“ദീപു.. ഇവരുടെ മേൽ എപ്പോഴും നിന്റെ ഒരു ശ്രദ്ധ ഉണ്ടായിരിക്കണം കേട്ടോ.”
അവൻ ശരി എന്ന അർഥത്തിൽ തലയാട്ടി.
ദീപു എപ്പോഴും പ്രായത്തിൽ കവിഞ്ഞൊരു പക്വത പ്രകടിപ്പിച്ചിരുന്നു. അത് കൊണ്ടാണ് ഗീത ടീച്ചർ അവനോടു അങ്ങനെ പറഞ്ഞതും.
കാർത്തിക കൗതുകത്തോടെ ചോദിച്ചു.
“ടീച്ചറെ.. ഞങ്ങളെ ബോട്ടിങ്ങിന് കൊണ്ട് പോകുമെന്ന് പറഞ്ഞത് ഉള്ളതാണോ?
അവളുടെ ആകാംഷയോടെ ഉള്ള ചോദ്യം കേട്ട ഗീത ടീച്ചർ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
“ബോട്ടിങ് ഉണ്ട്, മാജിക് ഷോ ഉണ്ട്, ഫിലിം ഷോ ഉണ്ട്…”
ബോട്ടിങ് ഉണ്ടെന്ന് ടീച്ചറുടെ ഉറപ്പ് കിട്ടിയപ്പോഴേ കാർത്തികയുടെയും ആര്യയുടെയും മുഖം തെളിഞ്ഞു. കാരണം അവർ ഇതുവരെ ബോട്ടിങ് പോയിട്ടില്ലായിരുന്നു.
“പിന്നെ ക്യുസ് മത്സരവും ഒക്കെ ഉണ്ടാകും, അതിലൊക്കെ നിങ്ങൾ ഫസ്റ്റ് വാങ്ങാൻ നോക്കണം.”
അപ്പോഴേക്കും അവർ നടന്നു പേര് രജിസ്റ്റർ ചെയ്യുന്നിടത്ത് എത്തിയിരുന്നു.
രണ്ടു വരികളിൽ രെജിസ്ട്രേഷൻ നടക്കുന്നുണ്ട്. ഗീത ടീച്ചർ കുട്ടികളുമായി ആദ്യത്തെ വരിയിൽ നിന്നു. ചുറ്റുപാടും കണ്ണോടിച്ചു കൊണ്ടിരുന്ന ദീപുവിൽ പെട്ടെന്നാണ് തൊട്ടടുത്തെ വരിയിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയിൽ ശ്രദ്ധ പതിഞ്ഞത്.
തല ചരിച്ച് തൊട്ട് പിന്നിൽ നിൽക്കുന്ന പെൺകുട്ടിയോട് എന്തോ പറഞ്ഞ് ചിരിക്കുന്ന ഒരു പന്ത്രണ്ടു വയസുകാരി. കറുത്ത ലോങ്ങ് പാവാടയും വെള്ള ഷർട്ടും ആണ് അവളുടെ വേഷം. നല്ല വെളുത്ത നിറം. പ്രധാനമായും ദീപക്കിന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ കണ്ണുകളിൽ ആണ്. ഇളം നീല നക്ഷത്ര കണ്ണുകൾ.
ചുറ്റും നടക്കുന്നതെല്ലാം മറന്ന് അവന്റെ ശ്രദ്ധ ആ പെൺകുട്ടിയിൽ മാത്രം ആയി.. ദീപക് എന്ന 12 വയസുകാരന് ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയിൽ ഇത്തരമൊരു ആകർഷണം ഉണ്ടാകുന്നത്. കൂട്ടുകാരിയുമായി സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാകുന്ന ഓരോ ഭാവ മാറ്റങ്ങളും അവന്റെ മനസിനുള്ളിൽ പതിക്കുകയായിരുന്നു.
“ഡാ.. നിന്റെ പേര് പറഞ്ഞു കൊടുക്ക്.”
ഉണ്ണി കൈയിൽ പിടിച്ച് കുലുക്കി വിളിച്ചപ്പോൾ ആണ് അവൻ സ്ഥലകാല ബോധത്തിലേക്ക് തിരികെ വന്നത്.
ദീപു നോക്കുമ്പോൾ മുന്നിലിരിക്കുന്ന സാർ അവന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ്.
ചെറിയൊരു ജാള്യതയോടെ അവൻ പറഞ്ഞു.