ഡാവിഞ്ചിയുടെ മഹാരഹസ്യം 3 [Smitha]

Posted by

ഡാവിഞ്ചിയുടെ മഹാരഹസ്യം 3

Da Vinciyude Maharahasyam Part 3 | Author : Smitha

Previous Parts

 

ഒരു മൈലിനപ്പുറം, ഓപ്പസ് ദേയിയുടെ ആഢംബര വസതിയായ റ്യു ലാ ബ്രൂയർ നിന്നിരുന്നു. അതിന്റെ കവാടത്തിനു നേരെ കറുത്ത പുരോഹിത – ശിരോവസ്ത്രങ്ങൾ ധരിച്ച് ഭീമാകാരനായ സൈലസ് ഏന്തിവലിഞ്ഞ് നടന്നു. തന്റെ വലത് തുടയിൽ ആണികൾ തറച്ച വീതിയുള്ള ഒരു തുകൽ ബെൽറ്റ് അയാൾ ധരിച്ചിരുന്നു. ‘സിലീസ്’ എന്നാണ് ഫ്രഞ്ച് ഭാഷയിൽ അതിനെ വിളിക്കുന്നത്. ഓപ്പസ് ദേയിയിലെ യഥാർത്ഥ ഭക്തർ അത്തരം ഒരു ബെൽറ്റ് ധരിച്ചിരിക്കണമെന്ന് നിർബന്ധമായിരുന്നു. അത് ധരിക്കുമ്പോൾ തുകൽ ചട്ടയിലെ അസംഖ്യം കൂർത്ത ആണികൾ തുടയിലെ മാംസത്തിലേക്ക് ആഴത്തിൽ തറഞ്ഞിരിക്കും. ക്രിസ്തു കുരിശിൽ അനുഭവിച്ച വേദന എല്ലാ ദിവസവും ഒരു യഥാർത്ഥ ക്രിസ്തു വിശ്വാസി അറിഞ്ഞിരിക്കണം എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. സിലീസ് എപ്പോഴും സൈലസിന്റെ തുടയിൽ അമർന്ന് ചേർന്നിരുന്നു. തുടയിലെ കൊഴുത്ത മാംസത്തിലേക്ക് തറഞ്ഞിരിക്കുന്ന ആണികൾ തരുന്ന അസഹനീയമായ വേദന അയാൾ സംഗീതം പോലെ ആസ്വദിച്ചു.
താൻ യേശുവിന് വേണ്ടി ചെയ്യുന്ന സേവനങ്ങളെയോർത്ത് സൈലസിന്റെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞു. തന്റെ ആത്മാവ് സംഗീതം പൊഴിക്കുന്നത്പോലെ അയാൾക്ക് തോന്നി.
ലോബിയിൽ കയറിക്കഴിഞ്ഞ് അയാൾ നേരെ സ്റ്റെയർ കേസ് കയറാൻ തുടങ്ങി. തിടുക്കമോ വേഗതയോ അയാളുടെ ചലനങ്ങളിലുണ്ടായിരുന്നില്ല.
അത്യന്തം ശാന്തനായി….
തന്റെ പാദപതനം പോലും മറ്റുള്ളവർക്ക് ശല്യമുണ്ടാക്കരുതെന്ന് അയാൾ ആഗ്രഹിച്ചു. ഈ മന്ദിരത്തിന്റെ വിവിധ മുറികളിൽ ഉറങ്ങുന്ന, വിശ്രമിക്കുന്ന ആരും തന്റെ കാലടിയൊച്ചകൊണ്ടുപോലും ശല്യമനുഭവിക്കരുത്.
അയാളുടെ കിടപ്പ് മുറി തുറന്ന് കിടന്നിരുന്നു. ഓപ്പസ് ദേയിയുടെ മന്ദിരങ്ങളിൽ മുറികൾക്ക് താഴുകളില്ല. മുറികൾ പൂട്ടാൻ ആർക്കും അനുവാദമില്ല. ആർക്കും കതകടച്ച് കുറ്റിയിട്ടുള്ള സ്വകാര്യത പാടില്ല.
യഥാർത്ഥ ക്രിസ്തു ശിഷ്യർ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടവരല്ല.
സൈലസ് മുറിക്കകത്ത് കയറി.
സാവധാനം കതക് ചാരിയടച്ചു.
തീവ്രമായ ലാളിത്യം നിറഞ്ഞ മുറി. കടുപ്പമുള്ള തടികൊണ്ടുണ്ടാക്കിയ ഫ്ലോർ. പൈൻ മരം കൊണ്ടുണ്ടാക്കിയ അലമാര. ക്യാൻവാസ് കൊണ്ടുണ്ടാക്കിയ വിരി. അതിലാണ് ഉറങ്ങേണ്ടത്. ഈ ആഴ്ച്ച സൈലസ് പാരീസിലെ ഈ മന്ദിരത്തിലെ അതിഥിയാണ്. മുൻ വർഷങ്ങളിൽ ഓപ്പസ് ദേയിയുടെ ആസ്ഥാനമായ ന്യൂയോർക്കിലെ ആഢംബര മന്ദിരത്തിൽ സ്ഥിരം അന്തേവാസിയായിരുന്നു സൈലസ്.
ദൈവം എനിക്ക് അഭയസ്ഥാനവും ലക്ഷ്യവും തന്നിരിക്കുന്നു….
കൃതജ്ഞതയോടെ സൈലസിന്റെ ഹൃദയം മന്ത്രിച്ചു.
അവസാനം, താൻ കടങ്ങൾ എല്ലാം ഈ രാത്രിയോടെ വീട്ടുവാൻ തുടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *