ഞാൻ എഴുനേറ്റ് കട്ടിലിന് പുറത്ത് അവളെ പോലെ കാലുകളെ നീട്ടി ഇട്ടിട്ട് അവളെ നോക്കാതെ തല തിരിച്ചിരുന്നു.
അതിനു ശേഷമാണ് എന്റെ ദേഹത്ത് ഞാൻ നോക്കിയത്.
ഞാൻ ഇട്ടിരുന്ന ഷർട്ട് ഊരി കളഞ്ഞിരുന്നു. പാന്‍റിന് പകരം ഒരു ബെർമുട മാത്രമാണ് ഞാൻ ഇട്ടിരിക്കുന്നത്.
ഇതൊക്കെ അവളാണോ മാറ്റി തന്നത്? എന്റെ ദേഹത്ത് ഉണ്ടായിരുന്ന എല്ലാ പോറലുകളിലും മരുന്നും പുരട്ടിയിട്ടുണ്ട്. കൈയിലെ കെട്ട് മാറ്റി നല്ലത് പോലെ ഡ്രെസ്സിംഗും ചെയ്തിരുന്നു.
അവള്‍ക്ക് മുഖം കൊടുക്കാതെ ഞാൻ പുറം തിരിഞ്ഞിരുന്നതും അവൾ വേഗം എന്റെ ചുമലില്‍ മൃദുവായി പിടിച്ചു.
“എന്നോട് ദേഷ്യമാണോ?” അവള്‍ ചോദിച്ചു. “ആരോടും എനിക്ക് ദേഷ്യമില്ല. ആരോടും സംസാരിക്കാനുള്ള മനസ്സും ഇപ്പോൾ എനിക്കില്ല.”
“വിക്രം…” അവള്‍ സങ്കടത്തിൽ വിളിച്ചു.
“മറിയ എവിടെ..?” ഞാൻ പെട്ടന്ന് ചോദിച്ചു. “ഈ അവസ്ഥയില്‍ നിന്നെ വിട്ടിട്ട് പോകാൻ അവള്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു. പക്ഷേ ഞാൻ നോക്കിക്കോളും എന്ന് പറഞ്ഞത് കൊണ്ട് മനസ്സില്ലാമനസ്സോടെ അവള്‍ പോയി.”
“എന്നെ ആരും നോക്കേണ്ട. എന്റെ കാര്യം നോക്കാൻ എനിക്കറിയാം. ഇനി നീയും പൊയ്ക്കോ.” ദേഷ്യപ്പെടാനുള്ള ശക്തി പോലും ഇല്ലാത്തത് കൊണ്ട് നിർവികാരനായി ഞാൻ പറഞ്ഞു.
“ഞാൻ പോവില്ല. നി ഇങ്ങനെ പിണങ്ങി ഇരുന്നാല്‍ എനിക്ക് പോകാൻ കഴിയില്ല.” വാശി പിടിച്ച് അവള്‍ പറഞ്ഞു.
“എന്റെ പിണക്കം മാറിയതും ഇനിയുമെന്നേ ദ്രോഹിച്ച് സന്തോഷിക്കാൻ വേണ്ടിയാണോ? അതോ ഒരു ദിവസം നല്ലത് പോലെ ഇരുന്നിട്ട് പിന്നെയും എന്റെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ട് നടക്കാനാണോ പിന്നെയും നി തിരിച്ചു വന്നത്?” അവസാനം എനിക്ക് ദേഷ്യം വരാൻ തുടങ്ങി.
പക്ഷേ പെട്ടന്നവൾ ബെഡ്ഡിൽ നിന്ന് ചാടി ഇറങ്ങീട്ട് എന്റെ മുന്നില്‍ വന്ന് മുട്ടുകുത്തി ഇരുന്നിട്ട് എന്റെ രണ്ട് കാലുകളേയും കെട്ടിപിടിച്ചു കൊണ്ട് ഏങ്ങി കരഞ്ഞു.
എനിക്ക് പെട്ടന്ന് എന്തോ പോലെ ആയി.
“ഞാനും നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കും അറിയാം. പക്ഷേ എന്റെ സാഹചര്യം കാരണവും.. എന്നെ വിചാരിച്ച് നി നശിക്കരുത് എന്ന ചിന്ത കൊണ്ടുമാണ് നിന്നെ വിട്ട് അകലാന്‍ ഞാൻ ശ്രമിച്ചത്. പക്ഷേ എനിക്കും അതിന് കഴിയില്ലെന്ന് മനസ്സിലായി… ഇനി ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിക്കില്ലടാ… സത്യം. പ്ലീസ് ഡാ ഇനിയും ഇങ്ങനെ പിണങ്ങിയിരുന്ന് എന്നെ വേദനിപ്പിക്കരുത്.” കരച്ചിലിനിടയിൽ അവള്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. “നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ജീവിക്കാന്‍ കഴിയില്ല. എനിക്ക് മാപ്പ് താ മോനു. ഇനിയും ഈ വേദന താങ്ങാന്‍ കഴിയില്ല.. ഞാൻ ഭ്രാന്തിയായി തീരും.”