വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

“അപ്പോ കാണാം … റോഷാ….”, ഉറക്കെയുള്ള ചിരി തുടർന്നുകൊണ്ട്, നിക്സൻ അവന്റെ കാറിലേക്ക് തിരികെ നടന്നു… അവന്റെ നടത്തവും ഭാവവും, ഈ കളി ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് വിളിച്ച് പറഞ്ഞു.

മിക്കവാറും കാണേണ്ടി വരും”, അവന്റെ മറ്റേടത്തെ ആറ്റിട്യൂഡ് കണ്ട് അലവലാതി മൊഴിഞ്ഞു…

നിക്സന്റെ കാറ് പുറപ്പെട്ടതിന് പിന്നാലെ ഗുണ്ടകളുടെ ജീപ്പും അവിടെ നിന്നും യാത്രയായി. പോകവെ, അതിനകത്തുള്ള ചിലർ സ്കെച്ച് ചെയ്യും പോലെ റോഷനെ ഒന്ന് അടിമുടി നോക്കി. അതേ സമയം, വെളിയിൽ നടന്ന കഥകളിയുടെ’ അവസാന രംഗം മാത്രം കണ്ടുകൊണ്ട്, റോഷന്റെ അടുത്തേക്ക് അഞ്ജു തിരികെയെത്തി.

“ആരാ അത്…?”, മൊത്തത്തിലെ പന്തിയില്ലായ്മ ശ്രദ്ധിച്ച്, അവൾ റോഷനോടായി ചോദിച്ചു.

“പഴയൊരു സ്നേഹിതനാ… പേര് പറഞ്ഞാൽ ഒരുപക്ഷെ നീ അറിയും… നിക്സൻ”, അകന്ന് നീങ്ങുന്ന ബെൻസിലേക്ക് നോക്കിക്കൊണ്ട്, അവൻ മറുപടി നൽകി.

കേട്ടതും, അമ്പരപ്പിൽ അഞ്ജുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. അവൾ നിക്സന്റെ ബെൻസ് പോയ വഴിക്ക് ഇമച്ചിമ്മാതെ നോക്കി നിന്നു… റോഡിൽ പുകപടലങ്ങൾ തീർത്തുകൊണ്ട്, ദൂരെ അലങ്കാര തോരണങ്ങൾക്കപ്പുറം ആ വണ്ടികൾ രണ്ടും അപ്രത്യക്ഷമായി…

“പോവാം…?”, അഞ്ജുവിന് നേരെ തിരിഞ്ഞ്, റോഷൻ വളരേ ക്യാഷ്വലായി ചോദിച്ചു.

നിക്സനാണ് പോയതെന്ന് അറിഞ്ഞതിന്റെ തരിപ്പ് മാറാതെ, ആ ചോദ്യത്തിന്, അവൾ അറിയാതെ അതെ’യെന്ന് തലയാട്ടി…

*** *** *** *** ***

വിമലിന്റെ വീട്ടിലേക്ക് സ്കൂട്ടർ കയറ്റി നിർത്തി, അഞ്ജുവിനൊപ്പം റോഷനും ഇറങ്ങി.

“എന്നാ പിന്നെ നാളെ കാണാം…”, മനസ്സിനെ മദിക്കുന്ന ചിന്തകളും പേറി, വീട്ടിലേക്ക് നടക്കാൻ ഒരുങ്ങിക്കൊണ്ട് റോഷൻ പറഞ്ഞു.

“റോഷൻ ഒന്നും കഴിച്ചിട്ടില്ലല്ലോ… കേറ്… അത്താഴം കഴിച്ചിട്ട് പോകാം”, അഞ്ജു ക്ഷണിച്ചു.

“വേണ്ട അഞ്ജു… ഇപ്പോ ഉടനെ ഭക്ഷണം ഒന്നും ഇറങ്ങില്ല… തല ആകെ പെരുക്കുന്നു…”, തലമുടിയിൽ അമർത്തി ചിക്കിക്കൊണ്ട്, റോഷൻ തന്റെ അവസ്ഥ വെളിപ്പെടുത്തി.

അഞ്ജു അവനെ നോക്കി. എപ്പോഴത്തെയും പോലെ തന്നെ, അവന്റെ മനസ്സിലുള്ളത് പറയാതെ തന്നെ ഗ്രഹിക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നു.

“പെരുപ്പിനുള്ളത് ഞാൻ തന്നാൽ, റോഷൻ ഭക്ഷണം കഴിക്കോ…?”, യാതൊരു ഭാവമാറ്റവുമില്ലാതെ അവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *