ഇന്ദു പ്രിയയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. ശേഷം അവളെ ചേർത്ത് പിടിച്ചു നടക്ക് അരികിലേക്ക് നടന്നു.
വിജയും വർഷയും ക്ഷേത്രനടയിൽ എത്തുമ്പോൾ എല്ലാവരും നടക്ക് മുന്നിൽ തന്നെ ഉണ്ടായിരുന്നു..ഇന്നത്തെ വഴിപാടുകൾ എല്ലാം വിജയുടെയും പ്രിയുടെയും പേരിൽ ആണ് നടത്തുന്നത്….!
ചുറ്റും കത്തിനിൽക്കുന്ന വിളക്കുകളും അതിൽ നിന്നും പൊഴിയുന്ന അരണ്ട വെളിച്ചവും… നേർത്ത ശബ്ദത്തിൽ കേൾക്കുന്ന ഭക്തിഗീതങ്ങളും….ഇളം കാറ്റിൽ കലരുന്ന ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധവും എല്ലാം ഒരു പ്രതേക അനുഭൂതി ഏവർക്കും നൽകി.
ഭക്തിസാന്ദ്രമായ സന്ധ്യയിൽ ഇല്ലിക്കൽ തറവാട്ടിലെ അംഗങ്ങളിൽ വിജയും പ്രിയയും വർഷയും ഒഴികെ ബാക്കി ഉള്ളവർ മനംഉരുകി ഈശ്വരനോട് പ്രാർത്ഥിക്കുകയാണ് സ്വന്തം മക്കളുടെ പ്രാണന് വേണ്ടി… അവരുടെ ആയുരാരോഗ്യത്തിന് വേണ്ടി.
ഇതിനിടയിലും വിജയ് ശ്രദ്ധിച്ചത് അവന്റെ പെണ്ണിനെ ആണ്….
ദീപങ്ങൾ ചൊരിയുന്ന വർണ്ണശോഭയിൽ പ്രിയയുടെ നറുസൗന്ദര്യം നിമിഷങ്ങൾ പിന്നിടുന്തോറും വർദ്ധിച്ചുകൊണ്ടിരുന്നു… തന്റെ ജീവന്റെ പാതിയുടെ സൗന്ദര്യആകർഷണത്തിൽ ലയിച്ചു പോയ വിജയ് തനിക്ക് ചുറ്റുമുള്ളതെല്ലാം മറന്നു…അവൻ അവളെ തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്…!
മഷി എഴുതിയ കൺപീലികൾ …പനിനീറിതൾ പോലെയുള്ള അധരങ്ങൾ… നുണക്കുഴി വിരിയുന്ന കവിൾ തടങ്ങൾ….നറുകയിലെ സിന്ദൂരം… ഒപ്പം സാരിയിൽ പൊതിഞ്ഞ അവളുടെ ദേഹം….എല്ലാം നോക്കി നിന്നാ വിജയ് ആ ഒരു വേളയിൽ ഇമചിമ്മാൻ പോലും മറന്നു.
മണിനാഥത്തിന്റെ അകമ്പടിയോടെ ദേവീ നടതുറന്നതും എല്ലാവരും മിഴികൾ തുറന്ന് ദേവിയെ നോക്കി കൈ കൂപ്പി തൊഴുതു… വിജയ്ക്ക് പ്രിയയെ നോക്കിയ ആ നിമിഷം തോന്നിയത് അകത്തിരിക്കുന്ന ദേവീ പുറത്തിറങ്ങി വന്നത് പോലെ ആണ്…
എല്ലാവരും ദേവിയെ തൊഴുത ശേഷം പ്രദക്ഷണം വെക്കാൻ തുടങ്ങി… വിജയെ വലിച്ചികൊണ്ട് വർഷ ഗോവിന്ദന്റെയും ശേഖരന്റെയും പിന്നാലെ നടന്നു അവർക്ക് പിന്നിൽ ഇന്ദുവും പത്മാവതിയും….പക്ഷെ പ്രിയയും ഊർമിളയും കുറച്ചു സമയം കൂടി ദേവിയെ തൊഴുതു… ശേഷം അവരും പ്രദക്ഷണം വെച്ചു തിരികെ നടയിൽ എത്തി.
ശാന്തി എല്ലാവർക്കും തീർത്ഥവും ചന്ദനവും നൽകി….