പരിഹാരക്രിയയും പ്രതികാരവും
Parihaarakriyayum Prathikaaravum | Author : Bify
(ഈ കഥയിൽ പല ഭാഷ സംസാരിക്കുന്നവർ ഉണ്ട്. അവരുടെ സംഭാഷണത്തിൻ്റെ മലയാള പരിഭാഷയാണ് കഥയിൽ ഉള്ളത്)
18 ആം വയസ്സിൽ പാലക്കാട്ടെ പല്ലശ്ശനയിൽ നിന്നും മുംബൈയിലേക്ക് വണ്ടി കയറിയതാണ് ദാസൻ. കെട്ടിക്കേറിയ കടം അച്ഛനേയും അമ്മയേയും ഓരോ കയറിൻ കഷണത്തിൻ്റെ തുമ്പിൽ ആട്ടിയപ്പോൾ ഇതുവരെ കണ്ട മലയും പുഴയും പിന്നിൽ ഉപേക്ഷിച്ച് അവൻ പാലായനം ചെയ്തു. കടം തലയിൽ ആകുമെന്ന് പേടിച്ച് അകന്ന് നിന്ന ബന്ധുക്കളാരും അവനെ അന്വേഷിച്ച് പോകാൻ തുനിഞ്ഞതുമില്ല. മുംബൈയിൽ 3 ദിവസം പൈപ്പ് വെള്ളം കുടിച്ച് അലഞ്ഞു. രാത്രി ഉറങ്ങാൻ തമിഴ് തൊഴിലാളികൾ അവരുടെ പായയുടെ ഒരറ്റം മാറ്റി തന്നു. ‘ മദ്രാസികളെ ‘ തുരത്താൻ വന്ന വർഗവാതികൾ വാളും വടിയും വീശിയപ്പോൾ ജീവൻ രക്ഷിക്കാൻ പാഞ്ഞു കയറിയ ട്രെയിൻ അവനെ പൂനയിൽ എത്തിച്ചു. അടി കൊണ്ട് കരുവാളിച്ച പുറവുമായി തളർന്നു വീണ അവൻ കണ്ണ് തുറന്നത്, മുത നദിയുടെ തീരത്തെ സർവറിഷി കല്യാൺ റാമിൻ്റെ ആശ്രമത്തിലാണ്. ആഹാരവും താമസവും അവിടെ അവന് തരമായി.
കല്യാൺ രാം ഒരു കള്ള സന്യാസി ആണെന്ന് ഒരാഴ്ചകൊണ്ട് തന്നെ ദാസൻ മനസ്സിലാക്കി. എല്ലാം നഷ്ടപ്പെട്ടവർക്ക് ലോകത്തൊടുള്ള വെറുപ്പ് രവിയെയും ബാധിച്ചിരുന്നു. കളിയാക്കിയും അപമാനിച്ചും തൻ്റെ അച്ഛൻ്റെയും അമ്മയുടെയും ജീവനെടുത്ത ശത്രുക്കളുടെ ലിസ്റ്റില് അവൻ ഒഴികെയുള്ള ഒട്ടുമിക്ക എല്ലാ മനുഷ്യ ജീവികലെയും അവൻ പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ അവരെ ചൂഷണം ചെയ്യുന്ന കല്യാൺ റാമിൻ്റെ ഒപ്പം ചേരാൻ അവന് മാനസികമായ തടസ്സങ്ങൾ ഉണ്ടായില്ല.
കള്ള സന്യാസിമാരും ആഭിചാരകർമങ്ങളും ദാസന് പുത്തരി ആയിരുന്നില്ല. ഐതിഹ്യങ്ങളും ആചാരങ്ങളും സാധാരണ ജനങ്ങളോട് ഇണപിരിക്കാൻ കഴിയാത്ത വണ്ണം ഇഴുകിയ ജന്മദേശമോ പഴയ പേരുകേട്ട നായർ തറവാട്ടിലെ പിന്മുറക്കാരൻ എന്ന നിലയിലോ മാത്രമായിരുന്നില്ല ആ പരിചയം. ബുദ്ധിമുട്ടുകൾ അപ്രതീക്ഷിതമായി ചിട്ടിക്കമ്പനിയിൽ തള്ളിക്കയറിയപ്പോൾ പരിഹാരത്തിനായി സമീപിച്ച കള്ള സന്യാസികൾ തൻ്റെ അച്ഛനെയും അമ്മയെയും കൊമാളിവേഷം കെട്ടിക്കുന്നത് ദാസൻ കണ്ടതാണ്. വിശ്വാസം വരുത്താൻ ഓരോരുത്തരും കാണിച്ച വിഭൂഥി ശൂന്യതയിൽ നിന്നും ഉണ്ടാക്കുക, ചുട്ടകോഴിയെ പറപ്പിക്കുക തുടങ്ങിയ കലാപരിപാടികൾ അടുത്ത് നിന്ന് ദാസൻ കണ്ടിരുന്നു. കഷ്ട കാലത്ത് എന്തും ചെയ്യാൻ തയ്യാറാകുന്ന മനുഷ്യൻ്റെ മാനസികാവസ്ഥ അവന് മനസ്സിലാക്കാൻ കഴിഞ്ഞപോലെ മറ്റാർക്കും മനസ്സിലാകുമായിരുന്നില്ല.