മദിരാശിപട്ടണം [ലോഹിതൻ]

Posted by

പോകുന്നതിനു രണ്ടു ദിവസം മുൻപാണ് സുമതിയോട് പത്മ കാര്യം പറയുന്നത്.. വിവരം അറിഞ്ഞു സുമതി അമ്പരന്നു നിന്നുപോയി..

എടിയേ മദ്രാസ് എവിടെയാണെന്ന് നിനക്ക് അറിയാമോ.. ട്രെയിനിൽ ഒക്കെ കേറി പോകണം.. അവിടെ ചെന്ന് സ്ഥലവും ഭാഷയും അറിയാതെ നീയും പിള്ളാരും കൂടി എന്തു ചെയ്യും.. അയാൾ അവിടെ കാണുമെന്ന് നിനക്ക് എന്താണ് ഉറപ്പ്…

ഇങ്ങനെ പലതും പറഞ്ഞു സുമതി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പത്മ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു…

എന്നാലും എന്റെ പത്മേ നിന്റെ ഒരു ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു എന്നൊക്കെ താടിക്കും കൈയ്യും കൊടുത്തു കൊണ്ട് സുമതി പറഞ്ഞു എങ്കിലും എങ്ങാനും രക്ഷപെട്ടു പോകുമോ എന്നൊരു ആശങ്കയും ആ പറച്ചിലിൽ ഉണ്ടായിരുന്നു…

വെള്ളിയാഴ്ച രാവിലെ മക്കളേ വിളിച്ചുണർത്തിയിട്ട് ചൂലുമെടുത്തു മുറ്റം അടിക്കാൻ തുടങ്ങുമ്പോഴാണ് പുരുഷൻ വരാന്തയിൽ കിടക്കുന്നത് കണ്ടത്…

രാത്രി വൈകി നല്ല പൂസായി വന്നു കിടന്നതാണ്.. വാതിൽ അടച്ചാൽ ഇപ്പോൾ കുറച്ചു നാളായി വിളിക്കാറില്ല..വരാന്തയിൽ തന്നെ കിടക്കും… വാതിൽ അടക്കുന്നതിനു മുൻപ് ഒരു പുല്ലു പായ എടുത്ത് പത്മ വെളിയിൽ ചുരുട്ടി വെയ്ക്കും..

ഭർത്താവിന്റെ കിടപ്പുകണ്ട് ഏതാനും നിമിഷങ്ങൾ അവൾ നോക്കി നിന്നു..

ബോധവും പോക്കണവും ഇല്ലങ്കിലും ആണൊരുത്തൻ വെളിയിൽ കിടപ്പുണ്ടല്ലോ എന്ന ധൈര്യം തന്റെ മനസ്സിൽ ഉണ്ടായിരുന്നത് അവൾ ഓർത്തു…

പുരുഷന്റെ അരയിൽ നിന്നും മാറിക്കിടന്ന കൈലി പിടിച്ച് നേരെ ഇട്ട ശേഷം അവൾ അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി എടുത്ത് ശ്രീകുട്ടീടെ കൈയിൽ കൊടുത്തിട്ട് അച്ഛനെ വിളിച്ചു കൊടുക്കാൻ പറഞ്ഞു…

പുരുഷൻ എഴുനേറ്റ് കട്ടൻ കുടിച്ച ശേഷം വെളിയിലേക്ക് നോക്കി കുറച്ചു നേരം വെറുതെ ഇരുന്നു…

പിന്നെ എഴുനേറ്റ് കൈലി ഒന്ന് കുടഞ്ഞ് ഉടുത്തു എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി…

അച്ഛാ നിൽക്ക്.. ദാ ഇത് അമ്മ തരാൻ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഒരു നൂറു രൂപയുടെ നോട്ട് ജലജ അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു..

പുരുഷൻ ആ നോട്ട് കൈയിൽ എടുത്ത് നോക്കി.. അടുത്ത കാലത്തൊന്നും അത്രയും രൂപ അയാളുടെ കൈയിൽ വന്നിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *