അത് കേട്ടപ്പോൾ കീർത്തനയുടെ ചിരി പൊട്ടിചിരിയിലേക്ക് വഴിമാറി.
“പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞില്ലേ , എങ്കിൽ നേരെ അടുക്കളയിലേക്ക് വിട്ടോ.. ഇന്ന് ഇവളും ഉണ്ട് ഇവിടന്ന് ഉച്ചക്ക് കഴിക്കാൻ.”
ഉണ്ണി അമ്മയോട് പറഞ്ഞത് കേട്ട് കീർത്തന പെട്ടെന്ന് പറഞ്ഞു.
“അയ്യോ, ഞാൻ ഹോസ്റ്റലിൽ പോയി കഴിച്ചോള്ളാം.”
“അതൊന്നും പറ്റില്ല. നീ ആദ്യമായല്ല എന്റെ വീട്ടിൽ വരുന്നേ, അപ്പോൾ കഴിച്ചിട്ടേ ഞാൻ വിടുള്ളൂ.”
ഉണ്ണിക്ക് പിന്നാലെ അവന്റെ അമ്മയും ദീപക്കും കൂടി നിർബന്ധിച്ചപ്പോൾ കീർത്തനയ്ക്ക് പിന്നെ ഒഴിഞ്ഞ് മാറാൻ കഴിഞ്ഞില്ല.
ഊണും കഴിച്ച് പിന്നെയും ഒരുപാട് നേരം അവിടെ ചിലവഴിച്ച ശേഷം ആണ് കീർത്തന അന്ന് ദീപക്കിനോപ്പം ഹോസ്പിറ്റലിലേക്ക് തിരികെ പോയത്.
. . . .
രാവിലെ സുധി സാറിന്റെ ക്ലാസ് നടക്കുമ്പോഴേ ദീപക് ശ്രദ്ധിച്ചതായിരുന്നു കീർത്തനയുടെ മുഖത്തെ അസ്വസ്ഥത.. സാധാരണ എപ്പോഴും അവളുടെ മുഖത്ത് ഉണ്ടാകാറുള്ള പുഞ്ചിരി ഇന്ന് കാണാനേ കഴിഞ്ഞിട്ടില്ല.
സമയം കിട്ടുമ്പോൾ അവളോട് സംസാരിക്കണമെന്ന് വിചാരിച്ചെങ്കിലും ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോഴേ പാർട്ടിക്കാർക്ക് ഇടയിലുണ്ടായ ഒരു പ്രശ്നം പരിഹരിക്കുന്നതിനായി അവനു പോകേണ്ടി വന്നു.
ഒരു അര മണക്കൂർ കഴിഞ്ഞ് അവൻ തിരികെ ക്ലാസ്സിൽ വരുമ്പോൾ കാണുന്നത് ശ്രീജയോട് എന്തോ പറഞ്ഞ് ദേഷ്യപ്പെടുന്ന കീർത്തനയെ ആണ്.
അവൻ നേരെ അവളുടെ അടുത്തേക്ക് പോയി ചോദിച്ചു.
“എന്താ കീത്തു, എന്താ പറ്റിയെ?”
അവൾ ദീപക്കിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം പറഞ്ഞു.
“ഒന്നുമില്ല..”
“ഞാൻ രാവിലെ മുതലേ നിന്നെ ശ്രദ്ധിക്കുവാ, എന്താ കാര്യം എന്ന് പറ..”
കീർത്തന ചെറുതായി ഒന്ന് ശബ്‌ദം ഉയർത്തി പറഞ്ഞു.
“ഒന്നുമില്ലെന്നല്ലേ ഞാൻ പറഞ്ഞത്.”
അവൾ അങ്ങനെ ഒരു മറുപടി നൽകിയപ്പോൾ ദീപക്കിന്റെ മുഖമൊന്ന് വിളറി.
പെട്ടെന്ന് ശ്രീജ പറഞ്ഞു.
“ഇവൾക്ക് കലി ഇളകി ഇരിക്കയാണ് ദീപു, നീ പൊയ്ക്കോ കുഴപ്പമൊന്നും ഇല്ല.”
ദീപു പിന്നെ ഒന്നും മിണ്ടാതെ ക്ലാസിനു പുറത്തേക്ക് നടന്നു.
ദീപു പോയി കഴിഞ്ഞപ്പോൾ ശ്രീജ കീർത്തനയോടു പറഞ്ഞു.
“നീ അവനോടു അങ്ങനെ സംസാരിച്ചത് മോശമായി പോയി കേട്ടോ, നീ മൂഡോഫ് ആയി ഇരിക്കുന്നത് കണ്ടത്കൊണ്ടല്ലേ അവൻ അങ്ങനെ ചോദിച്ചേ.”
കീർത്തന കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാതെ കയ്യിൽ മുഖമമർത്തി അവിടെ ഇരുന്നു.. പിന്നീട് ശ്രീജയോട് ഒന്നും മിണ്ടാതെ ക്ലാസിനു പുറത്തേക്ക് നടന്നു.
ശ്രീജയ്ക്ക് അറിയാമായിരുന്നു ദീപക്കിനെ കാണുവാനാണ് അവൾ അവിടെ നിന്നും പോയതെന്ന്.