“ദീപക് ആർ എസ്..”
“അഡ്രെസ്സ്?”
അവൻ അഡ്രസ്സും പറഞ്ഞ് കൊടുത്തു.
അടുത്തത് ഉണ്ണിയുടെ ഊഴമായിരുന്നു. ദീപു വരിയിൽ നിന്നും മാറി നിന്ന് വീണ്ടും ആ പെൺകുട്ടിയെ നോക്കി. അവളുടെ രെജിസ്ട്രേഷൻ നടക്കുകയാണ്.
“എന്താ കുട്ടിയുടെ പേര്?”
അവളിൽ നിന്നുള്ള മറുപടിക്കായി ദീപക്കും ആകാംഷയോടെ കാതോർത്തു.
“കീർത്തന രഖുനാഥ്.”
അവൻ സ്വയം ഒന്ന് മന്ത്രിച്ചു.
“കീർത്തന…”
ഉണ്ണിയുടെ രെജിസ്ട്രേഷനും കഴിഞ്ഞു ഗീത ടീച്ചറിനോടൊപ്പം അവിടെ നിന്നും നടന്നകലുമ്പോൾ പ്രിയപെട്ടതെന്തോ നഷ്ട്ടപെട്ട തോന്നലിൽ അവൻ കീർത്തനയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
“നീ എന്താ ആ പെങ്കൊച്ചിനെ തന്നെ എപ്പോഴും നോക്കുന്നെ?”
ഒപ്പം നടക്കുന്ന ഉണ്ണിയുടെ ചോദ്യം കേട്ട് ഒന്ന് പതറിയ ശേഷം അവൻ പറഞ്ഞു.
“അവളുടെ കണ്ണ് കണ്ടോ.. നല്ല നീല നിറം?”
“നീ ഇതുവരെ പൂച്ചക്കണ്ണു കണ്ടിട്ടില്ലേ?”
ആ പൂച്ചക്കണ്ണുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു എന്ന പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും അവൻ ഒന്നും മിണ്ടാതെ ഉണ്ണിയോടൊപ്പം നടന്നു.
ക്യാമ്പിന്റെ ഉത്‌ഘാടന പരിപാടികൾ തുടങ്ങിയപ്പോഴേക്കും ഗീത ടീച്ചർ അവിടെ നിന്നും പോയിരുന്നു.
ബോറടിപ്പിക്കുന്ന ഉത്‌ഘാടന പ്രസംഗം നടക്കുമ്പോൾ ദീപക്കിന്റെ കണ്ണുകൾ അവിടെ മൊത്തം കീർത്തനയെ തിരയുകയായിരുന്നു. പക്ഷെ അവനു കണ്ടെത്താനായില്ല.. അതിന്റെ നിരാശയിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു സ്ത്രീ ശബ്‌ദം ആ ഹാളിൽ മുഴങ്ങിയത്.
“കുട്ടികളെ എല്ലാരും ഇങ്ങോട്ട് ശ്രദ്ധിച്ചേ..”
ദീപു തല ഉയർത്തി നോക്കുമ്പോൾ കുറച്ച് പ്രായമായ എന്നാൽ ഐശ്വര്യം തിളങ്ങുന്ന മുഖമുള്ള ഒരു സ്ത്രീയെയാണ് കാണാൻ കഴിഞ്ഞത്.
“നിങ്ങൾ എല്ലാരും പ്രസംഗമൊക്കെ കേട്ട് ബോറടിച്ച് ഇരിക്കയായിരിക്കും എന്ന് എനിക്കറിയാം. ആ ബോറടിയൊക്കെ മാറ്റാൻ നമുക്ക് നമ്മുടെ പരിപാടികളിലേക്ക് കടക്കാം.. അതിന് ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം.”
ഒന്ന് നിർത്തി അവർ എല്ലാ കുട്ടികളെയും ഒന്ന് ശ്രദ്ധിച്ചു. കുട്ടികളുടെ എല്ലാം ശ്രദ്ധ ആ സ്ത്രീയിൽ തന്നെ ആയിരുന്നു.