“അപ്പൊ അളിയന്റെ ആറാട്ട് വട്ടത്തിൽ മൂഞ്ചി എന്ന് സാരം…”, കേട്ടതും, അച്ചുവിനൊട്ടൊരു കൊട്ട് കൊടുക്കും വിധം റോഷൻ പറഞ്ഞു.
“ശവത്തിൽ കുത്താതെടാ…!”, ഗതികേട് നിറഞ്ഞ സ്വരത്തിൽ, തമാശപ്പറയും പോലെ അച്ചുവും തിരിച്ചുപറഞ്ഞു.
മൂവരും ചിരിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ, രേഷ്മ ചേച്ചി റോഷനെ ഫോൺ വിളിച്ചു. അച്ചുവിന്റെ കാര്യങ്ങൾ തിരക്കുന്നതിനൊപ്പം, എടുത്ത് ചാടരുതെന്ന്’ ചേച്ചി ഒരിക്കൽ കൂടി റോഷനെ താക്കീത് ചെയ്തു. ചേച്ചി പറഞ്ഞതിനൊക്കെയും പഴയ ട്യൂഷൻ കുട്ടിയെ കണക്ക് അവൻ മൂളിക്കൊടുത്തു. ഒടുവിൽ ഫോണിലൂടെ ഒരു ചക്കര ഉമ്മയും നൽകിയാണ് ചേച്ചി കോൾ അവസാനിപ്പിച്ചത്… അരികിൽ വിമലും അച്ചുവും ഉള്ളതിനാൽ, വാങ്ങിയ ഉമ്മ പാവം’ റോഷന് തിരിച്ചു കൊടുക്കാനും കഴിഞ്ഞില്ല.
അച്ചുവിനെ റോഷനെ ഏൽപ്പിച്ച്, വൈകുന്നേരമായപ്പോൾ വിമലും വീട്ടിലേക്ക് തിരിച്ചു… അച്ചുവിന് ഒറ്റക്ക് കൂട്ടിരുന്നു മടുത്ത റോഷൻ, സന്ധ്യ കഴിഞ്ഞപ്പോൾ അതിനകത്ത് തന്നെ ഒന്ന് നടക്കാനിറങ്ങി. ആ സമയം ബാലാജിയുടെ കോൾ അവനെ തേടിയെത്തി…
ബാലാജി : “ആ റോഷൻ തമ്പി…”
“ആ അണ്ണാ… ഞാൻ ഒന്നൂടെ അങ്ങോട്ട് വിളിക്കാൻ ഇരിക്കായിരുന്നു”, എടുത്തപ്പാടെ റോഷൻ മറുപടി പറഞ്ഞു.
ബാലാജി : “നാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു… അതാ കിട്ടാഞ്ഞേ…”
റോഷൻ : “പറ ബാലു അണ്ണ… എന്തായി കാര്യങ്ങൾ…?”
ബാലാജി : “നീ പറഞ്ഞ ആളെപ്പറ്റി ഞാൻ പസ്സങ്കളോട് അന്വേഷിച്ചു. കരുതും പോലെ ചില്ലറ പുള്ളി ഒന്നുമല്ല അവൻ… പിള്ളേര് കൊടകില് വച്ച് നടന്ന ഒരു പഴയ സംഭവം എന്നോട് പറഞ്ഞു…”
ഒന്നാമത് നിക്സനെക്കുറിച്ച് ആൾക്ക് ആൾ വീതം തള്ളുന്നുണ്ട്. അതിന്റെ കൂടെ ദാ ഇപ്പോൾ ബാലു അണ്ണനും കൂടി ഒരു തള്ള് കഥ പറയാൻ ഒരുങ്ങുന്നു’, അലവലാതി പറഞ്ഞു.
ബാലാജിയുടെ കഥ കേൾക്കാനായി റോഷൻ ജിജ്ഞാസയോടെ കാതോർത്തു. തുടരവെ, കേട്ട കഥയുടെ ബാധിപ്പ് അയാളുടെ ശബ്ദത്തിലും പ്രതിഫലിച്ച് കേട്ടു.
ബാലാജി : “സാവടിക്ക വന്ത 11 പേരെ, ഒരു പീച്ചാംക്കത്തിക്കൊണ്ട് അവൻ ഒത്ത ആളാ അരിഞ്ഞ് വീഴ്ത്തിയ കഥ… അന്ന് മുതൽ കൊടകിൽ അവനൊരു വട്ടപ്പേര് വീണു; അയ്ദ കട്ടി’… മുട്ടാൻ പോയിട്ട് അവൻ കിട്ടൈ അടുക്കുന്ന കാര്യം യോസിക്കാൻ പോലും എതിരാളികൾ മടിക്കും… അവലൗ കൂടിയ ഇനമാ…”