തിരികെ വരുമ്പോ ചോദിക്കണം.
അനന്തു മനസിൽ പറഞ്ഞു വച്ചു.
ശേഷം ഡോർ തുറന്നു വെളിയിലേക്കിറങ്ങി.
ഏല്ലാരും ചിട്ടയായ പരിശീലനത്തിലാണ്.
ചുവടുകളൊന്നും തെറ്റാതെ അടവുകളൊന്നും പിഴക്കാതെ അവർ പരിശീലിച്ചു മുന്നേറുന്നു.
എന്തൊരു മെയ്വഴക്കം.
അനന്തു അവരുടെ പ്രകടനം കണ്ട് അത്ഭുതം കൂറി.
വിവിധ തരത്തിലുള്ള ആയുധങ്ങൾ തമ്മിൽ കലഹം കൂടുന്ന കാഴ്ച്ച.
തമ്മിൽ കോർത്ത് തീപ്പൊരി പറത്തുന്ന വാൾമുനകൾ.
പോർ വിളിയുമായി ഏറ്റു മുട്ടുന്ന കുന്ത മുനകൾ.
ആവേശത്തോടെ തന്റെ മൂർച്ചയും മെയ്വഴക്കും കാണിക്കുന്ന ഉറുമികൾ.
ആയുധങ്ങളുടെ അകമ്പടിയില്ലാതെ ഭുജങ്ങൾ കൊണ്ട് യുദ്ധം ചെയ്യുന്നവർ
ആ കാഴ്ച്ച കണ്ട് അനന്തുവിന് മതി മറന്ന പോലെയായിരുന്നു.
വല്ലാത്തൊരു ആവേശം തന്നിൽ നിറയുന്ന പോലെ.
ആ ആയുധങ്ങൾ തന്റെ സ്പർശനത്തിനായി കാത്തിരിക്കുന്ന പോലെ.
അനന്തുവിന് സ്വയം കടിഞ്ഞാൺ നഷ്ട്ടപെടുന്നതായി തോന്നി.
എന്തിനോ വേണ്ടി തന്റെ മനസ് പിടയ്ക്കുന്നു.
എന്തോ നേടുവാനായി ഉടലിലെ ഓരോ അണുവും ആത്മാർത്ഥമായി വെമ്പൽ കൊള്ളുന്നു.
മനസ് നൂല് പൊട്ടിയ പട്ടം പോലെ വിഹായസിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയതും അനന്തു സംയമനം വീണ്ടെടുത്തു.
എന്നിട്ട് പതുക്കെ കാറിലേക്ക് കയറിയിരുന്നു.
അവൻ ചിന്തിക്കുകയായിരുന്നു.
ഒരു ഉത്സവത്തിന് വേണ്ടി പതിറ്റാണ്ടുകളായി കാത്തിരിക്കുക.
രണ്ടു ഗ്രാമങ്ങളിലെ നിവാസികൾ ചേരി തിരിഞ്ഞു പോരടിക്കുക.
കുടിപകയും ശത്രുതയും ആയിരിയ്ക്കും രക്തത്തിനു പകരം ഒഴുകുന്നത്.
വല്ലാത്തൊരു നാടും നാട്ടുകാരും.