ഒന്നും മനസിലാവാതേ നിന്ന എന്റെ കയ്യിലേക്ക് ചായ ഗ്ലാസ്സ് തന്നോണ്ടമ്മ ചിരിയോടെ പറഞ്ഞു
“അല്ല കുട്ടാ… നീയിങ്ങ്നെ കുളിച്ചൊരുങ്ങി വന്നിരുന്നത് കണ്ടു ചോദിച്ചതാ ഞാൻ… മോൻ ഷെമിക്ക്…”
“ഓ….. ഫസ്റ്റ് ഡേ അല്ലേ.. അതോണ്ട് കൊറച്ചു മെനയായി പോകാമെന്നു കരുതി…”
വല്യ താല്പര്യം കൊടുക്കാത്തത് പോലെ ഞാൻ ഗ്ലാസ്സ് വാങ്ങി കൊണ്ട് പറഞ്ഞു…
“ഹ്മ്മ്… പെൺപിള്ളേര് കൊറേ കാണുമല്ലോ.. അതിന്റെ ഇളക്കമാ ചെക്കന്…”
രാവിലെ തന്നെയെന്നെ കളിയാക്കികൊണ്ടച്ചൻ പറഞ്ഞു… കൂട്ടിനു ചിരിക്കാൻ അമ്മയും… ഞാൻ പിന്നെ വല്ലതും പറഞ്ഞു തുടങ്ങിയാൽ രണ്ടും കൂടെ എന്നെയിട്ട് വാരും… വെറുതെ എന്തിനാ കുളിച്ചൊരുങ്ങി വന്നിവരുടെ ഊക്ക് വാങ്ങുന്നതെന്ന് കരുതി ഞാനൊന്നും പറയാൻ നിന്നില്ല…. കഴിച്ചു കഴിഞ്ഞതും ഞാൻ വേഗമവിടെ നിന്നിറങ്ങി….
“അച്ഛാ പോകുവാ… അമ്മ..!
പാത്രത്തിൽ തന്നെ തളർന്നു കിടന്നിരുന്ന അച്ഛനെയും അടുത്തു തന്നെയിരുന്നു ചരമകോളം തപ്പുന്ന അമ്മയെയും നോക്കി ഞാൻ ഇറങ്ങുവാണെന്ന് പറഞ്ഞു..
“നേരമിരുട്ടും മുൻപേയിങ് പോന്നോണം…”
എന്റെ സ്വഭാവം കൃത്യമായി അറിയുന്നത് കൊണ്ടമ്മ പറഞ്ഞു…
“ആ അതാലോചിക്കാം…!!
അതും പറഞ്ഞു ഞാൻ വണ്ടിയുടെ ചാവിയുമെടുത്തു വെളിയിലേക്ക് ഇറങ്ങി… രണ്ടു ദിവസം മുൻപാണ് ചാരുവിന്റെ നാട്ടിൽ നിന്നും തിരികെയെത്തിയത്… അന്നത്തെ ഞങ്ങളുടെയാ സംസാരത്തിനു ശേഷം പിന്നീട് കണ്ടുമുട്ടാനൊരു വഴിയും കിട്ടിയിരുന്നില്ല… മതില് ചാടാമെന്ന് വച്ചെങ്കിലും അവളുടെ വീട്ടുകാർ തിരികയെത്തിയത് കൊണ്ടാ പ്ലാനും നടന്നില്ല എന്ന് പറയുന്നതാവും സത്യം…. പിന്നവൾ വീട്ടിലായത് കൊണ്ട് തന്നെ ഞാനങ്ങോട്ട് വിളിക്കാനോ മെസ്സേജ് അയക്കാനോ നിന്നില്ല…പക്ഷെ ഇന്നത്തെ പോക്കിന്റെ പ്രധാന ലക്ഷ്യമെന്നത് അവളെയൊന്ന് കാണാനും പിന്നെന്നോട് ആദ്യമായി ചോദിച്ചൊരു കാര്യം സാധിച്ചു കൊടുക്കാനുമാണ്… വേറൊന്നുമില്ല ഞാനവളുടെ വരച്ച ഫോട്ടോ എന്നോടവൾ ചോദിച്ചതായി ഓർമ്മയില്ലേ…. അതിന്ന് കൊടുക്കും.. പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്…. അത് സർപ്രൈസ് ആണ്…
വണ്ടിയുമെടുത്തിറങ്ങിയ ഞാനാദ്യം പോയത് അജയന്റെ വീട്ടിലേക്കാണ്…… സാധാരണ പോലൊരു ഇരുനില വീട്… അവിടെ അവനും പെങ്ങളും അച്ഛനുമമ്മയുമാണ് താമസം… അവർക്കൊക്കെ എന്നെവല്യ കാര്യവുമാണ്… കാര്യം ഞങ്ങൾ നാട്ടിലെ ഒട്ടുമിക്ക വള്ളിക്കെട്ടുകളിലും പോയി ചാടുമെങ്കിലും മോശമെന്ന് പറയത്തക്ക രീതിയിൽ ഒന്നും തന്നെ ചെയ്തിട്ടില്ല ഇതുവരെ…. അല്ലെങ്കിൽ അങ്ങനെയൊന്നും ചെയ്യുകില്ലെന്നൊരു വിശ്വാസം ഇരു വീട്ടിലും ഉണ്ടാക്കിയെടുത്തു എന്ന് പറയുന്നതും നല്ലത്….