വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

“കോപ്പ്…”, സ്വയം പറഞ്ഞുകൊണ്ട് അവൻ വാട്ട്സ്സാപ്പ് തുറന്നു. എന്നിട്ട് ബാലാജിക്ക് ഒരു വോയിസ്‌ നോട്ട് അയച്ചിട്ടു…

റോഷൻ : “ബാലു അണ്ണാ… കാര്യങ്ങൾ എന്തായി….?…. ഫ്രീ ആകുമ്പോൾ ഒന്ന് തിരിച്ചു വിളിക്കണേ….”

റോഷൻ ഒരു ലൈറ്റ്സിന് തീ കൊടുത്തു… പുകതുപ്പി തലങ്ങും വിലങ്ങും പാഞ്ഞോടുന്ന വാഹനങ്ങൾക്കും, സമയം കയ്യിലേന്തി ഇടതടവില്ലാതെ നടന്നോടുന്ന ആളുകളെയും നോക്കി, അവൻ അതിൽ നിന്നും രണ്ട് മൂന്ന് പുക ഉള്ളിലെടുത്തു. മനസ്സും ചുറ്റുപാടും ഒരേ പോലെ വേഗത്തിൽ….

പെട്ടന്ന്…. കടയിൽ വച്ചിരുന്ന റേഡിയോയിൽ നിന്നും ‘Salt N Pepper’ എന്ന സിനിമയിലെ ‘പ്രേമിക്കുമ്പോൾ നീയും ഞാനും…’ എന്ന പാട്ട് കേൾക്കാൻ തുടങ്ങി.

ആ സംഗീതം, ഒരു തണുത്ത കാറ്റ് തഴുകുന്ന പോലെ അവന് അനുഭവപ്പെട്ടു. അത് ആസ്വദിച്ചുകൊണ്ടു അടുത്തൊരു പുക കൂടി റോഷൻ ഉള്ളിലേക്കെടുത്തു. എന്നിട്ട് ഒന്നൂടെ ചുറ്റും നോക്കി. പഴയ അതേ കാഴ്ചകൾ… എന്നാൽ… ഇത്തവണ ആ പാട്ടിന്റെ താളത്തിൽ, അവനാ ആ തിരക്ക് പിടിച്ച കവലയും പതിയേ നീങ്ങുന്ന പോലെ അനുഭവപ്പെട്ടു…

“ണ്നോ…”, നാവ് മോണയിൽ തട്ടിച്ച്, ആരോ തന്നെ വിളിക്കുന്ന പോലെ ഒരു ശബ്ദം അവൻ കേട്ടു.

റോഷൻ ചുറ്റും നോക്കി. പക്ഷെ ആ കൂട്ടത്തിനിടയിൽ അവന് ആ ശബ്ദത്തിന്റെ ഉടമയെ കണ്ടെത്താൻ ആയില്ല…

“ണ്നോ…”, അതേ ശബ്ദം ഒരിക്കൽ കൂടി അവന്റെ കാതുകളെ തേടിയെത്തി.

ഇത്തവണ ശബ്ദം കേട്ട ഭാഗത്തേക്ക് അവൻ കൃത്യമായി കണ്ണുകൾ തിരിച്ചു. എതിർ വശത്ത് നിർത്തിയിട്ടിരിക്കുന്ന ബസ്സിൽ, ജനാലയോട് ചേർന്നുള്ള സീറ്റിലിരിക്കുന്ന സന്ധ്യയായിരുന്നു ആ ശബ്ദത്തിന്റെ ഉടമ…

തന്റെ നിരയൊത്ത പല്ലുകളുടെ കാന്തി മുഴുവൻ വെളിയിൽ കാണും വിധം, അവളവനെ നോക്കി മനോഹരമായി ചിരിച്ചു. അവളെ കണ്ട സന്തോഷത്തിൽ, അവനും വിടർന്ന ഒരു പുഞ്ചിരി നൽകി.

എന്തോ ആ തലക്ക് പ്രാന്ത് പിടിച്ച് നിന്നിരുന്ന ആ നിമിഷങ്ങളിൽ, അവളുടെ ദർശനം പോലും അവന് പറഞ്ഞറിയിക്കാൻ ആവാത്ത വിധം സന്തോഷം പകർന്നു… മരുഭൂമിയിൽ വച്ച് തണുത്ത ഉപ്പ് സോഡാ കിട്ടിയത് പോലെ…

“എവിടെ പോവാ…”, റോഷൻ ശബ്ദം പുറത്ത് കേൾക്കാത്ത, ആംഗ്യത്തിൽ, ചുണ്ടനക്കി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *