“എന്റെ പേര് സരസ്വതി… ഈ സ്കൂളില്തന്റെ പ്രിൻസിപ്പൽ ആണ്.. നിങ്ങളിൽ പലരും വീട്ടിൽ നിന്ന് മാറി നിന്ന് ഇതുപോലൊരു ക്യാമ്പിൽ പങ്കെടുക്കുന്നത് ആദ്യമായിട്ടായിരിക്കും. അതിന്റെ ഒരു പേടിയും കാണും.. നിങ്ങൾ ആരും ഭയപ്പെടേണ്ടതില്ല.. നമുക്ക് അടിച്ച് പൊളിച്ച് 3 ദിവസം ഇവിടെ നിൽക്കാം.”
കുട്ടികളുടെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു.
“ഒരു പ്രധാന കാര്യം പറയാനുള്ളത് എന്താന്ന് വച്ചാൽ ആൺകുട്ടികൾ രാത്രി ഇവിടെ തന്നെ ആയിരിക്കും പെൺകുട്ടികൾക്ക് രാത്രി ഇവിടെ അടുത്തുള്ള വീടുകളിൽ കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.”
ക്യാമ്പിൽ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ചൊക്കെ സൂചിപ്പിച്ച ശേഷം സരസ്വതി ടീച്ചർ പറഞ്ഞു.
“നിങ്ങളെ 6 പേരുള്ള ഗ്രൂപ്പുകൾ ആയി തിരിക്കും. ആ ഗ്രൂപ്പുകൾ തമ്മിൽ കലാ കായികപരമായുള്ള മത്സരങ്ങൾ ഉണ്ടാകും… ബിന്ദു ടീച്ചർ നിങ്ങളുടെ മുന്നിൽ ഒരു ബോക്സ് കൊണ്ട് വരും. അതിൽ നിന്നും ഒരു പേപ്പർ എടുക്കണം. അതിൽ എഴുതിയിരിക്കുന്നതായിരിക്കും നിങ്ങളുടെ ഗ്രൂപ്പ്.”
ബിന്ദു ടീച്ചർ ബോക്സുമായി കുട്ടികളുടെ മുന്നിൽ ചെന്നു. അവർ ഓരോ പേപ്പർ എടുത്തു.
“ഡാ.. എന്റെയിൽ റെഡ് എന്നാ എഴുതിയിരിക്കുന്നത്, നിന്റെയിലോ?”
പേപ്പർ തുറന്നു നോക്കിയ ഉണ്ണി ദീപുവിനോട് ചോദിച്ചു.
“എന്റെയിൽ യെല്ലോ എന്നാ.”
“എല്ലാർക്കും പേപ്പർ കിട്ടിയല്ലോ?”
കുട്ടികൾ കിട്ടിയെന്ന അർഥത്തിൽ ശബ്‌ദമുയർത്തി.
“അപ്പോൾ റെഡ് കിട്ടിയവർ ഒന്ന് എഴുന്നേറ്റു നിന്നെ.”
ഉണ്ണി ഉൾപ്പെടെ എഴുന്നേറ്റ് നിന്നവരെ ദീപക് ആകാംഷയോടെ വീക്ഷിച്ചു. ആ കൂട്ടത്തിൽ കീർത്തന ഉണ്ടോ എന്നതായിരുന്നു അവന്റെ ആകാംഷ.
അവരുടെ കൂട്ടത്തിൽ കീർത്തനയെ കാണാഞ്ഞപ്പോൾ ആദ്യം നിരാശയും പെട്ടെന്ന് തന്നെ സന്തോഷവും അവന്റെ മനസ്സിൽ നിറഞ്ഞു. കീർത്തന ഇനി തന്റെ ഗ്രൂപ്പിൽ ഉണ്ടാകുമോ എന്നാ ചിന്ത ആയിരുന്നു അവന്റെ സന്തോഷത്തിന്റെ കാരണം.
“എഴുന്നേറ്റ് നിന്നവരെല്ലാം ഒരു ഗ്രൂപ്പ് ആയി മാറി നിന്നൊള്ളു.”
സരസ്വതി ടീച്ചറിന്റെ വാക്കുകൾ അനുസരിച്ച് കൊണ്ട് എഴുന്നേറ്റ് നിന്ന 6 പേരും ഒരു ഇടത്തേക്ക് മാറി നിന്നു.
“അടുത്തതായി ഓറഞ്ച് കിട്ടിയവർ എഴുന്നേൽക്ക്..”
ഈ പ്രാവിശ്യം എഴുന്നേൽക്കുന്നവരുടെ കൂട്ടത്തിൽ കീർത്തന കാണരുതേ എന്നാ പ്രാർത്ഥനയോടെ ദീപക് ചുറ്റും നോക്കി. അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ഇല്ല.. അവരുടെ കൂട്ടത്തിൽ കീർത്തന ഇല്ലായിരുന്നു.