“എന്തിനാണ് നി ഇങ്ങനെ ചെയ്തത്..?” വിതുമ്പി കൊണ്ട് അവൾ ചോദിച്ചു.
“ഞാൻ എന്തു ചെയ്താലും നിനക്കെന്താ?” കടുപ്പിച്ച് ചോദിച്ചതും വിഷമം കേറി ചുണ്ടുകളെ അവള്‍ കടിച്ചു പിടിച്ചു. “ഒന്നും പറയാനുമില്ല ആരോടും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല.” എന്റെ കവിളുകളിൽ ചേര്‍ത്തു വച്ചിരുന്ന അവളുടെ കൈകളെ തട്ടിമാറ്റി കൊണ്ട് ദേഷ്യത്തില്‍ ഞാൻ പറഞ്ഞു.
“പക്ഷേ ഇതിനെ കുറിച്ചൊക്കെ എനിക്ക് സംസാരിക്കണം.” അഞ്ചന നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.
“എന്റെ ഫ്ലാറ്റിൽ എനിക്ക് തോന്നിയ എന്തും ഞാൻ ചെയ്യും. ആരേയും ബോധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ല. പിന്നെ ഞാൻ ഇവിടെ ചെയ്തു കൂട്ടിയത് നിങ്ങൾ രണ്ടുപേരെയും ബാധിക്കുന്ന കാര്യവുമല്ല. അതുകൊണ്ട് എന്റെ വഴിക്ക് എന്നെ വിട്ടിട്ട് നിങ്ങളുടെ സ്വന്ത കാര്യം നോക്കി പോകുന്നതായിരിക്കും നല്ലത്.” ഒരു സൈഡിൽ മാറ്റി വച്ചിരുന്ന എന്റെ പൊട്ടി നുറുങ്ങിയ മൊബൈലില്‍ നിന്നും സിം കാര്‍ഡിനെ ശ്രദ്ധയോടെ ഊരി എടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
“ഇതും എന്നെ സംബന്ധിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഇതൊക്കെ നശിപ്പിച്ചത് എന്തിനാണെന്ന് എനിക്കറിയണം. അത് എന്നോട് പറയാതെ ഞാൻ ഇവിടം വിട്ടു പോവില്ല.” അഞ്ചന തറപ്പിച്ചു പറഞ്ഞതും ഞാൻ കോപത്തോടെ നോക്കി.
“അതിന് എന്തു കാര്യമാ നിനക്ക് അറിയാത്തത്?” വേദനയോടെ ഞാൻ ചോദിച്ചു. “എന്നെ വേണമെന്ന് തോന്നുമ്പോ നീയെന്നെ തേടി വരും, അപ്പോഴൊക്കെ ഞാനും നിന്റെ അടിമയെ പോലെ ഒരു ചിന്തയും ഇല്ലാതെ നിന്നെ സ്വീകരിക്കുന്ന കാര്യമാണോ നിനക്ക് അറിയാത്തത്? അതോ, എന്നെ വേണ്ടന്ന് തോന്നുന്ന നേരത്ത് നീയെന്നെ നിസ്സാരമായി തൊഴിച്ചു കളഞ്ഞ് ജീവച്ചവമാക്കി കൊണ്ട് നിന്റെ പാട്ടിന് പോകുന്ന കാര്യമാണോ നിനക്ക് അറിയാത്തത്?” ഞാൻ ചോദ്യം ചെയ്തതും അവള്‍ വിറങ്ങലിച്ചു നിന്നു.
“എപ്പോഴും നിന്റെ അവജ്ഞയെ സഹിക്കാൻ കഴിയില്ല എന്നതാണോ അറിയേണ്ടത്? അതോ, നി നല്‍കുന്ന മനഃക്ലേശത്തെ എല്ലായിപ്പോഴും താങ്ങാന്‍ കഴിയില്ല എന്നതാണോ അറിയേണ്ടത്?”
ഞാൻ പറയുന്നതൊക്കെ കേട്ട് മറുപടി പറയാൻ കഴിയാതെ അഞ്ചന വിതുമ്പി കൊണ്ട് നിന്നു. മറിയ സങ്കടത്തോടെ എന്നെയും അഞ്ചനയേയും മാറിമാറി നോക്കി നിന്നു.
“ഓരോ തവണയും നിന്നോടുള്ള കടുത്ത പ്രണയത്തെ ഞാൻ പ്രകടിപ്പിക്കുമ്പോൾ നി പുളകിതയാവും. അന്നേരം നിന്റെ സ്നേഹത്തെ നി വാരിക്കോരി തരും. പക്ഷേ എന്റെ മനസ്സിനെ ആയിരം ഇരട്ടിയായി വ്രണപ്പെടുത്തുകയും ചെയ്യും. ചിലപ്പോ നീയെന്നെ സ്നേഹിച്ച് ചേര്‍ത്തു പിടിക്കുന്നു… മറ്റ് ചിലപ്പോൾ നീയെന്നെ തള്ളിയും കളയുന്നു.!!” അസഹ്യതയോടെ ഞാൻ ചൊല്ലിയതും കണ്ണുകളെ ഇറുക്കിയടച്ചു കൊണ്ട് അവള്‍ കരഞ്ഞു.