കിടക്കാനായി വൃത്തിയാക്കി.
ദീപക് ഈ സമയം ബെഡിൽ ചരിഞ്ഞ് കിടന്ന് അവളുടെ പ്രവർത്തികൾ എല്ലാം വീക്ഷിക്കുകയായിരുന്നു. പെട്ടെന്നാണ് അവളുടെ ഫോൺ ബെല്ലടിച്ചത്.
മേശപ്പുറത്തിരുന്ന ഫോൺ എടുത്ത് നോക്കികൊണ്ട് അവൾ പറഞ്ഞു.
“സൂരജ് ആണ്.. ഞാൻ ഒന്ന് അവനോടു സംസാരിച്ചിട്ട് വരാം.”
അവൾ റൂമിനു പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ അവന്റെ മുഖം മ്ലാനമായിരുന്നു. സൂരജ് ആണ് അവളെ വിളിച്ചതെന്ന അറിവ് എന്തുകൊണ്ടോ അവന്റെ മനസിനെ അസ്വസ്ഥമാക്കി.
എന്നാൽ തൊട്ടടുത്ത നിമിഷം അവൻ സ്വയം തന്റെ മനസിനെ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു.
കീർത്തന തന്റെ സുഹൃത്തു മാത്രമാണ് അതിൽ ഒരിക്കലും മറ്റൊരു ബന്ധം കണ്ടെത്തുവാൻ ശ്രമിക്കരുത്.
സൂരജിനോട് സംസാരിച്ച് കഴിഞ്ഞ് തിരികെ എത്തിയ കീർത്തന തനിക്കായി തയ്യാറാക്കിയ ബെഡിലേക്ക് കിടക്കുമ്പോൾ ദീപക്കിനോട് പറഞ്ഞു.
“നീയാണ് പണ്ട് എന്നെ രക്ഷിച്ചതെന്ന് സൂരജിനോട് പറഞ്ഞപ്പോൾ അവനും അത്ഭുതപ്പെട്ടുപോയി.”
അവളെ തന്നെ നോക്കി ചരിഞ്ഞ് കിടന്നുകൊണ്ട് ദീപക് ചോദിച്ചു.
“തന്റെ ഫാമിലിയെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ.”
ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.
“എന്റെ ഫാമിലിയെ കുറിച്ച് പറയുവാണെങ്കിൽ അത്യാവിശം സാമ്പത്തികം ഉള്ള കുടുംബത്തിൽ തന്നെയാണ് ഞാൻ ജനിച്ചത്. ഒറ്റമോളാണ് ഞാൻ.. നാല് വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ അച്ഛൻ മരിച്ചു.. ”
കീർത്തനയുടെ അച്ഛൻ ജീവിച്ചിരിപ്പില്ല എന്നുള്ളത് അവനു ഒരു പുതിയ അറിവായിരുന്നു.
“അച്ഛൻ തന്നെ വരുത്തി വച്ച അപകടം ആയിരുന്നു. നന്നായി കുടിക്കുമായിരുന്നു അച്ഛൻ….”
അവളുടെ വാക്കുകൾ ഇടറി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു.
“അപ്പോൾ അമ്മ മാത്രമാണ് അല്ലെ തനിക്കിപ്പോൾ ഉള്ളത്.”
“അതെ.. നിന്നെ വച്ച് നോക്കുമ്പോൾ ഞാൻ ഭാഗ്യവതി ആണല്ലേ.. എനിക്ക് അമ്മയെങ്കിലും ഉണ്ടല്ലോ.”
അവൻ അമ്പരപ്പോടെ ചോദിച്ചു.
“എന്റെ ഫാമിലിയെ കുറിച്ച് എങ്ങനെ…”
“നിന്നെക്കുറിച്ച് കോളേജിൽ ആർക്കാണ് അറിയാത്തത്.. SFY യുടെ കോളേജിലെ കരുത്തുറ്റ നേതാവ്, ഭാവി ചെയർമാൻ, പ്രസംഗത്തിൽ അഗ്രഗണ്യൻ അങ്ങനെ വിശേഷണങ്ങൾ നീണ്ടു പോകുവല്ലേ..”
മുഖം ചുളിച്ചു കൊണ്ട് അവൻ ചോദിച്ചു.
“എന്നെ കളിയാക്കിയതാണോ.”