ആ വിളി….
അവളുടെ നോട്ടം തുടരുന്ന ഓരോ നിമിഷവും അവന്റെ ഹൃദയം മിടിക്കാനാവാതെ പിടഞ്ഞു…. ഒഴുകാൻ വെമ്പുന്ന പ്രണയത്തെ, അവളുടെ കണ്ണുകൾ തടയിട്ട് നിർത്താൻ കഷ്ടപ്പെടുന്നത് അവനവിടെ കാണാൻ കഴിയുന്നുണ്ടായിരുന്നു…
“ഉറപ്പാണ്”, അവളെ നോക്കി, ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു…. അതു പറയുമ്പോളും, അല്ല’ എന്ന് വിളിച്ച് പറയാൻ അലവലാതി അലമുറയിട്ടു….
കേട്ടതും അഞ്ജുവിന്റെ ഭാവം മാറി…. ഹൃദയം ഒരു പളുങ്ക്പാത്രം പോലെ നിലത്ത് വീണ് ചിന്നിച്ചിതറി…. അവൾ ദേഷ്യത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിന് മുന്നിൽ അധികനേരം പിടിച്ചു നിൽക്കാൻ അവനാകുമായിരുന്നില്ല… ഒരു ഭീരുവിനെപ്പോലെ, അവൻ അവളിൽ നിന്നും വീണ്ടും കണ്ണുകൾ തിരിച്ചു.
അഞ്ജു ദേഷ്യത്തോടെ, അക്സിലേറ്ററിൽ കൈ തിരിച്ചു… പോകവെ, പിന്നീടവൾ ഒരിക്കൽ പോലും അവനെ തിരിഞ്ഞ് നോക്കിയില്ല…
ഒരായിരം ഹൃദയാഘാതങ്ങൾ ഒരുമിച്ച് വിരുന്നെത്തിയത് പോലെയായിരുന്നു അവന് ആ പോക്ക് അനുഭവപ്പെട്ടത്… ചുറ്റുമുള്ള ശബ്ദങ്ങൾ ഒന്നും തന്നെ അവന് അപ്പോൾ കേൾക്കാനാവുന്നുണ്ടായിരുന്നില്ല… അവളുടെ സ്കൂട്ടർ ഗേറ്റിൽ നിന്നും മറയും വരെ, റോഷൻ അതേ നിൽപ്പ് തുടർന്നു.
തിരികെ നടക്കവെ, അവനും അലവലാതിയും തമ്മിൽ ഒരു കാർഗിൽ യുദ്ധം നടന്നു… മറ്റാരെയും പോലെയല്ല അഞ്ജു…. വിമലിന്റെ ഭാര്യയാണ്… അവളെ ആഗ്രഹിക്കാൻ പാടില്ല…’, മനസ്സിന്റെ ഒരു പാതി പറഞ്ഞു.
എന്നാൽ അതേ സമയം മനസ്സിന്റെ മറുപാതി അതിനെ എതിർത്തു… മറ്റുള്ള ആരോടും തനിക്ക് ഇതുവരെ തോന്നാത്ത ഒന്നാണ് ഇപ്പോൾ അഞ്ജുവിനോട് തോന്നുന്നത്… ഇത് കേവലം ശരീരത്തോടുള്ള ദാഹമല്ല… മറിച്ച് താൻ കാംക്ഷിക്കുന്നത് അവളുടെ മനസ്സ് തന്നെയാണ്… ആ വികാരത്തെ ചങ്ങലക്കിടാൻ കഴിയുമോ…?’, ഉത്തരമില്ലാതെ ചോദ്യം ചോദിച്ച് മറുപാതി റോഷനെ നിശബ്ദനാക്കി.
അല്ലെങ്കിൽ തന്നെ ആവശ്യത്തിൽ കൂടുതൽ പ്രശ്നത്തിന് നടുവിലാണ് താൻ… എന്നിട്ടും ഇപ്പോൾ അതെല്ലാം തനിക്ക് രണ്ടാം സ്ഥാനത്താണ്’,റോഷൻ ചിന്തിച്ചു… സ്വന്തം ചുവടുകൾക്ക് അവന് ഇതുവരെയില്ലാത്ത ഭാരം അനുഭവപ്പെട്ടു. വരാന്തയിലെ ചുമരിൽ ചാരി അവൻ കുറച്ചധിക സമയം മേൽപ്പോട്ട് നോക്കി നിന്നു…
ചിന്തകളിൽ അഞ്ജുവിന്റെ മുഖം മാത്രം കടന്നു വരുന്നു… മനസ്സ് മുഴുവൻ ഇപ്പോൾ അഞ്ജുവാണ്… കാതുകളിൽ മുഴങ്ങുന്നത് അവൾ അവസാനമായി ചോദിച്ച ചോദ്യമാണ്…