അനന്തുവിനെ പരമാവധി ഇമ്പ്രസ് ചെയ്യിപ്പിക്കുക എന്നത് തന്നെയായിരുന്നു അവളുടെ ഗൂഢതന്ത്രം.
എങ്കിലും വരാൻ പോകുന്ന അതിഥികൾക്കായി ശിവജിത്തിനെക്കാളും മീനാക്ഷിയാണ് കാത്തിരുന്നത്.
ഒരു ഖദർ ഷർട്ടും മുണ്ടും അണിഞ്ഞുകൊണ്ട് ശങ്കരൻ പൂമുഖ തിണ്ണയിലൂടെ ചന്നം പിന്നം നടക്കുന്നുണ്ട്.
അവർക്കായി ആകാംക്ഷയോടെ കാത്തിരിക്കുവാണ്.
കൂടെ ബാലരാമനുമുണ്ട്.
അവസാനം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മനയുടെ മുറ്റത്തേക്ക് 5 കാറുകൾ ഒരേ സമയം ഇരമ്പിയെത്തി.
അതിൽ നിന്നും ആളുകൾ ഓരോരുത്തരായി ഇറങ്ങി തുടങ്ങി.
കാറിന്റെ ഫ്രണ്ട് സീറ്റിൽ നിന്നും ഇറങ്ങിയ ഒരാൾ കൂപ്പു കൈയ്യോടെ ശങ്കരനെ നോക്കി.
ആളൊരു തടിച്ച പ്രകൃതമായിരുന്നു.
മധ്യവയസ്കൻ.
ശങ്കരൻ മുറ്റത്തേക്കിറങ്ങി വന്ന് അയാളെ പുണർന്നു.
അതാണ് MLA കൃഷ്ണൻ കുട്ടി.
ശിവജിത്തിന്റെ ഭാവി അമ്മായിയപ്പൻ.
പരസ്പരം വിട്ടു മാറി അവർ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
അവിടെ നിൽക്കുന്ന മറ്റു പുരുഷ സ്ത്രീ ജനങ്ങളെയും കുട്ടിപട്ടാളങ്ങളെയും ബലരാമൻ വിനയത്തോടെ ക്ഷണിച്ചു.
അതിഥികൾ വന്നുവെന്ന് അറിഞ്ഞതും സീതയും മാലതിയും ഷൈലയും മറ്റു സ്ത്രീകളും അവിടെ സന്നിഹിതരായി.
മനയുടെ അകത്തളത്തിൽ ആളുകളെകൊണ്ട് നിറഞ്ഞു.
അഥിതികളുടെ കൂട്ടത്തിലുണ്ടായ സുന്ദരിയായ ഒരു യുവതിയെ മീനാക്ഷി ഓടി ചെന്നു മുറുകെ പുണരുന്നുണ്ടായിരുന്നു.
അതാണ് രാധിക.
മീനാക്ഷിയുടെ ഉറ്റ സുഹൃത്ത്.
ശിവജിത്ത് അങ്ങോട്ടേക്ക് വന്നു നിന്നു.
അപ്പോഴാണ് യതീയും അനന്തുവും തിരക്കു പിടിച്ചു അങ്ങോട്ടേക്ക് ഓടി വന്നത്.
അനന്തു വരുന്നത് കണ്ടപ്പോഴേ മീനാക്ഷി രാധികയ്ക്ക് കണ്ണുകൾക്കൊണ്ട് സിഗ്നൽ കാണിച്ചിരുന്നു
അവളുടെ കരിമഷികണ്ണുകൾ അനന്തുവിനെ തിരഞ്ഞു.
അവൾ അയച്ചു തന്ന ഫോട്ടോയിലുള്ള ആ യുവാവിനെ നേരിട്ട് കണ്ടതും രാധികയ്ക്ക് ആകപ്പാടെ കുളിരു കോരുന്ന പോലെ തോന്നി.