ദീപക് കണ്ണുകൾ ഇറുക്കി അടച്ച് സീറ്റിലേക്ക് തല ചായ്ച്ചു. അവന്റെ മനസ് കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പറന്നു.
അന്ന് ദീപക് പൂവത്തറ ഗവർമെന്റ് യു പി സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. പഠിക്കാൻ ബഹു മിടുക്കനായതിനാൽ സ്കൂളിലെ അധ്യാപകരുടെ എല്ലാം പ്രിയ വിദ്യാർത്ഥി. പോരാത്തതിന് നാട്ടുകാരുടെ പ്രിയ സഖാവ് രാജീവിന്റെ മകനും. ആ സ്കൂളിൻറെ ഉന്നമനത്തിനായി നാട്ടുകാരെ സംഘടിപ്പിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളതാണ് രാജീവ്.. അതിന്റെ ഒരു സ്നേഹം കൂടി അധ്യാപർക്ക് ദീപക്കിനോടുണ്ട്.
പ്രണയ വിവാഹം ആയിരുന്നു രാജീവിന്റെയും സാവിത്രിയുടേതും.. രണ്ടുവീട്ടുകാരെയും എതിർത്തുള്ള കല്യാണം ആയിരുന്നതിനാൽ ബന്ധുക്കളുമായി ഒരു സഹകരണവും ഇല്ല. എന്നും കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് സുരേഷും കുടുംബവും ആയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ചോർത്തിട്ടാണ് നാട്ടിൽ ചെറിയ ജോലികളും രാഷ്ട്രീയവുമായി നടന്ന രാജീവ് ഒരു വർഷം മുൻപാണ് ഗൾഫിൽ പോയത്.
തേവിള സ്കൂളിന് മുന്നിൽ ബസ് നിന്നുടനെ കണ്ടക്ടറുടെ ശബ്‌ദം ഉയർന്നു.
“തേവിള സ്കൂൾ ജംഗ്ഷൻ എത്തിയിട്ടുണ്ട്.. ഇറങ്ങാനുള്ളവരൊക്കെ പെട്ടെന്നിറങ്ങ്.”
തിരക്കിനിടയിൽ നിന്നും തിങ്ങി നീങ്ങി പുറത്തേക്കിറങ്ങിയ ഗീത ടീച്ചറിന് പിന്നാലെ ദീപക്കും ഉണ്ണിയും കാർത്തികയും ആര്യയും പുറത്തേക്കിറങ്ങി. നാല് പേരുടെയും കൈയിൽ ഓരോ ചെറിയ ബാഗും ഉണ്ട്.. അവർക്കുള്ള മൂന്നു ദിവസത്തേക്കുള്ള ഡ്രെസ്സും മറ്റും ആയിരുന്നു അതിനുള്ളിൽ.
ബസിൽ നിന്നും ഇറങ്ങിയ ദീപക്കിന്റെ കണ്ണുകൾ നേരെ പോയത് റോഡിനു ഓപ്പോസിറ്റ് ഉള്ള സ്കൂൾ മുറ്റത്തേക്കാണ്. കുട്ടികളും അധ്യാപകരുമായി ചെറിയ തിരക്കുണ്ട് അവിടെ.
ഗീത ടീച്ചർ നാല് കുട്ടികളുമായി റോഡ് മുറിച്ച് കടന്ന് സ്കൂൾ മുറ്റത്തേക്ക് നടന്നു.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് ആയി സങ്കടിപ്പിച്ച ഒരു സ്കൂൾ ക്യാമ്പിന്റെ രെജിസ്ട്രേഷൻ നടക്കുകയായിരുന്നു അവിടെ. പൂവത്തറ യൂ പി സ്കൂളിൽ നിന്നും 3 ദിവസത്തെ ക്യാമ്പിനായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ആയിരുന്നു ദീപക്കും ഉണ്ണിയും കാർത്തികയും ആര്യയും.
മറ്റു മൂന്നുപേരിലും വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഒരു ചെറിയ ഭയം കണ്ണിൽ നിറഞ്ഞു നിന്നപ്പോൾ ദീപക്കിൽ നിറഞ്ഞു നിന്നത് എന്തൊക്കെ ആകും പുതിയ അനുഭവങ്ങൾ എന്നുള്ള ജിജ്ഞാസ മാത്രമാണ്.
“നാലുപേരും ഇവിടെ കുഴപ്പങ്ങൾ ഒന്നും ഒപ്പിക്കാതെ നിൽക്കണം.. വെള്ളിയാഴ്ച വൈകിട്ട് നിങ്ങളെ കൂട്ടികൊണ്ടു പോകാൻ ഞാൻ വരും.. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്ങ്ങൾ ഉണ്ടായാൽ ഇവിടത്തെ സാറുമാരെ അപ്പോഴേ അറിയിക്കണം.”
നാലുപേരും ശരി എന്ന അർഥത്തിൽ ഒരേ സമയം മൂളി.