കീർത്തനയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ ശ്രീജയോട് ചോദിച്ചു.
“ഞാൻ സിറ്റിയിലേക്ക് പോകുവാ, നീ വരുന്നുണ്ടോ?”
ശ്രീജ കീർത്തിയുടെ മുഖത്തേക്ക് നോക്കി.. ശ്രീജയുടെ മുഖഭാവം കണ്ടപ്പോഴേ കീർത്തനക്ക് മനസിലായി ശ്രീജക്ക് അവനോടൊപ്പം പോകണമെന്ന് ആഗ്രഹം ഉണ്ടെന്ന്.
“നീ പൊയ്ക്കോ, ഞാൻ ഒറ്റക്ക് ബസിൽ പൊയ്ക്കൊള്ളാം.”
കീർത്തിയുടെ സമ്മതം കിട്ടിയതും ശ്രീജ അവളുടെ കാമുകനോടൊപ്പം അവിടെ നിന്നും നടന്ന് നീങ്ങി.
ബൈക്കിൽ കോളേജ് ഗേറ്റ് കടന്ന് പുറത്തേക്ക് പോകുവായിരുന്ന ദീപക് ഒറ്റക്ക് നടന്ന് പോകുന്ന കീർത്തനയെ കണ്ട് തൻറെ പിന്നിലിരുന്ന ഉണ്ണിയോട് ചോദിച്ചു.
“ഇവളുടെ കൂടെ ഉണ്ടായിരുന്ന ശ്രീജയെ ഇപ്പോൾ കാണുന്നില്ലല്ലോ..”
“അവൾ മിക്കവാറും വിപിന്റെ കൂടെ പോയി കാണും.”
ദീപക് ഒന്ന് മൂളിയ ശേഷം ബൈക്ക് ബസ് സ്റ്റോപ്പിന് അരികിലായി കൊണ്ട് നിർത്തി. ഉണ്ണി ബൈക്കിൽ നിന്നും ഇറങ്ങി അവിടെ നിന്നവരോട് ഓരോന്ന് സംസാരിച്ച് തുടങ്ങി.
ബസ് സ്റ്റോപ്പിന്റെ അവിടെ നിന്ന് കുറച്ച് നേരം കൂട്ടുകാരുമൊത്ത് സംസാരിച്ചുള്ള നിർത്ത അവർക്ക് മിക്ക ദിവസവും പതിവുള്ളതാണ്.
ലൈസൻസ് കിട്ടിയപ്പോൾ തന്നെ ദീപക് ആദ്യം ചെയ്തത് ഒരു സെക്കന്റ് ഹാൻഡ് പൾസർ ബൈക്ക് എടുക്കുകയായിരുന്നു. അതിനു ശേഷം ദീപക്കിന്റെയും ഉണ്ണിയുടെയും യാത്ര എപ്പോഴും അതിൽ തന്നെ ആയിരുന്നു.
വേഗതയിൽ നടന്ന് വരുകയായിരുന്ന കീർത്തന കണ്ടത് ബസ്റ്റോപ്പിൽ നിന്നും മുന്നോട്ടെടുക്കുന്ന ബസിനെയാണ്. ഈ ബസ് പോയാൽ വേറെ ബസ് അടുത്തൊന്നും വരില്ലെന്ന് അറിയാവുന്നതിനാൽ അവൾ രണ്ടാമതൊന്നും ചിന്തിക്കാതെ ബസിനു പിന്നാലെ ഓടി ഡോറിനരികിലെ കമ്പിയിൽ പിടിച്ച് ചാടി കയറാൻ നോക്കി. എന്നാൽ അവളുടെ കണക്ക് കൂട്ടലുകൾക്ക് വിപരീതമായി കമ്പിയിൽ നിന്നും കൈ തെന്നിമാറി അവൾ റോഡിലേക്ക് മലർന്ന് വീണു.
ഇതൊക്കെ കാണുന്നുണ്ടായിരുന്ന ദീപക് അവൾ ബസിനടിയിലേക്ക് വീണില്ലല്ലോ എന്ന് ആദ്യം ആശ്വസിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ ബൈക്കിന്റെ ഗ്ലാസിൽ കൂടി തന്റെ പിന്നിൽ പാഞ്ഞു വരുന്ന ബൈക്ക് അവന്റെ ശ്രദ്ധയിൽ പെട്ടു. ബൈക്കിന്റെ വരവ് കണ്ടപ്പോൾ തന്നെ ബസിന്റെ ഇടത് സൈഡിൽ കൂടി കയറാനുള്ള ശ്രമം ആണെന്ന് ദീപക്കിന് മനസ്സിൽ ആയി. അങ്ങനെയാണെങ്കിൽ കീർത്തനയെ ഉറപ്പായും ഇടിക്കും. ദീപക് പിന്നെ ഒന്നും ആലോചിക്കുവാൻ മെനക്കെട്ടില്ല തന്റെ ബൈക്ക് സെല്ഫ് അടിച്ച് സ്റ്റാർട്ട് ആക്കി പെട്ടെന്ന് തന്നെ പിന്നിൽ നിന്നും വരുന്ന ബൈക്കിനു കുറുകെ നിർത്തി. റോഡിൽ വീണു കിടക്കുകയായിരുന്ന കീർത്തന ഇതെല്ലം കാണുന്നുണ്ടായിരുന്നു. തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീഴുന്ന ദീപക്കിനെ നോക്കി അവിടെ കിടക്കുവാനെ അവൾക്ക് കഴിഞ്ഞുള്ളു.
.
.