കറുത്ത ശിരോകവചവും.
കറുത്ത വസ്ത്രത്തിനുള്ളിൽ നിന്ന് അയാൾ പിസ്റ്റൾ എടുത്തു.
ജാക്വിസ് സോണിയാറുടെ നേരെ അയാൾ പിസ്റ്റൾ ചൂണ്ടി.
“ഓടരുത്!”
അയാളുടെ ജീവനില്ലാത്ത വിറങ്ങലിച്ച ശബ്ദം വീണ്ടും സോണിയർ കേട്ടു.
“ഇനി പറ! എവിടെ അത്?”
ഏത് നാട്ടുകാരനാണ് ഇയാൾ? ഉച്ചാരണത്തിൽ നിന്ന് അത് വ്യക്തമല്ല.
“ഞാൻ…ഞാൻ…”
സോണിയറുടെ വാക്കുകൾ വിറപൂണ്ടു.
“ഞാൻ പറഞ്ഞില്ലേ, എനിക്കറിയില്ല…നിങ്ങൾ പറയുന്നത് …അത് …എന്താണെന്ന് എനിക്ക് …അറിയില്ല…”
“കള്ളം!”
നിശ്ചലം നിന്ന് അയാൾ മുരണ്ടു.
ചുവന്ന കൃഷ്ണമണികളല്ലാതെ അയാളുടെ ദേഹത്ത് മറ്റൊന്നും ചലിച്ചില്ല.
“നീയും നിന്റെ കൂട്ടുകാരും സ്വന്തമാക്കി വെച്ചിരിക്കുന്നത് എന്താണ് എന്ന് അറിയാമോ? നിനക്കൊന്നും അർഹതയില്ലാത്ത ഒരു സാധനം! പറ! എവിടെയാ അത് ഒളിപ്പിച്ചു വെച്ചിരിക്കുന്നെ? ജീവൻ വേണേൽ!”
സോണിയറുടെ തലക്ക് നേരെ അയാൾ തോക്ക് ക്രമീകരിച്ചു.
“ചാകാൻ പോലും ഒരുക്കമാണോ താൻ? ആ രഹസ്യം പുറത്താകാതെയിരിക്കാൻ?”
തന്റെ ശ്വാസം നിലച്ച് പോകുന്നത് പോലെ സോണിയർക്ക് തോന്നി.
അയാൾ പൈശാചികമായ ഭാവത്തിൽ തോക്ക് പിടിച്ചിരിക്കുന്നതിനനുസരിച്ച് ശിരസ്സ് ചരിച്ചു.
സോണിയർ കൈകൾ ഉയർത്തി.
“നിലക്ക്!”
സോണിയർ സാവധാനം പറഞ്ഞു.
“ഞാൻ പറയാം! നീ അറിയാൻ ശ്രമിക്കുന്ന കാര്യം…. ഞാൻ….ഞാൻ പറയാം,”
പിന്നെ അദ്ദേഹം അയാളോട് പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധിച്ചാണ്.
വളരെ ശ്രദ്ധിച്ചാണ് അദ്ദേഹം ആ വാക്കുകൾ ഉരുവിട്ടത്.
ആ നുണ എത്ര കാലമായി താൻ റിഹേഴ്‌സൽചെയ്യുന്നതാണ് !
ക്യൂറേറ്റർ ആ രഹസ്യം പറഞ്ഞ് കഴിഞ്ഞപ്പോൾ കറുത്ത വസ്ത്രങ്ങൾ ധരിച്ച ദീർഘകായൻ വിജയിയെപ്പോലെ പുഞ്ചിരിച്ചു.
“കറക്റ്റ്! മറ്റു മൂന്നുപേരും ഇത് തന്നെയാണ് പറഞ്ഞത്,”
സോണിയർ സ്തംഭിച്ച് തോക്ക് ധാരിയെ നോക്കി.
“മറ്റ് മൂന്ന് പേരും?”
“അതെ…”
പ്രേതം പോലെ വിളറി വെളുത്ത ദീർഘകായന്റെ വിറങ്ങലിച്ച ശബ്ദം സോണിയറുടെ കാതുകളിലേക്ക് വീണു.
“അവരെയും കണ്ടിട്ടാ ഞാൻ തന്റെ അടുത്തേക്ക് ഇവിടെ വന്നത്!”
താൻ വീണ്ടും ദുർബലനായത് പോലെ സോണിയർക്ക് തോന്നി.
“നീ ഇപ്പം പറഞ്ഞ അതേ കാര്യം അവരും പറഞ്ഞു. കൃത്യമായി.
അസാധ്യം!
സോണിയർ ചിന്തിച്ചു.
താനും തനിക്ക് താഴെയുള്ള മൂവരും തലമുറകളായി സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാരഹസ്യമാണ് ഈ തോക്ക്ധാരി അറിയാൻ ശ്രമിക്കുന്നത്.
പക്ഷെ ആ രഹസ്യം അവർ വെളിപ്പെടുത്തിയിട്ടില്ല.
താൻ പറഞ്ഞ അതേ നുണ അവരും പറഞ്ഞിരിക്കുന്നു!
അക്രമി വീണ്ടും തോക്കുയർത്തി.