അതുകണ്ടതും ഞാനുമറിയാതെ മുഖംചെരിച്ചവളുടെ കണ്ണുകളെ പിൻതുടർന്നു..
കാണുന്നതോ പർപ്പിൾകളറിലൊരു ചന്ദേരിസിൽക്സ് ചുരിദാർടോപ്പും സെയിംകളർ ദുപ്പട്ടയുമണിഞ്ഞ് ചായക്കപ്പുകൾ നിരത്തിയ ട്രേയുമായി നിൽക്കുന്ന പെൺകുട്ടിയെയാണ്.. അധികം തടിയില്ല.. എന്നാലൊത്തിരി മെലിഞ്ഞതുമല്ലാത്ത ഒരു നാടൻകുട്ടി.. ചന്ദനംതൊട്ട നിഷ്കളങ്കത തുളുമ്പുന്നമുഖത്ത് ആരെയും മോഹിപ്പിയ്ക്കുന്നൊരു പുഞ്ചിരിയുമുണ്ട്..
ഞാൻ നോക്കുന്നതുകണ്ടതും അവൾ കണ്ണുകൾതാഴ്ത്തി മുഖംകുനിച്ചു.. എങ്കിലുമാ മുഖത്തെ നാണംചാർത്തിയ പുഞ്ചിരിമാത്രം മാഞ്ഞിരുന്നില്ല.. ഇടയ്ക്കു മുഖത്തേയ്ക്കു വീണുകിടന്ന മുടിയിഴകൾ ചെവിയ്ക്കു പിന്നിലൊളിപ്പിച്ച് പാളിനോക്കുമ്പോൾ വാലിട്ടെഴുതിയ കണ്ണുകളിലെവിടെയോ ഒരു കുസൃതിയും കലർന്നിരുന്നു..
..പാവം..!!
അവളുടെയാ നാണത്തോടുകൂടിയ ചിരിയും നോട്ടവുമൊക്കെ കണ്ടപ്പോൾ എനിയ്ക്കതിനോട് സഹതാപമാണ് തോന്നിയത്… എന്റെ സ്വാർത്ഥതയ്ക്കു വേണ്ടി ഞാൻ കുത്തിനോവിയ്ക്കാൻ പോണ അടുത്തയിര.!
“”..മോളെന്താലോചിച്ചു നിൽക്കുവാ..?? ആ ചായ അവനുകൊടുക്കാനിത്രേം നാണിയ്ക്കേണ്ട കാര്യമെന്താ..?? അവൻ പിടിച്ചു തിന്നത്തൊന്നുമില്ല.. അല്ലേ ഏട്ടാ..!!”””_ പറഞ്ഞശേഷം സപ്പോർട്ടിനായി അച്ഛൻ വല്യച്ഛൻറെ നേരെനോക്കി… അതുകേട്ടതും അവൾ പെട്ടെന്നൊരു ചമ്മലോടെ എന്റെ മുഖത്തുനിന്നും കണ്ണുകൾപറിച്ചെടുത്തു.. ശേഷം അച്ഛനെനോക്കി ചിരിയ്ക്കാനൊരു ശ്രെമം നടത്തിയെങ്കിലും ദയനീയമായ മറ്റേതോ ഭാവമാണ് ആ മുഖം കോറിയിട്ടത്…
“”..അല്ലാതെപിന്നെ..!!”””_ അച്ഛന്റെ ചോദ്യത്തിനുള്ള വല്യച്ഛന്റെ മറുപടി… അതോടെ വീണ്ടുമൊരു ചിരിയ്ക്കവിടെ തുടക്കമായി… അല്ലേലും വല്യച്ഛൻ യെസ്സുമൂളിയാൽ അച്ഛനും സന്തോഷം, ചെറിയച്ഛന്മാർക്കും സന്തോഷം.. എന്തിന് മാണിക്കോത്ത് തറവാടിനു മുഴുവൻ സന്തോഷം.. ഇവിടെ സന്തോഷിയ്ക്കാനിടയൊന്നുമില്ലാത്തത് എനിയ്ക്കാണല്ലോ… എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മാത്രമാണല്ലോ..
“”..അതുപിന്നെ അവളാളു കുറച്ചു ഷൈയാന്നേ… ഇത്രേംപേരെയൊക്കെ ഒന്നിച്ചുകണ്ടപ്പോൾ കക്ഷിയാകെ പേടിച്ചുപോയി… അതിന്റെയാ..!!”””_ ചിരികൾക്കിടയിൽ പെണ്ണിന്റെ അമ്മാവനാണതു പറഞ്ഞത്…
“”…മോള് കോളേജ് ലെക്ചറെന്നല്ലേ പറഞ്ഞത്… എന്നിട്ടാണോ ഇത്രേംനാണം..?? ഇങ്ങനെയാണേൽ പിള്ളേരെയെങ്ങനാ ഹാൻഡിൽചെയ്യുന്നേ..??”””_ അവളെനോക്കി ചോദിച്ചശേഷം ചോദിച്ചതിലെന്തേലും തെറ്റുണ്ടോന്നഭാവത്തിൽ അച്ഛനെനോക്കാനും അമ്മ മറന്നില്ല…
“”…അതേ… അതാണ് നമ്മുടേംസംശയം.! പിള്ളേര് തലേൽക്കേറിയിരുന്നു നിരങ്ങുന്നുണ്ടാവും..!!”””_ അവിടെനിന്ന ഒരു ചേച്ചിയാ പറഞ്ഞതിന് തിരിഞ്ഞവരെ പരിഭവഭാവത്തിൽ നോക്കുകയാണവൾ ചെയ്തത്…
“”..അതൊന്നും കുഴപ്പമില്ല… നമ്മുടെ പാർത്ഥിയ്ക്ക് ഇതുപോലടക്കവും ഒതുക്കവുമുള്ളൊരു പെൺകുട്ടിയെ വേണമെന്നാ അമ്മയെപ്പോഴും പറയുക… എന്തായാലും അക്കാര്യത്തിൽ അമ്മയുടെ പ്രാർത്ഥനകേട്ടു… അല്ലേ വല്യേട്ടാ..!!”””_ ഏറ്റവുമിളയ ദേവൻ ചെറിയച്ഛൻ വല്യച്ഛനെനോക്കി…