അങ്ങനെ തലയും ചൊറിഞ്ഞവിടെ ഇരുന്നപ്പോളാണ് അടുത്തുള്ള ജനലിലൂടെ ചാരു നടന്നു പോകുന്നത് കണ്ടത്….
ഇവളിത് എവിടെ പോണു… വേറെ ക്ലാസ്സ് വല്ലതും ഉണ്ടാവോ…. പക്ഷെ കയ്യിൽ ബുക്ക് ഒന്നും തന്നെയില്ല…… ആകെ മൊത്തമൊരു സംശയം തോന്നിയ ഞാൻ അജയനോട് ഇപ്പൊ വരാമെന്ന് പറഞ്ഞെണീറ്റ് നടന്നു… പിന്നീടാണ് എന്തോ ഓർമ്മ വന്നത് പോലെ ഞാൻ രാവിലെ വാങ്ങി ബാഗിൽ വെച്ച ഫോട്ടോ എടുത്തു അരയിൽ തിരുകി.. അത് കണ്ടപ്പോ തന്നെ അജയന് കാര്യം മനസിലായി…. നടക്കട്ടെ നടക്കട്ടെ എന്നൊരു ഭാവത്തോടെയുള്ള അവന്റെ ചിരിക്ക് നല്ല വൃത്തിയായി തിരിച്ചൊരു ചിരികൂടെ കൊടുത്തു ഞാൻ വെളിയിലേക്ക് നടന്നു…
പെട്ടെന്നാണ് വെളുത്തു മെലിഞ്ഞയൊരു കൈ എനിക്ക് നേരെ നീണ്ടത്… ഇതാരാ….
ആരാണെന്ന് നോക്കാൻ വേണ്ടി മുഖമുയർത്തിയപ്പോ ആണ് കണ്ടത് കാണാൻ അത്യാവശ്യം കൊഴപ്പമില്ലാത്തൊരു പെണ്ണ്….. വെളുപ്പ് നിറമാണ്.. വല്യ തടിയുമില്ല… മുടിയിലൊക്കെ ഗോൾഡ് കളർ അവിടെയിവിടെയായി ചെയ്തിട്ടുണ്ട്… എന്നാലതൊട്ടും തന്നെയവൾക്ക് ചേരുന്നുമില്ല….. കറുത്ത നിറത്തിൽ ക്രിസ്റ്റൽസ് പോലെ തിളങ്ങുന്ന എന്തൊക്കെയോ കല്ലുകൾ സ്റ്റിച് ചെയ്ത ചുരിദാറാണ്.. അതിന് മാച്ചിംഗ് ആയൊരു വെള്ള ഷാലും……..
“എന്താ…..?
അപ്പോളും എനിക്ക് നേരെ നീട്ടിപ്പിടിച്ച കൈയിലേക്ക് നോക്കി ഞാൻ ചോദിച്ചു…. ഇനിയിപ്പോ ഞാനരയിൽ തിരുകിയ ഫോട്ടോ വല്ലതും ചോദിക്കുന്നതാണോ…..
“ഒന്ന് കൈ താടോ മാഷേ… പരിചയപ്പെടാൻ അല്ലേ…”
അവളൊരു ചിരിയോടെ പറഞ്ഞു… പക്ഷെ ഞാനിപ്പോ അതിനുള്ള മൂഡിൽ അല്ലല്ലോ… നമുക്ക് കൈ തരേണ്ട ആളിപ്പോ വരാന്തായിലൂടെ നടക്കുന്നുണ്ട്… അവളെവിടെയെങ്കിലും കേറിയൊളിക്കും മുൻപേ എനിക്ക് അവിടെയെത്തണം….
“അതേ കുട്ടി എനിക്കിപ്പോ തീരെ സമയമില്ല… അതുകൊണ്ടീ നീട്ടിപിടിച്ച കൈ കൊറച്ചു മാറ്റി വച്ചിരുന്നെങ്കിൽ എനിക്കങ്ങു പോകാമായിരുന്നു…”
നല്ലൊരു ചിരിയോടെ ഞാനവളോട് പറഞ്ഞു…. ദേഷ്യം കൊണ്ടാണോ എന്നറിയില്ല അവളുടെ കണ്ണുകൾ കുറുകി കഴുത്തിലെ ഞരമ്പുകൾ എഴുന്നു വരുന്നത് ഞാൻ കണ്ടെങ്കിലും പെട്ടെന്നെന്തോ ഓർത്തത് പോലവൾ ഒരു ചിരിയോടെ മാറി നിന്നു….
“താങ്ക്സ്…”
അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി… പിന്നൊരൊറ്റ പോക്കായിരുന്നു…. ചാരു പോയ വഴിയേ തേടി നടന്ന് അന്വേഷിച്ചെങ്കിലും കണ്ടില്ല അവളെ…