഞങ്ങളെ നോക്കി ചിരിച്ചു
“ചേട്ടനാണോ ഇത് നടത്തുന്നത്…?
അയാളെ കണ്ടതും അജയൻ കേറി ചോദിച്ചു…
“ഈ കോളേജ് തുടങ്ങിയ കാലം മുതൽ ഇവടെയുള്ളതാ മോനെ ഞാൻ….”
“ആഹാ… എന്നാ രണ്ടു ചായയെടുത്തോ…. തുടക്കം ഇവിടുന്ന് തന്നെ ആവട്ടെ…!
അതും പറഞ്ഞു ഞാൻ അവിടെ കണ്ടൊരു ആളൊഴിഞ്ഞ ടേബിളിലേക്ക് ഇരുന്നു… അരികിൽ തന്നെ അജയനും വന്നിരുന്നു…
“നിനക്ക് പഴംപൊരിയോ പഴംവടയോ…?