മത്സരങ്ങളിൽ എല്ലാം തന്നെ അവൻ തന്നെ ഗ്രൂപ്പിനെ മുന്നിൽ എത്തിക്കുവാൻ വാശിയോട് കൂടി മത്സരിച്ചു. ഒരു പരുതിവരെ അവന്റെ കഴിവിൽ ടീം മത്സരങ്ങളിൽ നന്നായി മുന്നേറിയെങ്കിലും കീർത്തന ഗ്രൂപ്പിലെ മറ്റ് അംഗങ്ങളോട് കാണിക്കുന്ന അതേ പരിഗണന മാത്രം തനിക്കും തരുന്നതിൽ അവൻ നിരാശനായിരുന്നു.
ആദ്യ ദിവസത്തെ അവസാന പരിപാടിയായ നക്ഷത്ര പഠനം നടക്കുമ്പോൾ ഉണ്ണി തന്റെ അരികിൽ ഇരിക്കുന്ന ദീപക്കിനെ ഇടം കണ്ണിട്ട് നോക്കി.
തുറസായ സ്കൂൾ ഗ്രൗണ്ടിൽ ആണ് അവർ ഇരുന്നിരുന്നേ.. ആൺപിള്ളേരെയും പെൺപിള്ളേരെയും രണ്ടു വശത്തായി ഇരുത്തി അവർക്ക് മധ്യത്തായി അധ്യാപകൻ നിൽക്കുന്നു. തെളിഞ്ഞ ആകാശത്ത് പൊട്ട് പൊട്ട് പോലെ കുഞ്ഞു നക്ഷത്രങ്ങൾ.. തണുപ്പ് നിറഞ്ഞ അന്തരീക്ഷം.
ഉയർത്തിപ്പിടിച്ച അധ്യാപകന്റെ കൈ വിരലുകൾ നീങ്ങുന്നതനുസരിച്ച് കുട്ടികളുടെയും കണ്ണുകൾ ആകാശത്തിലെ ഓരോ നക്ഷത്രങ്ങളിലേക്കും നീങ്ങുന്നു.
പക്ഷെ ആ സമയങ്ങളിലൊക്കെ ദീപക്കിന്റെ കണ്ണുകൾ പതിഞ്ഞിരുന്നത് രണ്ടു നീല നക്ഷത്രങ്ങളിൽ ആയിരുന്നു. കീർത്തനയുടെ പൂച്ചക്കണ്ണുകളിൽ.
ആകാംഷയും ആശ്ചര്യവും വിസ്മയവും എല്ലാം അവളുടെ മുഖത്ത് മാറി മാറി തെളിയുന്നത് അവന്റെ കണ്ണുകൾ ഒപ്പി എടുത്തു.
“നീ എങ്ങോട്ടാടാ ഈ നോക്കുന്നത്?”
ഉണ്ണിയുടെ പെട്ടെന്നുള്ള അടക്കിപ്പിടിച്ച ചോദ്യം കേട്ട് ദീപക് ഒന്ന് പതറി.
“മുകളിലേക്ക് തന്നെ നോക്കി ഇരുന്നു കഴുത്ത് കഴച്ചു..”
“അതിനു നീ എപ്പോഴാണ് മുകളിലേക്ക് നോക്കിയത്.. എപ്പോഴും ആ പെണ്ണിനെ തന്നെ നോക്കി ഇരിക്കയല്ലേ.”
ഉണ്ണി തന്നെ കയ്യോടെ പൊക്കിയിരിക്കുന്നു..
ദീപുവിന്റെ പക്കൽ ഉണ്ണിക്ക് കൊടുക്കാൻ ഒരു മറുപടി ഇല്ലായിരുന്നു.
“നിനക്ക് അവളോട് പ്രേമം ആണോടാ?”
ഉണ്ണിയുടെ ചോദ്യം കേട്ട ദീപക് ഒരു നിമിഷം പകപ്പോടെ ചുറ്റും നോക്കി. ഭാഗ്യം അടക്കി പിടിച്ച സംസാരം ആയതിനാൽ ആരും കേട്ടില്ല.
“നീയെവിടെ ചുമ്മാ ഇരുന്നേ.. ഞാൻ ആ പെണ്ണിനെ ഇന്നങ്ങോട്ട് കണ്ടത്തെ ഉള്ളു..”
ഉണ്ണി പിന്നെ അതിൽ തർക്കിക്കാനൊന്നും പോകാതെ നിശബ്ധത പാലിച്ചു.
രാത്രി അടുക്കി ഇട്ട ബെഞ്ചിന് മുകളിൽ ഉണ്ണിയുടെ അടുത്ത് കിടക്കുമ്പോൾ ദീപക് സ്വയം ആലോചിക്കുവായിരുന്നു..
‘എനിക്ക് കീർത്തനയോടു തോന്നുന്ന അടുപ്പം പ്രേമത്തിന്റേതാണോ?’
ഏറെ നേരത്തെ ആലോചനക്ക് ശേഷം ഉത്തരം ലഭിക്കാത്ത ഒരു ചോദ്യവും മനസ്സിൽ പേറി അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
.
.