വിരോധാഭാസം ആണ് അല്ലെ അജിത്. സത്യമായിട്ടും അയാളെ എനിക്ക് ചേർത്ത് പിടിക്കണം എന്നുണ്ടായിരുന്നു, കഴിയില്ല എന്നറിഞ്ഞിട്ടും അകന്നു പോകുമ്പോ വേദനിക്കാൻ തക്ക വണ്ണം ആ തോളിൽ ചാഞ്ഞുറങ്ങിയ സമയത് ഞാൻ മറ്റൊരുവളായി മാറിയിരുന്നു. ഞാൻ ആ രാത്രി അയാളോടൊപ്പം കഴിഞ്ഞത് മുഴുവനും മുഴു മനസോടെ ആയിരുന്നു, മനസിറഞ്ഞാണ് ഞാൻ ദേവ്ജിയെ സ്നേഹിച്ചത് അത് ആദ്യം ശരീരം കൊണ്ടും വൈകാതെ എന്റെ മനസുകൊണ്ടും….പക്ഷെ ആ നിമിഷങ്ങൾ എല്ലാം മറന്നു തുടങ്ങാൻ പോവുകയാണ് എന്നറിയുമ്പോ എന്റെ ഇടം നെഞ്ചിലെ പിടച്ചിൽ കണ്ണുകളിൽ നനവായി മാറി. ഏകാന്തതയിൽ എനിക്ക് ഏതൊരു വാക്കുകൾക്കും ആശ്വാസം തരാൻ കഴിയാത്ത വേദനയുമായി ഞാൻ നിന്റെ അടുത്ത് ബസിൽ വന്നിരുന്നു.
അത് പറയുമ്പോളും സ്‌മൃതി കരയുന്നുണ്ടായിരുന്നു…..
എനിക്ക് അപ്പൊ കാര്യങ്ങൾ ഒന്നുകൂടെ മനസിലായി തുടങ്ങി.
അവളിലെ പ്രണയ ഭാവം എനിക്ക് മനസിലാവുന്നതിലും തീക്ഷ്ണമാണ് എന്ന്.
സ്‌മൃതി അയാൾക്ക് വെറുമൊരു ഉത്പന്നം ആയിരുന്നു, പക്ഷെ തനിക്കോ താൻ വിലകുറിച്ചു കണ്ട ഒരു ചിത്രം മാത്രം. നമ്മുടെ സമൂഹമെന്നും പുരുഷനേക്കാള്‍ സ്ത്രീയുടെ മേല്‍ ഏകാന്തത അടിച്ചേല്‍പ്പിച്ചിക്കുന്നുണ്ട്.അവളുടെ പാദങ്ങളിൽ ഒരെണ്ണം കൊലുസും മറ്റേത് ചങ്ങലയുമാണ്. അജിത് എന്ന താനും അതിന്റെ പരിച്ഛേദമാണ് , അവൾക്കൊരു കുഞ്ഞിനെ വേണമെന്നു കരഞ്ഞു പറഞ്ഞിട്ടും കേൾക്കാതെ നമ്മുടെ ജീവിതം ഒന്ന് നേരെയാകട്ടെ എന്ന് പറഞ്ഞത് ഇപ്പോളും ഞാൻ ഓർക്കുന്നു. ഇരുവരും മനസ് തുറന്നു സ്നേഹിക്കപ്പെടാനും അതിലൂടെ ഒറ്റപ്പെടലിന്റെ വേദന അവൾക്ക് മറക്കാനും ആണവൾ എല്ലായിപ്പോഴും ആഗ്രഹിച്ചത്. പക്ഷെ താനത് മനസിലാക്കൻ തക്ക വണ്ണം വളർന്നിരുന്നില്ല. ഈ വര്‍ഷം മുഴുവനും അവൾ എത്രയോ രാത്രികൾ കരഞ്ഞിട്ടുണ്ടാകാം! ഉറപ്പാണ്.