“ഡാ.. മിണ്ടാതിരിക്കാഡാ ,… ശ്രീജേ നീ ഇവളെയും കൂട്ടി അവനെ കാണാൻ പോ, റൂം നമ്പർ 243.”
അവരിൽ നിന്നും കുത്തു വാക്കുകൾ കേൾക്കാതിരിക്കാൻ കീർത്തന പെട്ടെന്ന് ഹോസ്പിറ്റലിനകത്തേക്ക് നടന്നു. പിറകെ ശ്രീജയും.
റൂം നമ്പർ 243 നു മുന്നിൽ എത്തുമ്പോൾ ഡോർ അടച്ച് ഇട്ടിരിക്കുകയായിരുന്നു.
“ഡി, നമുക്ക് ഇപ്പോൾ കാണണോ.. അവനും ഇനി എന്നെ എന്തെങ്കിലുംപറയുമോ?”
റൂമിന്റെ ഡോറിൽ തട്ടികൊണ്ട് ശ്രീജ പറഞ്ഞു.
“വല്ലോം പറയുന്നെങ്കിൽ അങ്ങ് കേട്ടോ, ചുമ്മാതൊന്നും അല്ലല്ലോ കയ്യിലിരുപ്പ് കാരണമല്ലേ..”
പെട്ടെന്ന് തന്നെ അവർക്ക് മുന്നിലുള്ള വാതിൽ പാതി തുറക്കപ്പെട്ടു. ഒരു 16 അല്ലെങ്കിൽ 17 വയസ് തോന്നിക്കുന്ന പെൺകുട്ടിയെ മുന്നിൽ കണ്ടു ആദ്യം അവർ ഒന്ന് അമ്പരന്നു.
സംശയത്തോടെ കീർത്തന ചോദിച്ചു.
“ഇത്.. ദീപകിന്റെ റൂം അല്ലെ?”
ആ കുട്ടി ഡോർ ഫുൾ തുറന്ന് കൊണ്ട് പറഞ്ഞു.
“അതെ..”
ഡോർ ഫുൾ തുറന്നപ്പോൾ അവർക്ക് ബെഡിൽ ഇരിക്കുന്ന ദീപക്കിനെ കാണാൻ കഴിഞ്ഞു. കൂടെ ഉണ്ണിയും ഉണ്ട്.
“അഹ്.. നിങ്ങളോ കയറി വാ.”
ഉണ്ണി ബെഡിൽ നിന്നും എഴുന്നേറ്റ് അവർക്കരികിലേക്ക് ചെന്നു.
രണ്ടുപേരും റൂമിനു ഉള്ളിലേക്ക് കയറി. കീർത്തന തലകുനിച്ചാണ് നിന്നിരുന്നത്. എങ്കിലും അവൾ ദീപക്കിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വലതു കൈയിലെ രണ്ടു വിരലുകൾ ചേർത്തുവച്ചു കെട്ടിയിരിക്കുന്നു. ഇടതു കവിളിൽ ചെറിയൊരു ബാൻഡേജ് ഒറ്റടിച്ചിരിക്കുന്നു. പുറമെ നിന്ന് നോക്കുമ്പോൾ അത്ര പരുക്കുകളെ കാണാൻ കഴിയുന്നുള്ളു.
സുഖാന്വേഷണം എന്ന നിലയിൽ ശ്രീജ ചോദിച്ചു.
“എത്ര ദിവസം ഇവിടെ കിടക്കേണ്ടി വരും?”
“വിരലിൽ ഒടിവ് ഉണ്ടെന്നല്ലാതെ എനിക്ക് വേറെ കുഴപ്പം ഒന്നും ഇല്ല.. ഇവർ ചുമ്മാ പൈസ വാങ്ങാനായി പിടിച്ച് കിടത്തിയിരിക്കുകയാണ്.”
ദീപക് കീർത്തനയെ നോക്കി. അവൾ ഒന്നും മിണ്ടാതെ താഴെ തന്നെ നോക്കി നിൽക്കുകയാണ്. അവളോട് എന്തെങ്കിലും ചോദിക്കണമെന്ന് അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു.. പക്ഷെ ഇതുവരെ സംസാരിച്ചിട്ടില്ലാത്തതിനാൽ ഒരു മടി.. കീർത്തനക്കും അങ്ങനെ തന്നെ ആയിരുന്നു.
കീർത്തനയുടെ നിൽപ്പ് കണ്ട് ഉണ്ണി ചോദിച്ചു.
“ഇവളിതെന്താ തറയും നോക്കി നിൽക്കുന്നെ?”
ശ്രീജ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അവൾ കാരണം ആണ് ഇവന് ഇങ്ങനെ ഉണ്ടായത് എന്നുള്ള കുറ്റബോധത്തിൽ നിൽക്കുവാ കുട്ടി.”
പെട്ടെന്ന് അവിടെ നിന്നിരുന്ന പെൺകുട്ടി ചോദിച്ചു.
“അപ്പോൾ ഇതാണോ കീർത്തന ചേച്ചി.”
ഉണ്ണി ചിരിച്ച് കൊണ്ട് പറഞ്ഞു.
“അതെ.. ഇതാണ് ആ താരം .”