രണ്ടു മൂന്ന് ഹോണടിച്ചതും അവനിറങ്ങി വന്നു…
“നീയിത്ര നേരത്തെ എത്തിയോ…”
വന്നപാടെ വണ്ടിയിലേക്ക് കയറികൊണ്ടവൻ ചോദിച്ചു…
“ആഹ്… കോളേജിൽ കേറുന്നേനു മുൻപൊരിടം വരെ പോകാനുണ്ട്….”
വണ്ടി സ്റ്റാർട്ട് ചെയ്തോണ്ട് ഞാനവനെ നോക്കി…
“എവിടേക്ക്…”
എന്റെ പ്ലാനൊന്നുമറിയാതെ അവൻ ചോദിച്ചു…
“ചാരുവിന്റെയൊരു ഫോട്ടോ ഇല്ലേ ഞാൻ വരച്ചത്.. അതൊന്ന് ഫ്രെയിം ചെയ്യിക്കാൻ ഇന്നലെ കൊടുത്തിരുന്നു… അത് വാങ്ങി വേണം കോളേജിലേക്ക് പോകാൻ…”
ഇരു വശവും നോക്കി ഞാൻ മെയിൽ റോഡിലേക്ക് വണ്ടിയിറക്കി…
“ഓഹോ ഹോ…… ടീച്ചറെ സോപ്പിടാൻ…അല്ല അന്ന് നാട്ടിൽ പോയിട്ട് എന്തായി.. നീ പിന്നേം മതില് ചാടിയാ…”
അവനൊരു ചിരിയോടെ എന്നോട് ചോദിച്ചു.. അന്നത്തെ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ എന്റെ ചുണ്ടിലുമതേ ചിരിവരുന്നുണ്ട്…. എന്തൊക്കെയാ ഞാനന്നവളോട് പറഞ്ഞത്… ഹോ… ഒന്നൂടെ പറയാൻ പറഞ്ഞാൽ ഞാൻ ശെരിക്കും പെട്ട് പോകും….
“ഇല്ലെടാ… പറ്റിയ അവസരമൊന്നും കിട്ടീല….”
“ഹ്മ്മ്… എന്തായാലും നിങ്ങടെ കാര്യം സെറ്റ് ആയല്ലോ…. ഇനിയിതാരുമറിയാതെ കൊണ്ടുപോയാൽ മതി…”
അവനെനിക്കൊരു മുന്നറിയിപ്പ് തന്നു… നേരാണ്… ഈ കോളേജിലെ പടുത്തം കഴിയുന്നത് വരെയെങ്കിലും മറ്റാരുമറിയാതെ കൊണ്ടു പോകണമിത്…. അല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാൻ പോണത് ചാരുവിനായിരിക്കും….
അതുകൊണ്ട് തന്നെ കോളേജിൽ വച്ചുള്ള നോട്ടവും സംസാരവും മാക്സിമം ഒഴുവാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു….
കോളേജിലേക്ക് പോകുന്ന വഴിയിൽ തന്നെയുള്ളൊരു സ്റ്റുഡിയോയിൽ കയറി ഞാൻ സാധനം മേടിച്ചു… പറഞ്ഞേൽപ്പിച്ചത് പോലെ തന്നെയാണവർ അത് ചെയ്ത് തന്നത്… അതികം സൈസ് ഒന്നുമില്ല… എന്നാലും കാണാൻ തന്നെ വല്ലാത്തൊരു ഭംഗിയാണ്… അല്പം ഗ്രേ കളർ ഫ്രെയിം ആണ് പറഞ്ഞിരുന്നത് ഞാൻ.. ഡിസൈൻ ഒന്നും ചേർക്കാതെ തന്നെ കാണാൻ നല്ല ഭംഗിയിൽ തന്നെയവർ പണിതിരുന്നു…. അത് വാങ്ങി ഭദ്രമായി ബാഗിലെക്ക് വച്ചു ഞാൻ തിരിച്ചിറങ്ങി…. കോളേജിലേക്ക് അജയനാണ് വണ്ടിയൊടിച്ചത്….. വലിയ ഗേറ്റ് കടന്നതും അകത്തു കൂടെ കൂട്ടം കൂട്ടമായി അഴിച്ചു വിട്ട കോഴികളെ പോലെ തോന്നിയ വഴി പോകുന്ന പിള്ളേരെയാണ് ഞങ്ങൾ കാണുന്നത്…. സ്റ്റുഡന്റസിന്റെ വണ്ടികൾ പാർക്ക് ചെയ്യാനുള്ള ഭാഗത്തേക്ക് അജയൻ വണ്ടിയൊതുക്കി…