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഞാൻ ഉറങ്ങി എണീക്കുമ്പോ സ്‌മൃതി എന്റെയടുത്തുണ്ടായിരുന്നു. അവൾ എന്റെ തോളിൽ ചാഞ്ഞു കൊണ്ട് ഉറങ്ങുന്നത് കണ്ടു, ഞങ്ങളുടെ ഭീതിപ്പെടുത്തിയ സ്വപ്നം ഞങ്ങളെ വിട്ടു പോയിരിക്കുന്നു. പുലർച്ചെ ഒരു മണിയായപ്പോൾ ഞങ്ങൾ ബാംഗ്ലൂർ ടൗണിലേക്ക് എത്തി, അവിടെ നിന്നും ഒരു കാബ് എടുത്തുകൊണ്ട് ഒരു ഹോട്ടലിൽ മുറിയെടുത്തു. സ്‌മൃതിയും ഞാനും ഒരു കട്ടിലിന്റെ രണ്ടു അറ്റത്തായി കിടന്നു. 9 മണിയായപ്പോൾ ഞാൻ ആദ്യം എണീറ്റപ്പോഴും സ്‌മൃതി നല്ല ഉറക്കമായിരുന്നു. ഞാൻ അവളെ ഒന്ന് തൊടാൻ പോലും തോന്നിയില്ല, എനിക്ക് ഇനി അതിനുള്ള അർഹതയുണ്ടോ എന്ന് മനസിൽ ആരോ ചോദിച്ചുകൊണ്ടിരുന്നു.
ഒടുവിൽ ഞാൻ അവളെ വിളിച്ചുണർത്തി, സ്‌മൃതി കലങ്ങിയ കണ്ണുകളോടെ കുളിമുറിയിൽ കയറി ഒരുമണിക്കൂറോളം അവൾ കുളിച്ചുകൊണ്ട് പുറത്തേക്ക് വന്നു. ഉച്ചയ്ക്ക് മുൻപ് ഞങ്ങൾ എയര്പോര്ട്ടില് എത്തി. ഫ്ലൈറ്റിൽ പോലും സ്‌മൃതി എന്തോ തീവ്രമായി ആലോചിച്ചു കൊണ്ട് കണ്ണ് തുറന്നു കരയുന്നുണ്ടായിരുന്നു.
ഡൽഹിയിലെത്തി ഞാനും സ്‌മൃതിയും ഫ്ലാറ്റിലേക്ക് കയറി. മീറ്റിംഗ് ഞാൻ മാറ്റിവെക്കണോ എന്ന് ആലോചിച്ചു, അത് നടത്താൻ വേണ്ടി ഞാൻ കൊടുത്ത വലിയ വില ഓർത്തപ്പോൾ എനിക്കെന്തു ചെയ്യണമെന്നു ഒരു പിടിയുമില്ല, പക്ഷെ ഇൻവെസ്റ്ററുടെ PA എന്നോട് ഉടനെ വരാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ എന്റെ കാറിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ ചെന്നു. മീറ്റിംഗ് പോസിറ്റിവ് ആയിരുന്നു, എന്റെ സ്റ്റാർട്ടപ്പ്നു 50 കോടിയുടെ ഫണ്ടിങ് തരാമെന്നു സമ്മതിച്ചു.
ഞാൻ എന്റെ കോ-ഫൗണ്ടർക്ക് വിവരമറിയിച്ചു, സ്‌മൃതിയോടു വീട്ടിലെത്തിയിട്ട് പറയാമെന്നു വെച്ചു.
ഞാൻ തിരികെ ഫ്ലാറ്റിലേക്ക് വന്നപ്പോൾ, സ്‌മൃതി അവിടെയുണ്ടായിരുന്നില്ല! പകരം ഫ്രിഡ്ജിൽ ഒരു നോട്ട് മാത്രം ഒട്ടിച്ചിരുന്നു!