ഡാവിഞ്ചിയുടെ മഹാരഹസ്യം 1 [Smitha]

Posted by

അദ്ധ്യായം ഒന്ന്

പാരീസിലെ ലൂവർ മ്യൂസിയം.
സമയം രാത്രി പത്ത് നാല്പത്തിയേഴ്.

മ്യൂസിയതിന്റെ ഗ്രാൻഡ് ഗ്യാലറിയുടെ കമാനാകൃതിയുള്ള ഇടനാഴികയിലൂടെ ജാക്വിസ് സോണിയർ എന്ന പ്രസിദ്ധനായ ക്യൂറേറ്റർ ഇടറുന്ന ചുവടുകളോടെ നീങ്ങി.
മെരിസി ഡി കാരവാഗിയോയുടെ ചിത്രത്തിന് സമീപമെത്തിയപ്പോൾ ശ്വാസം കഴിക്കാൻ അദ്ദേഹം നിന്നു.
എഴുപത്തിയാറാം വയസ്സിലെത്തിയ വൃദ്ധനാണ് മ്യൂസിയത്തിന്റെ ക്യൂറേറ്ററായ ജാക്വിസ് സോണിയർ.
കിതച്ചുകൊണ്ട് അദ്ദേഹം ഭിത്തിയിൽ ചില്ലിട്ട് വച്ചിരുന്ന പതിനേഴാം നൂറ്റാണ്ടിലെ വിഖ്യാതമായ ആ ചിത്രത്തിൽ മുറുകെപ്പിടിച്ചു.
ചിത്രം ഭിത്തിയിൽ നിന്ന് അടർന്ന് ഇളകി.
ജാക്വിസ് സോണിയർ പിമ്പോട്ടു വേച്ച് ക്യാൻവാസ് കൂമ്പാരത്തിനു മേലേക്ക്‌ വീണു.

പ്രതീക്ഷിച്ചത് പോലെ അൽപ്പം ദൂരെ മുമ്പിൽ ഇരുമ്പു ഗേറ്റി ന്റെ പൂട്ട് വലിയ ശബ്ദത്തോടെ നിലംപൊത്തിയതുപോലെ അദ്ദേഹത്തിന് തോന്നി.
അന്യരുടെ പ്രവേശനം തടയാനുദ്ദേശിച്ച് എപ്പോഴും പൂട്ടിയിടുന്ന കവാടമാണ് അത്.
മാർബിൾ ഇഷ്ടികകൾകൊണ്ടുണ്ടാക്കിയ ഗ്രൗണ്ട് വിറകൊള്ളുന്നത് അദ്ദേഹം അറിഞ്ഞു.
ദൂരെ, അലാറം ഭീദിതമായി മുഴങ്ങി.
ജാക്വിസ് സോണിയർ നിലത്ത് കിടന്ന് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടി. താൻ ജീവനോടെയുണ്ടോ എന്ന് പരിശോധിക്കുന്നത് പോലെ സ്വന്തം ദേഹത്തേക്ക് നോക്കി.
“യെസ്…എനിക്ക് ജീവനുണ്ട്…”
ക്യാൻവാസ് കൂമ്പാരത്തിൽ നിന്ന് അദ്ദേഹം മുമ്പോട്ടേക്ക് ഇഴഞ്ഞു.
പിന്നെ എന്തോ ഒളിപ്പിക്കാനുള്ളത് പോലെ മുമ്പിലെ അതി വിശാലതയിലേക്ക് നോക്കി.
“അനങ്ങരുത്!”
വിറങ്ങലിച്ച ഒരു സ്വരം തൊട്ടടുത്ത് നിന്നെന്നപോലെ അദ്ദേഹം കേട്ടു.
മുട്ടുകാലിൽ നിന്ന്, നിലത്ത് കൈകൾ നിലത്ത് കുത്തി, പാരീസിലെ ഏറ്റവും ബഹുമാന്യരിലൊരാളായ ജാക്വിസ് സോണിയർ ശബ്ദം കേട്ട ദിക്കിലേക്ക് പതിയെ ശിരസ്സ് ചരിച്ചു.
പതിനഞ്ചടി മാത്രം ദൂരെ, അടഞ്ഞ ഇരുമ്പ് കവാടത്തിന് പിമ്പിൽ അദ്ദേഹം അയാളെ കണ്ടു.
കൊടുമുടി പോലെ ഒരു ദീർഘകായൻ ഇരുമ്പഴികളിലൂടെ തന്നെ തറച്ച് നോക്കുന്നു.
വിശാലമായ തോളുകൾ.
പ്രേതം പോലെ വെളുത്ത് വിളറിയ ചർമ്മം.
നാരുപോലെ പാറിപ്പറക്കുന്ന മുടിയിഴകൾ.
പിങ്ക്, ചുവപ്പ് നിറങ്ങളിൽ കൃഷ്ണമണികൾ.
കറുത്ത പുരോഹിത വസ്ത്രം.

Leave a Reply

Your email address will not be published. Required fields are marked *