വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

“റോഷന് എന്നോടെന്തെങ്കിലും പറയാനുണ്ടോ…?”, മൗനത്തെ മുറിച്ചുക്കൊണ്ട്, അഞ്ജു തന്നെ തുടങ്ങി വച്ചു.

അവൻ തല തിരിച്ച് അവളെയൊന്ന് പാളി നോക്കി. ശേഷം എന്തോ ചിന്തയിൽ ഇല്ല’ എന്ന് തലയാട്ടി… അവന്റെ നിസ്സംഗത അവളെ ചെറിയ തോതിൽ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. ഇരുവരും മൗനം അവലംബിച്ച് കൊണ്ട്, ഒരു നില കൂടി നടന്നിറങ്ങി. നടത്തത്തിനിടയിൽ, റോഷൻ സംസാരിക്കാനുള്ള ധൈര്യം സ്വരൂപ്പിക്കാൻ ശ്രമിച്ചു.

“അഞ്ജു… ഇന്നലെ രാത്രി…”, എന്തോ പറയാൻ തുടങ്ങിയ റോഷൻ, പെട്ടന്ന് പകുതിക്ക് വച്ച് നിർത്തി.

“ഇന്നലെ രാത്രി…?”, അവന്റെ ഭാവം കണ്ട അഞ്ജു റോഷനോട് തന്നെ പൂരിപ്പിക്കാൻ ആവശ്യപ്പെടും പോലെ, പറഞ്ഞത് ആവർത്തിച്ചു.

അവൻ മിണ്ടാൻ സാധാരണയിലും അല്പം സമയമെടുത്തു. പറയാൻ പോകുന്നത് കള്ളമാണെന്ന്, പറയും മുന്നേ തന്നെ അലവലാതി വിളിച്ചു കൂവി…

“ഇന്നലെ.. നമുക്കിടയിൽ… മദ്യത്തിന്റെ പുറത്ത്…”, റോഷൻ പറയാനാവാതെ ബുദ്ധിമുട്ടി.

“അറിയാതെ സംഭവിച്ചതാണ് എന്നാണോ…?”, ആരേക്കാളും അവന്റെ മനസ്സ് വായിക്കാനറിയാവുന്ന പോലെ അവൾ പൂരിപ്പിച്ചു.

റോഷൻ മടിച്ചു മടിച്ച്, അതെ’ എന്ന ഭാവത്തിൽ, ചെറുങ്ങനെ തലയാട്ടി. സത്യം മറച്ചുവക്കാൻ കഷ്ട്ടപ്പെടുന്ന അവന്റെ കണ്ണുകളിലേക്ക്, അവൾ രൂക്ഷമായി നോക്കി. അവനാകട്ടെ അവൾക്ക് പിടികൊടുക്കാതെ, മുഖം ചെരിച്ചു.

അവൻ വീണ്ടും മുന്നോട്ട് നടന്നു.. അവനെത്തന്നെ നോക്കിക്കൊണ്ട് അവൾ കൂടെയും…

ഇരുവരും നിലകളിറങ്ങി, താഴേക്ക് എത്തിച്ചേർന്നു…. സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത ശേഷം, യാത്ര പറയും വണ്ണം ഇരുവരും വീണ്ടും പരസ്പരം നോക്കി.

“ഇന്നലെ, അറിയാതെ സംഭവിച്ചതാണെന്ന് റോഷന് ഉറപ്പല്ലേ…?, അത് ചോദിക്കുമ്പോൾ, അറിയാതെ, അവളുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു…

അവളുടെ ശബ്ദത്തിലെ ഇടർച്ച, അവന്റെ നെഞ്ചിൽ കഠാര എന്നവണ്ണം കുത്തിയിറങ്ങി… അവൻ അഞ്ജുവിൽ നിന്നും വീണ്ടും മുഖം തിരിച്ചു.

“റോഷാ… ഞാൻ ചോദിച്ചതിന് ഉത്തരം പറ…”, പോകാനായി തന്റെ ആക്സിലേറ്ററിൽ കൈ വച്ചുകൊണ്ട്, ദുഃഖഭാരം തിങ്ങുന്ന ഭാവത്തിൽ, അവൾ ഒരിക്കൽ കൂടി വിളിച്ച് ചോദിച്ചു.

റോഷൻ തിരിഞ്ഞ് അവളുടെ കണ്ണുകളിലേക്ക് നോക്കി…. മനസ്സാക്ഷിക്ക് ചേർന്ന ഒരു ഉത്തരം പറയാനാവാതെ അലവലാതി നട്ടം തിരിഞ്ഞു…

“ഡാ…”, പതുക്കെ, വേദനയോടെ അഞ്ജു വീണ്ടും അവനെ വിളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *