വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

നിക്സൻ : “ഇനിയും അങ്ങനെ ഒരു ഷോ നീ ഇറക്കിയാ… നിന്റെ വീട്ടിൽ കേറുമെന്ന് ഞാൻ പറയുന്നില്ല… പക്ഷെ-”

നിക്സൻ നിർത്തി, റോഷന്റെ മുഖഭാവം ഒന്ന് ശ്രദ്ധിച്ചു… തന്റെ കയ്യിലെ ചീട്ടുകൾ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ നിക്സൻ അവനിൽ കണ്ടു… അവന്റെ കണ്ണുകളിലേക്ക് നോക്കി, നിഗൂഢമായ ചിരിയോടെ അയാൾ തുടർന്നു.

“പക്ഷെ നിനക്ക് പ്രിയപ്പെട്ടവരുടെ വീട്ടിലൊക്കെ ഞാൻ കേറും.. കേറുന്നത് ഞാൻ ഒറ്റക്കായിരിക്കില്ല.. കൂടെ ദേ അവരും ഉണ്ടാകും..”, ഒരു ഭീഷണി പോലെ പറഞ്ഞുകൊണ്ട്, നിക്സൻ ബെൻസിന് പുറകിൽ കിടക്കുന്ന ജീപ്പിലേക്ക് കൈ ചൂണ്ടി.

റോഷൻ നോക്കി… ഒരു ജീപ്പിൽ ഗുണ്ടകൾ എന്ന് തോന്നിക്കുന്ന ഒരു 4 പേർ നിക്സന്റെ ആജ്ഞക്കായി കാതോർത്ത് ഇരിക്കുന്നു… അത്രേം പേരെ ഒറ്റക്ക് നേരിടാനുള്ള കരുത്തൊന്നും തനിക്കില്ലെന്ന തികഞ്ഞ ബോധ്യം ഉണ്ടെങ്കിലും, നിക്സന് മുന്നിൽ ഇത്രയും നേരം പിടിച്ചു നിന്ന ആറ്റിട്യൂഡ് വിട്ടുകൊടുക്കാൻ റോഷൻ ഒരുക്കമായിരുന്നില്ല…

“ഭീഷണിയാണോ…?”, ലവലേശഭയം മുഖത്ത് കാണിക്കാതെ, നിക്സന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി, അവൻ ആരാഞ്ഞു…

“ഭീഷണിയോ, ഉപദേശമോ… എന്തായിട്ട് വേണമെങ്കിലും എടുക്കാം… പക്ഷെ പറഞ്ഞത് ഞാൻ ചെയ്യും. എനിക്ക് അത്തരം വാക്ക് പാലിക്കുന്ന ഒരു മോശം സ്വഭാവം ഉണ്ടേ…!”, പറയുന്നതിനൊപ്പം നിക്സന്റെ മുഖത്ത് വീണ്ടും പഴയ വില്ലൻച്ചിരി കടന്നുവന്നു.

റോഷൻ : “എന്നാൽ അങ്ങനെ ആവട്ടെ…”

നിക്സൻ : “ഒരിക്കൽ കൂടി ഞാൻ പറയുന്നു റോഷാ… ഈ കളി ഇവിടെ നിർത്തിക്കോ….”

“കളി ഞാൻ നിർത്താം… എന്റെ കൂട്ടുകാരുടെ അടുത്ത് നിന്നും വാങ്ങിയത് നീയും തിരിച്ചു കൊടുത്തേക്ക്..”, പറയുമ്പോൾ, പ്രശ്നം ഇവിടെ കൊണ്ട് അവസാനിക്കുകയാണെങ്കിൽ അവസാനിക്കട്ടെ’, എന്നൊരു ചിന്ത റോഷന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു.

എന്നാൽ കേട്ടതും, പ്രതീക്ഷക്ക് വിരുദ്ധമായി, നിക്സൻ വീണ്ടും ഉറക്കെ ചിരിക്കാൻ തുടങ്ങി. അതേ സമയം തന്നെ സ്റ്റേജിൽ, സുഗ്രീവനെ അടിച്ചോടിച്ച ശേഷം കത്തി വേഷധാരിയും ഉറക്കെ ഒച്ചയിട്ടു… ഇവർക്ക് മധ്യത്തിൽ കളി കണ്ട് നിന്ന ഒരു കൊച്ചുക്കുട്ടി, ഒരു നിമിഷം ഇതിലേതാണ് ബാലി എന്ന ഭാവത്തിൽ സ്റ്റേജിലേക്കും നിക്സനേയും മാറി മാറി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *