റോഷൻ തിരിഞ്ഞ് നോക്കി. ആ നോട്ടത്തിൽ എന്താണത്?’, എന്ന മറുചോദ്യമുണ്ടായിരുന്നു.
ഒരു കുസൃതി പുഞ്ചിരിയോടെ, അഞ്ജു തിരിഞ്ഞ് അകത്തേക്ക് നടന്നു… കാര്യം പിടികിട്ടാത്ത ഭാവത്തിൽ, അവൾക്ക് പുറകെയായി റോഷനും.
അടുക്കളയിൽ എത്തിയ അഞ്ജു, ഫ്രിഡ്ജ് തുറന്ന്, ഫ്രീസറിൽ വച്ചിരുന്ന തണുത്ത ബിയർ ബോട്ടിലുകളിൽ നിന്നും ഓരോന്ന് വീതം പുറത്തടുത്തു.
“ആറാട്ടിന്റെ ആന്ന് പൊട്ടിക്കാൻ വച്ചതാ….”, അതിലൊരെണ്ണം റോഷന് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
റോഷൻ കുപ്പി വാങ്ങി, അഞ്ജുവിന് നേരെ ഒന്ന് നോക്കി. മനസ്സിൽ ആഗ്രഹിച്ചത് പറയാതെ തന്നെ അവൾ സമ്മാനിച്ചത്തിന്റെ അതിശയവും സന്തോഷവും ആ നോട്ടത്തിൽ ഉണ്ടായിരുന്നു.
റോഷൻ : “ടച്ചിങ്‌സ്…?”
“wait…”, അവൾ അടുപ്പിന്റെ അടുത്തേക്ക് ചെന്ന്, അവിടെയിരുന്നിരുന്ന നല്ല ഉപ്പിലിട്ട മാങ്ങയും, നാടൻ ചെമ്മീൻ ചമ്മന്തിപ്പൊടിയും ഒരു പാത്രത്തിലേക്ക് പകർത്തി. ആ രണ്ട് ഐറ്റം അവൾ എടുക്കുന്നത് കണ്ടതും, അവനോട് സമ്മതം ചോദിക്കാതെ തന്നെ അവന്റെ നാവിൽ കപ്പലോടി…. അവന്റെ വിടർന്ന കണ്ണുകളിലേക്ക് നോക്കി, എങ്ങനുണ്ട്..?’ എന്ന മട്ടിൽ അവൾ പുരികമുയർത്തി.
“അപ്പോൾ ചിയേർസ്…”, പറയുന്നതിനൊപ്പം അവൻ കയ്യിലിരുന്ന ബിയർ ബോട്ടിൽ കടിച്ച് തുറന്നു…
അൽപം ബിയർ തന്റെ അന്നനാളത്തിലേക്ക് ഒഴിച്ചുവിട്ട ശേഷം, റോഷൻ ഉപ്പുമാങ്ങയുടെ ഒരു കഷ്ണം എടുത്ത്, എരിവുള്ള ചെമ്മീൻ ചമ്മന്തിയിൽ കുതിർത്ത്, തന്റെ നാവിലേക്ക് പതിയെ വച്ചു കൊടുത്തു….
“ആഹാ… അന്തസ്സ്…”, ഉമിനീരിൽ അലിഞ്ഞു ചേർന്ന, ആ നാടൻ രുചി ആസ്വദിക്കുന്നതിനൊപ്പം അവൻ അറിയാതെ പറഞ്ഞു.
“ഇപ്പോ പെരുപ്പ് ഇത്തിരി കുറഞ്ഞോ…?”, ആ ഭാവം കണ്ട്, അഞ്ജു കളിയായി ചോദിച്ചു.
അവൻ ചിരിച്ചു… ഇരുവരും തങ്ങളുടെ കുപ്പികളിൽ നിന്നും വീണ്ടും ബിയർ നുകർന്നു. അഞ്ജു റോഷനേക്കാൾ ഒരൽപം ഫാസ്റ്റ് ആയിരുന്നു. കുറച്ച് സമയത്തിനുള്ളിൽ തന്നെ തന്റെ ആദ്യ ബോട്ടിൽ തീർത്ത് അവൾ രണ്ടാമത്തേത് പൊട്ടിച്ചു…
റോഷൻ : “ഹാ… വൻ ഫോമിലാണല്ലോ…!”
“കുറച്ചായി… അതിന്റെ ആക്രാന്താ…”, അവൾ ചിരിച്ചുകൊണ്ടു, പൂച്ച പാല് കുടിക്കും വിധം തന്റെ ഇരു കണ്ണുകളും മൂടി, മധു നുകരുന്നത് തുടർന്നു.
ഒരു കൊച്ച് കുട്ടിയുടെ ചേഷ്ഠകളോടെ, തന്റെ മുന്നിൽ പെരുമാറുന്ന അവളെ അവനും പുഞ്ചിരിയോടെ നോക്കി നിന്നു.… ബോട്ടിലിൽ ഒരു കവിൾ കൂടി ഇറക്കിക്കൊണ്ട്, കണ്ണുകൾ തുറന്ന അഞ്ജു എന്തോ ചോദ്യം ആരായാൻ എന്നവണ്ണം, അവന് നേരെ തിരിഞ്ഞു.