“ഹാ ബെഷ്ട, കീർത്തന അതും നിനക്ക്, നീ നിൻ്റെ മുഖം ഒന്ന് ആ കണ്ണാടിയിൽ നോക്കിക്കേ “
“ഡാ കളിയാക്കാതെ മൈനെ. ഞാൻ സീരിയസ്സായി പറഞ്ഞതാണ്. എനിക്കവളെ ഒത്തിരി ഇഷ്ടമാണ്. മനസ്സിലെ ഒരു ചാഞ്ചാട്ടം മാത്രമാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓരോ ദിവസം കഴിയും തോറും എനിക്ക് പറ്റുന്നില്ലെടാ. ഞാൻ അവളുടെ അടുത്തു ഞാൻ എല്ലാം തുറന്ന് പറയാൻ പോകുകയാണ്.”
“ഡാ അത് വേണോ അതും മീര മാമിൻ്റെ മരുമകൾ. അവസാനം നിനക്ക് അവളെ കിട്ടുകയുമില്ല അവര് നിന്നെ ഇൻ്റെർണൽ എക്സാമിനു തോൽപ്പിക്കുകയും ചെയ്യും.”
“അവൾ ഇല്ലാതെ പറ്റുമെന്ന് തോന്നില്ല”
“ഡെസ്പാക്കാതെടാ, ആദ്യം നീ കമ്പനി അകാൻ നോക്ക്”
“മ്മ്മ് ഓക്കേ “
“എൻ്റെ ഫുൾ സപ്പോർട്ട്. ഹംസം ആകണമെങ്കിൽ പറഞ്ഞാൽ മതി. പക്ഷേ ചിലവുള്ള ഹംസമാണ് ട്ടോ”
മനസ്സിലുള്ളത് രമേഷിനോട് പറഞ്ഞപ്പോൾ അവന് ഒരു ആശ്വാസം തോന്നി.
പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ദീപു മനഃപൂർവ്വം കീർത്തനയുടെ സീറ്റിന് അരികിലുള്ള സീറ്റിലായി ഇരുന്നു. അന്ന ഇരിക്കാറുള്ള സീറ്റ് ആണ് എങ്കിലും അവൾ ഒന്നും പറയാതെ പിൻ നിരയിലേക്ക് മാറി ഇരുന്നു
കീർത്തന അന്ന് പതിവിലും സുന്ദരിയായ ആണ് ക്ലാസ്സിൽ എത്തിയത്. ക്ളാസ്സ് റൂമിലേക്ക് കടന്നപ്പോൾ ദീപു അന്നയുടെ സീറ്റിൽ ഇരിക്കുന്നതാണ് കണ്ടത്. പിൻ നിലയിലായി അന്നയും. പതിവ് സീറ്റ് വിട്ട് കീർത്തന അന്നയുടെ അരികിൽ പോയിരുന്നു. ദീപുവിന് വല്ലാത്ത നിരാശ തോന്നി എങ്കിലും അവൻ അത് പ്രകടിപ്പിച്ചില്ല. ഇനിയും വൈകി കൂടാ എന്നവൻ്റെ മനസ്സ് പറഞ്ഞു. ഇങ്ങനയാണെങ്കിൽ കീർത്തനയെ നഷ്ടപ്പെടും എന്നവന് തോന്നി. നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമായി ബ്രേക്കിൻ്റെ സമയം ദീപു കീർത്തനയുടെ അടുത്ത് ചെന്ന് കണ്ണുകളിൽ നോക്കി പറഞ്ഞു
“കീർത്തന , ഐ ലവ് യു ”
കീർത്തനയുടെ മുഖത്ത് ആദ്യം ഒരു അമ്പരപ്പായിരുന്നു. അവൾ ചുറ്റും നോക്കി. ക്ലാസ്സിൽ കുറെ പേർ തിരിഞ്ഞു നോക്കുന്നുണ്ട്. ഒരു നിമിഷം അവളുടെ നോട്ടം അർജ്ജുവിലായി. തന്നെ ബാധിക്കുന്ന ഒരു വിഷയം അല്ലാ എന്ന രീതിയിൽ അർജ്ജു അങ്ങോട്ട് നോൽക്കുന്നതേ ഇല്ല. അതു കണ്ട് അവൾക്ക് പെട്ടന്ന് ദേഷ്യം തോന്നി. അർജ്ജുവിനായി കാത്തിരിക്കുമ്പോൾ ആണ് ഇവിടെ ഒരുത്തൻ വന്ന് തന്നെ പ്രൊപ്പോസ് ചെയുന്നത്. മുൻപ് രണ്ട് പേർ വന്നപ്പോൾ താൻ ഒഴുവാക്കിയതാണ്. ഇപ്പോൾ വീണ്ടും ദേ ഒരുത്തൻ. ഈ പരിപാടി ഇവിടം കൊണ്ട് അവസാനിപ്പിക്കണം.