ബസിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ബിനു സാർ ഉറക്കെ പറഞ്ഞു.
“അവരവരുടെ ഗ്രൂപ്പിൽ ഉള്ള എല്ലാരും എപ്പോഴും കൂടെ തന്നെ ഉണ്ടോന്നു ഗ്രൂപ്പ് അംഗങ്ങൾ എപ്പോഴും പരസ്പരം ശ്രദ്ധിച്ചോളണം.”
ബിനു സാർ ബസിൽ നിന്നും ആദ്യം ഇറങ്ങിയതും സരസ്വതി ടീച്ചർ പറഞ്ഞു.
“എല്ലാപേരും കൂട്ടത്തോടെ ഇറങ്ങാതെ ഞാൻ വിളിക്കുന്ന ഗ്രൂപ്പിൽ ഉള്ളവർ മാത്രമായി ക്രമത്തിൽ ഇറങ്ങിയാൽ മതി.”
ടീച്ചർ ഓരോ ഗ്രൂപ്പുകളെ മാത്രമായി വിളിച്ചു ക്രമത്തിൽ എല്ലാരേയും പുറത്തിറക്കി.
രാവിലെ കുട്ടികൾ ഇഡലിയും സാമ്പാറും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബിനു സാറിന്റെ അറിയിപ്പ് ഉണ്ടായത്.. രണ്ടാമത്തെ ദിവസം ആദ്യത്തെ പരിപാടി ബോട്ടിങ്ങിനു പോകന്നതാണെന്ന്. അത് കേട്ടപ്പോൾ തൊട്ടേ കുട്ടികൾ എല്ലാം ആവേശത്തിൽ ആണ്.
ബസിൽ നിന്നും ഇറങ്ങിയ കുട്ടികളുടെ എല്ലാം ശ്രദ്ധ ആദ്യം തന്നെ പോയത് ദൂരെ കായലിൽ കിടക്കുന്ന ബോട്ടുകളിലേക്കാണ്. അത് കണ്ടപ്പോഴേ എല്ലാരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.
റോഡ് മുറിച്ച് കടന്ന് വേണം ബോട്ട് സ്റ്റേഷനിലേക്ക് നടക്കാൻ.
അധ്യാപകർ ഓരോ ഗ്രൂപ്പുകളെയായി സുരക്ഷിതരായി റോഡ് കടത്തി. അവസാനത്തെ ഗ്രൂപ്പ് ആയിരുന്നു ദീപക്കിന്റെത്..
റോഡ് മുറിച്ച് കടന്ന് കഴിഞ്ഞപ്പോഴാണ് തന്റെ കൈയിൽ ഇരുന്ന പേന റോഡിൽ വീണുപോയ കാര്യം കീർത്തന ശ്രദ്ധിച്ചത്. അവൾ പെട്ടെന്ന് ഉണ്ടായ തോന്നലിൽ പേന എടുക്കാനായി പിന്നിലേക്കോടി.
അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്ന ദീപക്കിൽ ഒരു നിമിഷം വളവു തിരിഞ്ഞ് പാഞ്ഞു വരുന്ന മണലും ലോറിയിൽ ശ്രദ്ധ പതിഞ്ഞു.
റോഡിൽ നിന്നും പേന കുനിഞ്ഞെടുത്ത് നിവർന്ന കീർത്തന തന്റെ നേരെ പാഞ്ഞു വരുന്ന ലോറി കണ്ടു എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്ന് പോയി.
തൊട്ട് മുന്നിൽ കുട്ടിയെ കണ്ടു ലോറി ഡ്രൈവർ രണ്ടാമതൊന്നു ചിന്തിക്കാതെ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. പക്ഷെ ലോറി അപ്പോഴേക്കും കീർത്തനയുടെ അടുത്ത് എത്താറായിരുന്നു. ബ്രേക്ക് ചവിട്ടിയെങ്കിലും ലോറി വന്ന സ്പീഡിൽ മുന്നിലേക്ക് നിരങ്ങി നീങ്ങി.
ഈ സമയം കൊണ്ട് രണ്ടാമതൊന്നും ആലോചിക്കാതെ ദീപക് കീർത്തനയുടെ അടുത്തേക്ക് ഓടി അടുത്തിരുന്നു.
ഓടിവന്ന സ്പീഡിൽ തന്നെ റോഡിൽ സ്തംഭിച്ചു നിൽക്കുകയായിരുന്ന കീർത്തനയെ അവൻ ദൂരേക്ക് തള്ളി എറിഞ്ഞു. പക്ഷെ ദീപക്കിന് ലോറിയെ മറികടക്കാനായില്ല. ലോറിയുടെ ബമ്പറിന്റെ സൈഡിൽ തട്ടി അവൻ ദൂരേക്ക് തെറിച്ച് വീണു.
കണ്ണിൽ ഇരുട്ട് കയറുന്നതിനിടയിൽ അവൻ അവസാനം ആയി കണ്ടത് താൻ തള്ളിയതിനെ ആഘാതത്തിൽ കല്ലിൽ തലയിടിച്ച് വീണ് നെറ്റിയിൽ നിന്നും ഒലിക്കുന്ന ചോരയുമായി തന്നെ നോക്കി പകച്ച് നിൽക്കുന്ന കീർത്തനയെ ആണ്.
കണ്ണ് തുറന്നപ്പോൾ തന്നെ ദീപക്കിന് മനസിലായി താൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന്.