വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

കേട്ടതും അവന്റെ അണപ്പല്ല് അടിച്ച് താഴെയിടാൻ അവന്റെ കൈകൾ തരിച്ചു… ശ്രീലക്ഷ്മിയുടെ മുഖത്ത് അവൻ കൊടുത്ത ഓരോ അടിക്കും അവനോട് കണക്ക് ചോദിക്കണം’, എന്ന് അലവലാതി വിളിച്ചു പറഞ്ഞു…

“അമ്മ എവിടെ…?”, അരിശം ഒതുക്കിയ സ്വരത്തിൽ അവൻ അവളോട് ചോദിച്ചു.

*** *** *** *** ***

ഇരുവരും നടന്ന് നിക്സന്റെ അമ്മയുടെ മുറിയിലെത്തി. റോഷനെ കണ്ടതും, അമ്മയും അടക്കിപ്പിടിച്ച കരച്ചിലോടെ, അവനായി കാത്തുവച്ച സങ്കടങ്ങളുടെ പണ്ടാരപ്പെട്ടി തുറന്നിട്ടു.

“എന്റെ മോൻ… അവൻ മനുഷ്യനല്ല.. കണ്ടില്ലേ എന്റെ കുഞ്ഞിനോട് അവൻ ചെയ്തത്…!”, ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി, സങ്കടത്തോടെ അവർ തുടർന്നു.

“ഞാൻ ജീവിച്ചിരിക്കുമ്പോ നിക്സൻ ഇവളുടെ ദേഹത്ത് കൈ വക്കില്ലെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഇന്നലെ രാത്രി അവൻ അതും തെറ്റിച്ചു.”, ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ആ സ്ത്രീ വീണ്ടും നിർത്താതെ വിതുമ്പി.

റോഷൻ ശ്രീലക്ഷ്മിയെ നോക്കി…. അമ്മയുടെ കരച്ചിൽ കണ്ട്, അവളുടെ കണ്ണുകൾ അനിർഗ്ഗളം ഒഴുക്കുന്നത് അവൻ കണ്ടു.

റോഷൻ അമ്മയുടെ അരികിലേക്ക് ചെന്ന്, ധൈര്യം കൊടുക്കും വിധം അവരുടെ കൈകളിൽ മെല്ലെ ചേർത്ത് പിടിച്ചു. ഏതോ കോണിൽ, ഇപ്പോഴും എരിയുന്ന പ്രതീക്ഷയുടെ വെട്ടത്തെ നോക്കും പോലെ, ആ സ്ത്രീ അവന്റെ കണ്ണുകളിൽ തന്നെ നോട്ടം ഉറപ്പിച്ചു.

അമ്മ : “ഇന്നലെ മോനോട് സംസാരിച്ചപ്പോൾ, എനിക്കെന്തോ… എന്റെ ലാലുനോടും അജുനോടും സംസാരിക്കുന്ന പോലെ തോന്നി… അതോണ്ട് ചോദിക്കാ, ഇവൾക്ക് എവിടേലും ഒരു ജോലി ശരിയാക്കി കൊടുക്കാൻ പറ്റുമോ…?

റോഷൻ മറുപടി പറയാതെ, ഒരു നിമിഷം ചിന്തിച്ചു. ശേഷം അവളുടെ നിലപാട് അറിയാൻ എന്നോണം ശ്രീലക്ഷ്മിയുടെ നേരെ കണ്ണുകൾ തിരിച്ചു. തലേന്ന് കണ്ട ആളെയല്ല അവളിന്ന്…!, അലവലാതി ഉത്കണ്ട്ഠപ്പെട്ടു. അമ്മയുടെ തീരുമാനം തന്നെയാണ് എന്റെ തീരുമാനവും എന്ന മട്ടിൽ അവളവനെ നോക്കി, മെല്ലെ തലയനക്കി.

നിക്സന്റെ അമ്മയോട് എന്ത് മറുപടി പറയണമെന്ന് റോഷൻ വീണ്ടും ഒരു നിമിഷം ആലോചന കൈകൊണ്ടു. വേറെ വഴി പക്കലില്ലെന്ന് വിളിച്ചോതുന്ന ഭാവത്തോടെ, അമ്മ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

അമ്മ : “ ചോദിച്ചത് അധികമാണെന്ന് അറിയാം… പക്ഷെ ഇവളെ ഇനിയും ഇവിടെ നിർത്താൻ എനിക്ക് പേടിയാണ്. ഒരുപക്ഷെ മൊത്തം സ്വത്തുക്കളും സ്വന്തമാക്കാനായി.. ആ നാറി ചിലപ്പോ ഇവളെ കൊന്നെന്ന് തന്നെയിരിക്കും…”

Leave a Reply

Your email address will not be published. Required fields are marked *